'ഡോ. മുഖര്‍ജിയെ ഓര്‍ത്തുകൊണ്ട് ' ജെഎന്‍യു നല്ലകുട്ടിയായി

Thursday 5 July 2018 3:07 am IST
അന്വേഷണം അനിവാര്യമായിരിക്കുന്നു. ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ അറസ്റ്റിനെതിരെ നെഹ്രു എന്തുകൊണ്ട് നടപടിയെടുത്തില്ല?, കശ്മീരില്‍ അവധിയാഘോഷിച്ചുകൊണ്ടിരുന്നിട്ടും നെഹ്രു എന്തുകൊണ്ട് മുഖര്‍ജിയെ സന്ദര്‍ശിച്ചില്ല?, മരണത്തേക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖര്‍ജിയുടെ അമ്മ നല്‍കിയ കത്ത് നെഹ്രു എന്തുകൊണ്ട് അവഗണിച്ചു?, ഡോ. മുഖര്‍ജിയുടെ അവസാനത്തെ ഡയറി എവിടെപ്പോയി? സത്യങ്ങള്‍ അറിയാന്‍ ഇന്ത്യയുടെ സുരക്ഷ ആഗ്രഹിക്കുന്നവര്‍ക്ക് അവകാശമുണ്ട്.

ദല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലാ കാമ്പസില്‍ കഴിഞ്ഞ ദിവസം ഒരു അത്ഭുതം സംഭവിച്ചു. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍കൊണ്ടു മുഖരിതമാകാറുള്ള ആ കാമ്പസില്‍ ദേശീയ വികാരം തുടിക്കുന്ന ശബ്ദം മുഴങ്ങി. ജനസംഘ സ്ഥാപകനായ ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ ഓര്‍മപുതുക്കലിന് ചരിത്രത്തിലാദ്യമായി അവിടെ വേദിയൊരുങ്ങി. ദേശീയ വികാരത്തിന്റെ ആള്‍രൂപവും മികച്ച അക്കാദമിക് വിദഗ്ധനുമായി അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. പരമവീര ചക്രം നേടിയ 21 വീര സൈനികരുടെ ചിത്രത്തിനു മുന്നില്‍ ആദരത്തിന്റെ പൂക്കള്‍ അര്‍പ്പിച്ചുകൊണ്ടായിരുന്നു തുടക്കം. സാധാരണ അവിടെ, ഇന്ത്യന്‍ സേനയെ പുച്ഛിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന മുദ്രാവാക്യങ്ങളും പ്രസംഗങ്ങളുമാണല്ലോ പതിവ്. അനുസ്മരണച്ചടങ്ങില്‍ ഡോ. ജിതേന്ദ്രസിങ്, ലഫ്.ജനറല്‍(റിട്ട.) അത്താ ഹസ്നായിന്‍ എന്നിവരായിരുന്നു മുഖ്യ പ്രഭാഷകര്‍.

ഡോ. മുഖര്‍ജിയുടെ കടുത്ത രാഷ്ട്രീയ എതിരാളിയായിരുന്നല്ലോ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു. അതുകൊണ്ടു തന്നെ ഇതിനു പ്രത്യേക പ്രാധാന്യമുണ്ടായിരുന്നു. 1953ല്‍ കശ്മീര്‍ ജയിലില്‍ വച്ച് അദ്ദേഹത്തെ വധിക്കാന്‍ ഷെയ്ക്ക് അബ്ദുളളയുമായി നെഹ്റു ഒത്തു കളിച്ചെന്ന് അടല്‍ ബിഹാരി വാജ്പേയി ആരോപിച്ചിരുന്നു. തന്റെ മന്ത്രി സഭയിലെ അംഗമായിരുന്നിട്ടും, അര്‍ഹിച്ച അംഗീകാരം മുഖര്‍ജിക്കു കിട്ടാതിരിക്കാന്‍ നെഹ്റു പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തിരുന്നു. പിന്നെയല്ലേ അദ്ദേഹത്തേക്കുറിച്ചു ചര്‍ച്ചയോ സെമിനാറോ നടത്തുന്ന കാര്യം!. അതും നെഹ്റു കുടുംബത്തിനു നിയന്ത്രണമുള്ളൊരിടത്തുവച്ച്. പാര്‍ലമന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടക്കാറുള്ള മുഖര്‍ജി അനുസ്മരണത്തില്‍ കോണ്‍ഗ്രസ് നേതാക്കളാരും പങ്കെടുക്കാറുമില്ല. ഇത്തവണത്തെ അനുസ്മരണത്തിന് ഒരു പത്യേകതയുണ്ടായിരുന്നു. പ്രസംഗകരില്‍ അധികവും അദ്ദേഹത്തിന്റെ അക്കാദമിക് മികവിന്റെ ഉന്നത നിലവാരത്തേക്കുറിച്ചാണു സംസാരിച്ചത്. 

പ്രമുഖ സര്‍വകലാശാലകളിലെ ബിരുദദാനച്ചടങ്ങുകളിലെ ശ്രദ്ധേയമായ പ്രസംഗങ്ങളും എടുത്തുകാണിക്കപ്പെട്ടു. 1952ല്‍ ദല്‍ഹി സര്‍വകലാശാലയിലായിരുന്നു ആ പരമ്പരയിലെ അവസാന പ്രസംഗം. രാഷ്ട്രീയ രംഗത്തെ പ്രവര്‍ത്തനത്തിന്റെ പശിചാത്തലത്തില്‍ മിക്കവരും വിസ്മരിച്ചതായിരുന്നു മുഖര്‍ജിയുടെ അക്കാദമിക് മികവ്. അതാണ് അവിടെ ചര്‍ച്ചാവിഷയമായതും. 23-ാം വയസ്സില്‍ കൊല്‍ക്കത്ത സര്‍വകലാശാലാ സെനറ്റ് ഫെലോ ആയ അദ്ദേഹം 26-ാം വയസ്സില്‍ ബാരിസ്റ്ററായി. 28-ാം വയസ്സില്‍ സര്‍വകലാശാലാ മണ്ഡലത്തില്‍ നിന്ന് എംഎല്‍എയായി. 33-ാം വയസ്സില്‍ അവിടെത്തന്നെ വൈസ്ചാന്‍സലറായി. 

ജെഎന്‍യു വൈസ് ചാന്‍സലര്‍ പ്രഫ. ജഗദേഷ് കുമാറിന്റെ പ്രസംഗത്തിലെ ഒരു പരാമര്‍ശമാണു പക്ഷേ, മാധ്യമശ്രദ്ധ പിടിച്ചു പറ്റിയത്. ഡോ. മുഖര്‍ജിയും നെഹ്റുവുമായുള്ള അഭിപ്രായ വ്യത്യാസത്തേക്കുറിച്ചായിരുന്നു അതിലെ സൂചന. 'ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളില്‍ നിന്നു ശ്രദ്ധ തിരിക്കാന്‍ നെഹ്റു വര്‍ഗീയ പ്രശ്നം അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്നായിരുന്നു, 1951ല്‍ ലോക് സഭയിലെ പ്രസംഗത്തില്‍ മുഖര്‍ജിയുടെ ആരോപണം. ദാരിദ്ര്യ നിര്‍മാര്‍ജ്ജനം, ഭക്ഷ്യ ക്ഷാമം, ഭരണ പരാജയം, അഴിമതി, പാക്കിസ്ഥാനു മുന്നിലുള്ള കീഴടങ്ങല്‍ എന്നിവയ്ക്കു മറ പിടിക്കുകയാണു നെഹ്റു' എന്ന് അദ്ദേഹം തുറന്നടിച്ചതായി പ്രഫ. ജഗദേഷ് പറഞ്ഞു. ഇന്നും സംഭവിക്കുന്നത് അതൊക്കെയാണെന്നും വിസി പറഞ്ഞു. കരുത്തുറ്റ ഇന്ത്യയ്ക്കായി ഒരു വശത്തു പ്രയത്നം നടക്കുമ്പോള്‍ മറുവശത്ത് അതില്‍ നിന്നു ശ്രദ്ധ തിരിച്ചുവിടാന്‍ ഇന്ത്യയ്ക്ക് അകത്തുനിന്നും പുറത്തു നിന്നും വിഘടനവാദ ശക്തികള്‍ ശ്രമം നടത്തുന്നതായി അദ്ദേഹം പറഞ്ഞു.  

ഈയൊരു പരാമര്‍ശം ഒഴിച്ചാല്‍, മുഖര്‍ജിയെക്കുറിച്ചുള്ള അവിടത്തെ ചര്‍ച്ചയിലെ ഒരു ഭാഗത്തിലും മാധ്യമങ്ങള്‍ താത്പര്യം കാണിച്ചില്ല. ഇന്നത്തെ മാധ്യമ പ്രവര്‍ത്തനത്തിന്റെ മുഖം അവിടെ ശരിക്കും അനാവൃതമാവുകയും ചെയ്തു. ചോദ്യങ്ങള്‍ ഏറെ ഉയര്‍ന്നു. നെഹ്റുവിന്റെ പേരിലുള്ള  സര്‍വകലാശാലയിലെ വിസിക്ക് എങ്ങനെ നെഹ്റുവിന് എതിരെ സംസാരിക്കാന്‍ കഴിയും, അതും ശ്യാമ പ്രസാദിനെ ഉദ്ധരിച്ചുകൊണ്ട്? 

സത്യം പറഞ്ഞാല്‍ അതു പറഞ്ഞതിന് ആ വിസിയെ സല്യൂട്ട് ചെയ്യുകയാണു വേണ്ടത്. ദേശീയ വികാരമുള്ളവരുടെ ശബ്ദത്തെ ഞെരിക്കുകയും കശ്മീര്‍ വിഘടനവാദത്തിന്റെ ശബ്ദം പ്രോല്‍സാഹിപ്പിക്കുകയും ചെയ്തുപോന്ന ആ പഴഞ്ചന്‍ നെഹ്റുവിയന്‍ ചിന്താഗതിയുണ്ടല്ലോ, അതിനെതിരെ പറഞ്ഞതിന്. ഇപ്പോള്‍ ഉയരുന്ന ചോദ്യം ഇതാണ്- നെഹ്റുവിനെ വിമര്‍ശിക്കാന്‍ പാടില്ലേ? വ്യത്യസ്ത കോണില്‍ നിന്ന് അദ്ദേഹത്തെ കാണാന്‍ ശ്രമിച്ചാല്‍ എന്താണു കുഴപ്പം? അതിനെല്ലാം ഉപരിയായി നില്‍ക്കുന്ന പ്രവാചകനാണോ നെഹ്റു?  

കശ്മീരിനെ സ്വതന്ത്ര ഇന്ത്യയുടെ ഭാഗമായി നിര്‍ത്താന്‍ ഡോ. മുഖര്‍ജി പൊരുതുമ്പോള്‍ നെഹ്റു അതിനോട് എന്തു നിലപാടെടുത്തു എന്ന കാര്യം ആഴത്തില്‍ ചിന്തിക്കേണ്ട സമയമായി. പെര്‍മിറ്റ് കൂടാതെ കശ്മീരില്‍ പ്രവേശിക്കാന്‍ ഡോ. മുഖര്‍ജി തയ്യാറായത് നെഹ്രുവിന്റെ നിലപാടുകള്‍ക്ക് നേരേയുള്ള വെല്ലുവിളിയായിരുന്നു. ജമ്മുകശ്മീരിന്റെ ഇന്ത്യന്‍ അംഗത്വം നൂറു ശതമാനവും പൂര്‍ത്തിയായിക്കഴിഞ്ഞു എന്നു നെഹ്റു പ്രഖ്യാപിച്ചു കഴിഞ്ഞിട്ടും കശ്മീരിലേയ്ക്കു കടക്കാന്‍ പെര്‍മിറ്റ് എടുക്കണമെന്ന നിബന്ധന വിചിത്രമാണ്. കമ്യൂണിസ്റ്റുകള്‍ക്ക് ഈ പെര്‍മിറ്റ് യഥേഷ്ടം കിട്ടും. പക്ഷേ, ദേശീയ ഐക്യം ആഗ്രഹിക്കുന്നവര്‍ക്ക് നല്‍കുകയുമില്ല- മുഖര്‍ജി പറഞ്ഞു. 

 മുഹമ്മദലി ജിന്നയുടെ നേതൃത്വത്തില്‍ മുസ്ലിം ലീഗ് തീവ്രമത ചിന്തയുടെ പാതയിലേയ്ക്കു മാറിയപ്പോള്‍ ഹിന്ദു സമൂഹത്തിന്റെ ശബ്ദമായിരുന്നു ഡോ. മുഖര്‍ജി. എഴുത്തുകാരനുമായിരുന്ന അദ്ദേഹത്തിന്റെ പ്രസംഗത്തിലോ എഴുത്തിലോ ഒരിടത്തും മുസ്ലീം വിരുദ്ധതയുണ്ടായിരുന്നുമില്ല. ഇരുവിഭാഗങ്ങളുടേയും ഐക്യത്തിനു വേണ്ടിയാണദ്ദേഹം വാദിച്ചത്. 

കശ്മീരിലേയ്ക്കു പ്രവേശിച്ചതിന്റെ പേരിലാണ് അദ്ദേഹം അറസ്റ്റിലായതും കസ്റ്റഡിയില്‍ വച്ച് മരണമടഞ്ഞതും. അതിലൊരു ഗൂഢാലോചന ഒളിഞ്ഞിരിക്കുന്നതായി സാഹചര്യ തെളിവുകള്‍ സൂചിപ്പിക്കുന്നുണ്ട്. പെര്‍മിറ്റു നല്‍കാന്‍ അന്ന് അധികാരം ഇന്ത്യ ഗവണ്‍മെന്റിനായിരുന്നു. കശ്മീരിന് അതില്ല. എന്നിട്ടും, ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ അനുവാദത്തോടെ അങ്ങോട്ടു പോയ മുഖര്‍ജിയെ എന്തിനു കശ്മീരില്‍ അറസ്റ്റു ചെയ്തു? അതിനേക്കാള്‍ നിഗൂഢമാണ് നെഹ്റു ആ വിഷയത്തില്‍ ഇടപെട്ടതേ ഇല്ലെന്നത്. നെഹ്റു മന്ത്രിസഭയില്‍ അംഗമായിരുന്ന വ്യക്തിയാണ് മുഖര്‍ജി. ഒരു ദേശീയ പാര്‍ട്ടിയുടെ പ്രസിഡന്റുമായിരുന്നല്ലോ. 

അന്വേഷണം അനിവാര്യമായിരിക്കുന്നു. അറസ്റ്റിനെതിരെ നെഹ്രു എന്തുകൊണ്ടു നടപടിയെടുത്തില്ല?, കശ്മീരില്‍ അവധിയാഘോഷിച്ചുകൊണ്ടിരുന്നിട്ടും നെഹ്രു എന്തുകൊണ്ട്, മുഖര്‍ജിയെ സന്ദര്‍ശിച്ചില്ല?,  മരണത്തേക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖര്‍ജിയുടെ അമ്മ നല്‍കിയ കത്ത് നെഹ്റു എന്തുകൊണ്ട് അവഗണിച്ചു?, ഡോ. മുഖര്‍ജിയുടെ അവസാനത്തെ ഡയറി എവിടെപ്പോയി?, സത്യങ്ങള്‍ അറിയാന്‍ ഇന്ത്യയുടെ സുരക്ഷ ആഗ്രഹിക്കുന്നവര്‍ക്ക് അവകാശമുണ്ട്.

തരുൺ വിജയ്. (പാഞ്ചജന്യ മുന്‍ എഡിറ്ററും മുന്‍ എംപിയുമാണ് ലേഖകന്‍ )

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.