ഇന്ന് കളിയില്ല, ക്വാര്‍ട്ടര്‍ നാളെ മുതല്‍

Thursday 5 July 2018 3:03 am IST

മോസ്‌കോ: റഷ്യന്‍ ലോകകപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. ഇനി കുട്ടിക്കിഴിക്കലുകളുടെ നാളുകള്‍. കാല്‍പ്പന്തുകളിയുടെ പുതിയ ലോക ചാമ്പ്യന്മാരെ നിര്‍ണയിക്കാന്‍ അവശേഷിക്കുന്നത് ഏഴ് കളികള്‍ മാത്രം. നാല് ക്വാര്‍ട്ടര്‍ഫൈനല്‍, രണ്ട് സെമിഫൈനല്‍, പിന്നെ ഒരു ഫൈനലും. ജൂലൈ 15ന് മോസ്‌കോയിലെ ലുഷ്‌നികി സ്‌റ്റേഡിയത്തില്‍  ഇന്ത്യന്‍ സമയം രാത്രി 8.30ന് കലാശപ്പോരാട്ടം.

പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ അവസാനിച്ചതോടെ ക്വാര്‍ട്ടര്‍ ലൈനപ്പായി. ബ്രസീല്‍, ഉറുഗ്വെ, ഫ്രാന്‍സ്, ഇംഗ്ലണ്ട്, ബെല്‍ജിയം, ക്രൊയേഷ്യ, സ്വീഡന്‍, ആതിഥേയരായ റഷ്യ എന്നീ ടീമുകളാണ് അവസാന എട്ടില്‍ ഇടം നേടിയത്. അര്‍ജന്റീനയുടെയും പോര്‍ച്ചുഗലിന്റെയും സ്‌പെയിനിന്റെയും പുറത്താകലാണ് പ്രീ ക്വാര്‍ട്ടറിലെ വമ്പന്‍ സംഭവങ്ങള്‍. അര്‍ജന്റീന ഫ്രാന്‍സിനോടും പോര്‍ച്ചുഗല്‍ ഉറുഗ്വെയോടും തോറ്റാണ് പുറത്തായതെങ്കില്‍ സ്‌പെയിനിന് പുറത്തേക്കുള്ള വഴി തുറന്നത് ആതിഥേയരായ റഷ്യയായിരുന്നു. സ്‌പെയിന്‍-റഷ്യ, ക്രൊയേഷ്യ-ഡെന്മാര്‍ക്ക്, ഇംഗ്ലണ്ട്-കൊളംബിയ മത്സരങ്ങള്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് തീരുമാനമായത്. പ്രീ ക്വാര്‍ട്ടര്‍ വരെയുള്ള 56 കളികള്‍ അവസാനിച്ചപ്പോള്‍ 146 ഗോളുകളാണ് പിറന്നത്. ആറ് ഗോളുകളുമായി ഇംഗ്ലീഷ് നായകന്‍ ഹാരി കെയ്ന്‍ സ്വര്‍ണ്ണപാദുകം ലക്ഷ്യമാക്കി കുതിക്കുന്നു.

ഇന്ന് കളിയില്ല. ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കം. ക്വാര്‍ട്ടറിലെ ഏറ്റവും ആവേശകരമാകുമെന്ന് കരുതുന്ന ആദ്യ മത്സരത്തില്‍ രണ്ട് മുന്‍ ലോക ചാമ്പ്യന്മാരാണ് എത്തുന്നത്. ലാറ്റിനമേരിക്കന്‍ കരുത്തരായ ഉറുഗ്വെയ്ക്ക് എതിരാളികള്‍ അര്‍ജന്റീനയെ കെട്ടുകെട്ടിച്ചെത്തുന്ന ഫ്രാന്‍സ്. നാളെ രാത്രി 7.30ന് നൊവ്‌ഗൊരോദിലെ നിഷ്‌നി സ്‌റ്റേഡിയത്തിലാണ് ഈ ഹൈവോള്‍ട്ട് കളി. രാത്രി 11.30ന് നടക്കുന്ന കൡയില്‍ ബ്രസീലിന് എതിരാളികള്‍ ബെല്‍ജിയം. കസാന്‍ അരീനയിലാണ് ഈ മത്സരം. 7ന് രാത്രി 7.30ന് സമാറ അരീനയില്‍ ആദ്യ കളിയില്‍ സ്വീഡന്‍ ഇംഗ്ലണ്ടുമായും രാത്രി 11.30ന് സോചിയിലെ ഫിഷ്ട് സ്‌റ്റേഡിയത്തില്‍ ആതിഥേയരായ റഷ്യ ക്രൊയേഷ്യയുമായും ഏറ്റുമുട്ടും. 10,11 തീയതികളിലാണ് സെമിഫൈനല്‍ മത്സരങ്ങള്‍. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.