അഭിമന്യുവിന്റെ കൊലപാതകം; കൈവെട്ട് കേസ് പ്രതികളിലേക്കും അന്വേഷണം

Thursday 5 July 2018 11:29 am IST
കൈവെട്ട് കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ പ്രതികള്‍ ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണ സംഘം പരിശോധിക്കും.

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യൂവിന്റെ കൊലപാതകത്തില്‍ തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതികള്‍ക്ക് ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നു. എന്‍ഐഎ യാണ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തുന്നത്.

കൈവെട്ട് കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ പ്രതികള്‍ ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണ സംഘം പരിശോധിക്കും. ന്യൂമാന്‍ കോളേജ് അധ്യാപകനായ പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടിയതിന്റെ എട്ടാം വാര്‍ഷികമായിരുന്നു ജൂലായ് നാല്.

അഭിമന്യൂവിനെ ആക്രമിച്ച പ്രതികള്‍ താമസിച്ച എറണാകുളം നോര്‍ത്ത് എസ്.ആര്‍.എം. റോഡിലെ ഹോസ്റ്റല്‍ കൈവെട്ട് കേസിലെ ഒരു പ്രതി ഏര്‍പ്പാടാക്കി കൊടുത്തതാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഗൂഢാലോചന നടന്നത് ഇവിടെയാണോ എന്നും പോലിസ് അന്വേഷിക്കുന്നുണ്ട്.

അഭിമന്യുവിന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ പോലീസ് കരുതല്‍ തടങ്കലില്‍ വച്ചിട്ടുണ്ട്. എസ്ഡിപിഐ, ക്യാമ്പസ് ഫ്രണ്ട്, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് എല്ലാവരും. കേസില്‍ ഇന്നലെ ഒരാള്‍ കൂടി അറസ്റ്റിലായിരുന്നു. നെട്ടൂര്‍ സ്വദേശിയും എസ്ഡിപിഐ പ്രവര്‍ത്തകനുമായ സെയ്ഫുദ്ദീനാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. അറസ്റ്റിലായവരെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് നല്‍കിയ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും.

അഭിമന്യുവിന്റെ കൊലപാതകത്തില്‍ ഗൂഢാലോചന ഉള്ളതായും പൊലീസ് സംശയിക്കുന്നുണ്ട്. കൊല്ലണമെന്ന ഉദ്ദേശത്തിലാണ് കുത്തിയതെന്ന് മുറിവിന്റെ സ്വഭാവം വ്യക്തമാക്കുന്നതായി പൊലീസ് പറഞ്ഞു. ഒരു പ്രൊഫഷണല്‍ സംഘത്തിനു മാത്രമെ ഇത്തരത്തില്‍ കുത്താന്‍ കഴിയുകയുള്ളു എന്ന് ഡിജിപി പറഞ്ഞിരുന്നു. മുഖ്യപ്രതികളെ പിടികൂടിയാലേ ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.