സുനന്ദ കേസ്: ശശി തരൂരിന് ഇടക്കാല ജാമ്യം, രാജ്യം വിട്ടുപോകരുത്

Thursday 5 July 2018 10:32 am IST
രാജ്യം വിട്ടുപോകരുതെന്നും രാജ്യത്തിന് പുറത്ത് പോകണമെങ്കില്‍ മുന്‍കൂര്‍ അനുമതി തേടണമെന്നും കോടതി അറിയിച്ചു.

 

ന്യൂദല്‍ഹി: സുനന്ദ പുഷ്‌കറിന്റെ ദൂരൂഹമരണവുമായി ബന്ധപ്പെട്ട കേസില്‍  ഭര്‍ത്താവും കോണ്‍ഗ്രസ് എംപിയുമായ ശശി തരൂരിന് ഇടക്കാല ജാമ്യം. ഒരു ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ദല്‍ഹി പട്യാലഹൗസ് കോടതി ജാമ്യം അനുവദിച്ചത്. രാജ്യം വിട്ടുപോകരുതെന്നും രാജ്യത്തിന് പുറത്ത് പോകണമെങ്കില്‍ മുന്‍കൂര്‍ അനുമതി തേടണമെന്നും കോടതി അറിയിച്ചു. 

ഉന്നതങ്ങളില്‍ സ്വാധീനമുള്ള ശശി തരൂരിനു ജാമ്യം നല്‍കിയാല്‍ രാജ്യംവിട്ടുപോകാനുള്ള സാധ്യതയുണ്ടെന്ന് സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്തവ ചൂണ്ടിക്കാട്ടി. വിദേശത്തേക്ക് ഉള്‍പ്പെടെ നിരന്തരം യാത്രചെയ്യുന്ന ശശി തരൂര്‍ ഈ പഴുതുപയോഗിച്ചു രാജ്യം വിട്ടേക്കാം. ചില പ്രധാന സാക്ഷികള്‍ ഇപ്പോഴും തരൂരിനൊപ്പമാണു ജോലിചെയ്യുന്നതെന്നും ഇവരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു. 

തരൂരിനെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. സുനന്ദയുടെ കേസുമായി ബന്ധപ്പെട്ട് അടുത്ത ദിവസം ദല്‍ഹി കോടതിയില്‍ ഹാജരാകാനിരിക്കെയാണ് ജാമ്യം കിട്ടിയിരിക്കുന്നത്. ഈ മാസം ഏഴിന് വിചാരണ കോടതിയില്‍ ഹാജരാകാനാണ് തരൂരിനോട് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

2014 ജനുവരി 17-നാണ് സുനന്ദയെ ദല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ പ്രേരണയാണ് തരൂരില്‍ ചുമത്തിയിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.