ദേവസ്വം ബോര്‍ഡ് കലണ്ടറില്‍ ശ്രീകൃഷ്ണ ജയന്തി ഇല്ല

Thursday 5 July 2018 3:09 am IST

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കലണ്ടറില്‍ ശ്രീകൃഷ്ണ ജയന്തി ദിവസം അടയാളപ്പെടുത്താത്തത് വിവാദമാകുന്നു. ഹൈന്ദവര്‍ ഏറെ വിശുദ്ധിയോടെ ആഘോഷിക്കുന്ന  അഷ്ടമിരോഹിണി നാളിലെ ശ്രീകൃഷ്ണ ജയന്തി ദിവസമാണ് കലണ്ടറില്‍ രേഖപ്പെടുത്താതെ പോയത്. അതേസമയം, ദേവസ്വം ബോര്‍ഡ് കലണ്ടറില്‍ അതേ മാസത്തിലെ തന്നെ മറ്റു മതസ്ഥരുടെ വിശേഷ ദിവസങ്ങളായ റംസാന്‍, മുഹറം തുടങ്ങിയവ രേഖപ്പെടുത്തിയിട്ടുണ്ടുതാനും.

  സപ്തംബര്‍ 2നാണ് ശ്രീകൃഷ്ണ ജയന്തി. ഈ ദിവസം ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഉള്‍പ്പടെ മിക്ക ഹൈന്ദവ ആരാധനാലയങ്ങളിലും ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കാറുണ്ട്. ശോഭായാത്ര, ഉറിയടി, പ്രത്യേക പൂജകള്‍, വിവിധ കലാപരിപാടികള്‍ തുടങ്ങി ഈ ദിവസം ക്ഷേത്ര പരിസരങ്ങളില്‍ ഉത്സവ പ്രതീതിയാണ് സൃഷ്ടിക്കാറുള്ളത്. സപ്തംബര്‍ 2ന് അവധി ദിവസമായ ഞായറാഴ്ച്ചയായതിനാല്‍ കലണ്ടറിലെ രണ്ട് എന്ന അക്കത്തിനും ചുവപ്പുനിറമാണ് നല്‍കിയിരിക്കുന്നതെങ്കിലും ശ്രീകൃഷ്ണ ജയന്തി എന്ന് രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഏപ്രില്‍ ഒന്ന് ഞായറാഴ്ച്ചയായിട്ടും ഈസ്റ്റര്‍ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

ഹൈന്ദവവിശേഷ ദിവസമായതിനാല്‍ ഈ ദിവസത്തെ അപ്രസക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇടതു സര്‍ക്കാര്‍ നിയന്ത്രിക്കുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ കലണ്ടറില്‍ ബോധപൂര്‍വ്വം ശ്രീകൃഷ്ണ ജയന്തി ദിവസം ഒഴുവാക്കിയതെന്ന ആക്ഷേപവുമുണ്ട്. തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ കീഴില്‍ വരുന്ന ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ പേരില്‍ 2016ല്‍ പുറത്തിറങ്ങിയ കലണ്ടറിലും നടതുറക്കുന്ന ദിവസം തെറ്റായി അച്ചടിച്ചതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

ചിത്തിര ആട്ടവിശേഷത്തിനായി 2016 ഒക്‌ടോബര്‍ 29ന് വൈകിട്ട് 5ന് നട തുറന്ന് 30ന് രാത്രി 10ന് അടയ്ക്കുമെന്നാണ് ദേവസ്വം കലണ്ടറില്‍ തെറ്റായി ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ 28ന് വൈകിട്ട് 5ന് തുറന്ന് 29ന് ചിത്തിര ആട്ട വിശേഷ പൂജകള്‍ പൂര്‍ത്തിയാക്കി രാത്രി 10ന് നട അടച്ചു. ദേവസ്വം ബോര്‍ഡ് കലണ്ടര്‍ നോക്കി ദര്‍ശനത്തിനെത്തിയ ഇതര സംസ്ഥാനക്കാരായ തീര്‍ത്ഥാടകര്‍ക്ക് ഉള്‍പ്പെടെ ദര്‍ശനം ലഭിക്കാത്ത അവസ്ഥയുണ്ടായി. വിഷയം വിവാദമായതിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ കലണ്ടറില്‍ തിരുത്തു കൊടുത്ത് അന്ന് ദേവസ്വം ബോര്‍ഡ് തടിതപ്പിയിരുന്നു.

എസ്.ജെ. ഭൃഗുരാമന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.