വീട്ടമ്മയെ ലൈംഗികമായി ദുരുപയോഗം ചെയ്ത വികാരിമാര്‍ ഒളിവില്‍

Thursday 5 July 2018 3:00 am IST

പത്തനംതിട്ട: കുമ്പസാര രഹസ്യം ചൂഷണംചെയ്ത് വീട്ടമ്മയെ ലൈംഗികമായി ദുരുപയോഗം ചെയ്ത വികാരിമാര്‍ ഒളിവില്‍. വീട്ടമ്മയുടെ മൊഴി ക്രൈംബ്രാഞ്ച് അന്വേഷണസംഘം എടുക്കുകയും, മജിസ്‌ട്രേറ്റിനു മുന്നില്‍ വീട്ടമ്മ രഹസ്യമൊഴി നല്‍കുകയും ചെയ്തതോടെയാണ് അറസ്റ്റ് ഒഴിവാക്കാനായി വികാരിമാര്‍ നാലുപേരും ഒളിവില്‍ പോയത്. ഇവരില്‍ എബ്രഹാം വര്‍ഗീസ്, ജോബ് മാത്യു, ജയ്‌സ് കെ ജോര്‍ജ് എന്നിവര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

വികാരിമാര്‍ ലൈംഗികമായി ഉപയോഗിച്ചു എന്ന് സ്ഥിരീകരിക്കുന്ന മൊഴിയാണ് വീട്ടമ്മ നല്‍കിയതെന്നാണ് സൂചന. വീട്ടമ്മയെ പീഡിപ്പിച്ച കേസ് സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ തിരുവല്ലയില്‍ ഇന്നലെ യോഗം ചേര്‍ന്നു. പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ തീരുമാനം ഉണ്ടാകുന്നതുവരെ അറസ്റ്റ് ഒഴിവാക്കാനും പരമാവധി തെളിവുകള്‍ ശേഖരിക്കാനും യോഗത്തില്‍ ധാരണയായതാണ് സൂചന.

ഇതിനിടയില്‍ ഓര്‍ത്തഡോക്‌സ് സഭയിലെ മറ്റൊരു വികാരിക്കുനേരെ പ്രവാസി നല്‍കിയ പീഡനപരാതി സഭാനേതൃത്വം തന്നെ ഒതുക്കിയെന്ന ആക്ഷേപം പുറത്തുവന്നു. സഭാ മാനേജിംഗ് കമ്മറ്റി അംഗമായ ഫാ. മാത്യൂസ് വാഴക്കുന്നം തന്നെ ഇത്തരം ഒരു പരാതി സഭാനേതൃത്വം ഒതുക്കിയെന്ന ആക്ഷേപം ശരിവയ്ക്കുന്നു. ചിറ്റാര്‍ സ്വദേശിയായ പ്രവാസി യുവാവാണ് തന്റെ വീട്ടില്‍ ഓര്‍ത്തഡോക്‌സ് പള്ളിവികാരി നിത്യസന്ദര്‍ശകനാണെന്നും ഇത് തന്റെ കുടുംബജീവിതം താളംതെറ്റിക്കുന്നു എന്നും നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ജോഷ്വാ മാര്‍ നിക്കോദിമോസിന് കഴിഞ്ഞമാസം ആദ്യം പരാതി നല്‍കിയത്.

ഇതേത്തുടര്‍ന്ന് വികാരിയെ സസ്‌പെന്റ് ചെയ്തിരുന്നു. അതേസമയം പരാതിക്കാരനില്‍ സമ്മര്‍ദ്ദം ചെലുത്തി പരാതി പിന്‍വലിപ്പിക്കുകയും ചെയ്തു. സഭയുടെ ആശ്രമത്തിലെ അവിവാഹിതനായവികാരിയാണ് ആരോപണവിധേയനെന്നും അറിയുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.