അഭിമന്യുവല്ല അധികാരമാണ് സിപിഎമ്മിന് വലുത്

Thursday 5 July 2018 3:09 am IST

തിരുവനന്തപുരം: മഹാരാജാസ് കോളേജില്‍ ക്യാമ്പസ് ഫ്രണ്ട് തീവ്രവാദികള്‍ കുത്തിക്കൊന്ന എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ ചിതയണയുംമുന്‍പ്  എസ്ഡിപിഐയുമായി കൈകോര്‍ത്ത് ഇടതുമുന്നണി.   ഉന്നത നേതാക്കളുടെ അറിവോടെയുള്ള  ബന്ധം സമൂഹമാധ്യമങ്ങളിലും ചര്‍ച്ചാ വിഷയമായി. എസ്ഡിപിഐയുടെ വിദ്യാര്‍ഥി വിഭാഗമാണ് ക്യാമ്പസ് ഫ്രണ്ട്.  വെമ്പായം പഞ്ചായത്തിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് എല്‍ഡിഎഫും എസ്ഡിപിഐയും കൈകോര്‍ത്തത്. അധികാരം ലഭിച്ചതോടെ സിപിഎം അഭിമന്യുവിന്റെ മരണം മറന്ന്  ആഹ്ലാദത്തിലായി. മുസ്ലിം സ്ഥാനാര്‍ഥിയെ നിര്‍ത്തണം എന്നതുമാത്രമായിരുന്നു എസ്ഡിപിഐ ആവശ്യം. അത് അംഗീകരിച്ച് സിപിഐയിലെ സീനത്ത് ബീവിയെ സ്ഥാനാര്‍ഥിയാക്കി.

സിപിഐയുമായുള്ള ധാരണയില്‍ പഞ്ചായത്ത് പ്രസിഡന്റ് ആയ സിപിഎമ്മിലെ എ.ഷീലജ രാജിവച്ചതിനെ തുടര്‍ന്നാണു തെരഞ്ഞെടുപ്പ്.   21 അംഗ പഞ്ചായത്ത് സമിതിയില്‍ ഇടതുമുന്നണിയില്‍ സിപിഎമ്മിന് ആറും സിപിഐക്കു മൂന്നും അംഗങ്ങളുണ്ട്. കൂടാതെ ഒരു ഇടതു സ്വതന്ത്രനും. ഇവര്‍  ചേര്‍ന്ന് പത്തംഗങ്ങളുടെയും എസ്ഡിപിഐയുടെ  ഒരംഗത്തിന്റെയും വോട്ടും  സീനത്തിന് ലഭിച്ചു.  പ്രതിപക്ഷത്ത് കോണ്‍ഗ്രസിന് വേണ്ടി മത്സരിച്ച തേക്കട അനിക്ക് എട്ട് വോട്ടു ലഭിച്ചു. ബിജെപിയിലെ രണ്ടംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നു.

 അട്ടിമറി  നടത്താന്‍ കോണ്‍ഗ്രസ് ശ്രമിച്ചെങ്കിലും  ഫലം കണ്ടില്ല. എല്‍ഡിഎഫില്‍ ചാഞ്ചാടി നിന്ന സ്വതന്ത്രനെ കയ്യിലെടുത്ത് ഭരണം നടത്താമെന്നായിരുന്നു കോണ്‍ഗ്രസ്സിന്റെ കണക്കുകൂട്ടല്‍. ഇതിനിടെ എസ്ഡിപിഐയിലെ ഉന്നത നേതാക്കളുമായി ചര്‍ച്ച നടത്തി ഒരംഗത്തിന്റെ പിന്തുണ  ഇടതുമുന്നണി ഉറപ്പിച്ചിരുന്നു.

എസ്എഫ്‌ഐ നേതാവിന്റെ ചോരവീണിട്ടും എസ്ഡിപിഐയുമായി കൈകോര്‍ത്ത് ഇസ്ലാമിക ഭീകരതയെ എതിര്‍ക്കാന്‍ മടിച്ച ഇടതുനേതൃത്വത്തിനെതിരെ യുവജന പ്രവര്‍ത്തകര്‍ക്കിടയില്‍ അതൃപ്തി രൂക്ഷമാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് കന്യാകുളങ്ങര, മംഗലപുരം പ്രദേശങ്ങളില്‍ സംഘര്‍ഷങ്ങളുമുണ്ടായി. സഹപ്രവര്‍ത്തകന്റെ ജീവനെടുത്ത വര്‍ഗീയ പാര്‍ട്ടിയുടെ പിന്തുണ നേടി വിജയാഘോഷം നടത്തിയ ഇടതുമുന്നണിയിലെ വര്‍ഗീയമുഖം ജനാധിപത്യ വിശ്വാസികള്‍ തിരിച്ചറിയണമെന്ന് ബിജെപി അംഗം ബി.എസ്. പ്രസാദ് പറഞ്ഞു.

സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.