ഇന്ത്യക്ക് ജയത്തുടക്കം

Thursday 5 July 2018 3:02 am IST

മാഞ്ചസ്റ്റര്‍: കുല്‍ദീപ് യാദവിന്റെ അഞ്ച് വിക്കറ്റും ലോകേഷ് രാഹുലിന്റെ സെഞ്ചുറി (101*) പ്രകടനവും ഒത്തുചേര്‍ന്നപ്പോള്‍ ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കം. മൂന്ന് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയിലെ ആദ്യ കളിയില്‍ എട്ട് വിക്കറ്റിന്റെ ആധികാരിക വിജയമാണ് കോഹ്‌ലിയും കൂട്ടരും സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 8 വിക്കറ്റിന് 159 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 10 പന്തുകളും എട്ടുവിക്കറ്റും ബാക്കിനിര്‍ത്തി 163 റണ്‍സെടുത്ത് വിജയം കരസ്ഥമാക്കുകയായിരുന്നു. ജയത്തോടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.

ടോസ് നേടി ബൗളിങ്ങ് തെരഞ്ഞെടുത്ത ഇന്ത്യ കുല്‍ദീപ് യാദവിന്റെ തകര്‍പ്പന്‍ ബൗളിങ്ങിന്റെ കരുത്തിലാണ് ഇംഗ്ലണ്ടിനെ 159-ല്‍ ഒതുക്കിയത്. കരിയറിലെ മികച്ച പ്രകടനം നടത്തിയ കുല്‍ദീപ് നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങിയാണ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. ജാസണ്‍ റോയിയും (30), ജോസ് ബട്ട്‌ലറും (69) ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 50 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ റോയിയെ ഉമേഷ് യാദവ് പുറത്താക്കിയശേഷം ഇംഗ്ലണ്ട് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. ഒരു ഘട്ടത്തില്‍ ഒന്നിന് 95 എന്ന നിലയില്‍ നിന്ന് 6ന് 117 എന്ന നിലയിലേക്കാണ് തകര്‍ന്നത്. ഓപ്പണര്‍മാര്‍ക്ക് പുറമെ 15 പന്തില്‍ നിന്ന് പുറത്താകാതെ 29 റണ്‍സെടുത്ത ഡേവിഡ് വില്ലി മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കടന്ന ബാറ്റ്‌സ്മാന്‍. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ ധവാനെ (4) നഷ്ടമായെങ്കിലും രാഹുലും രോഹിതും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ടുനയിച്ചു. 71 പന്തില്‍ നിന്ന് 123 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. രോഹിത് 32 റണ്‍സെടുത്ത് പുറത്തായെങ്കിലും വിരാട് കോഹ്‌ലിയെ (20) കൂട്ടുപിടിച്ച് രാഹുല്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.  53 പന്തില്‍ 10 ഫോറും അഞ്ച് സിക്‌സും അടങ്ങുന്നതായിരുന്നു രാഹുലിന്റെ അപരാജിത സെഞ്ചുറി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.