കോൺഗ്രസിൻ്റെ ശത്രുക്കൾ കോൺഗ്രസുകാർ തന്നെ; തുറന്നടിച്ച് ആൻ്റണി

Thursday 5 July 2018 12:28 pm IST

തിരുവനന്തപുരം: കോൺഗ്രസിൻ്റെ ശത്രുക്കൾ കോൺഗ്രസുകാർ തന്നെയാണെന്ന് മുതിർന്ന നേതാവ് എ.കെ ആൻ്റണി. പരസ്പരം കലഹിക്കുന്ന യാദവ കുലം പോലെയാണ് ഇപ്പോഴത്തെ പാർട്ടിയുടെ അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത്​ ലീഡര്‍ ജന്മശതാബ്ദി ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു ആന്‍റണി.

നേതാക്കളുടെ പരസ്യ പ്രസ്​താവനാ യുദ്ധം പാര്‍ട്ടിയെ തകര്‍ക്കുകയാണ്​. കോണ്‍ഗ്രസിന്റെ ശത്രുക്കള്‍ കോണ്‍ഗ്രസുകാര്‍ തന്നെയാണ്​. 67ലേതിനേക്കാള്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ കടന്നു പോകുന്നതെന്നും ആന്‍റണി തുറന്നടിച്ചു. 

കരുണാക​ൻ്റെ കാലത്ത് പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ വരുമ്പോൾ ഗ്രൂപ്പിസം ഇല്ലാതാകുമായിരുന്നു. എന്നാൽ ഇന്നത്തെ സ്ഥിതി മറിച്ചാണ്, ഇപ്പോൾ കോൺഗ്രസിൽ കലാപമാണുള്ളത്.  ചെങ്ങന്നൂരില്‍ നിന്ന് പാഠം പഠിക്കണം. ഇല്ലെങ്കില്‍ കോണ്‍ഗ്രസിനെ തകര്‍ത്തവരാണ് ഇന്നത്തെ നേതാക്കളെന്ന് അടുത്ത തലമുറ പറയേണ്ടിവരും.  ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് സമയത്ത് കരുണാകരനുണ്ടായിരുന്നേൽ തന്ത്രങ്ങൾക്ക് മറുതന്ത്രം തയ്യാറാക്കിയേനെ എന്നും അദ്ദേഹം പറഞ്ഞു. 

നേതാക്കള്‍ക്ക്​ സ്വയം നിയന്ത്രണം വേണം. പാര്‍ട്ടി യോഗങ്ങള്‍ ഇന്നത്തെ പോലെ ആകരുത് . വിശദമായ ചര്‍ച്ച പാര്‍ട്ടി യോഗങ്ങളില്‍ നടക്കണം. നേതാക്കള്‍ യോഗത്തില്‍ പൂര്‍ണമായി പങ്കെടുക്കണം. കെ കരുണാകരന്‍ പാര്‍ട്ടി യോഗങ്ങളില്‍ നിന്ന് ഇടക്ക് ഇറങ്ങി പോകാറില്ല എന്നും ആന്‍റണി വ്യക്​തമാക്കി.

പാര്‍ട്ടി തീരുമാനമെടുത്താല്‍ അതായിരിക്കണം പാര്‍ട്ടി നയം. മുന്നണിയില്‍ പാര്‍ട്ടിക്ക് ഒരേ നിലപാടേ പാടുള്ളൂ എന്നു പറഞ്ഞ ആന്‍റണി കൊച്ചി വിമാനത്താവളത്തിന് കെ. കരുണാകരന്റെ പേര് നല്‍കി നിയമസഭ പ്രമേയം പാസാക്കണം എന്നും ആവശ്യപ്പെട്ടു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.