മഹേഷ് വധം:പതിനൊന്ന് പ്രതികള്‍ക്ക് ജീവപര്യന്തം

Thursday 5 July 2018 12:54 pm IST
2008 മാര്‍ച്ച് 6നായിരുന്നു കേസിനാസ്പദമായ സംഭവം. തലശ്ശേരിയില്‍ ആര്‍എസ്എസ് നേതാവ് എം.പി.സുമേഷിന് വെട്ടേറ്റതിനെത്തുടര്‍ന്നുണ്ടായ അക്രമപരമ്പരയുടെ ഭാഗമായി നടന്ന ഹര്‍ത്താല്‍ ദിനത്തിലാണ് മഹേഷ് ചിറ്റാരിപ്പറമ്പ് കൊല്ലപ്പെട്ടത്.

തലശ്ശേരി: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ചിറ്റാരിപ്പറമ്പ് മഹേഷ് വധക്കേസില്‍ സിപിഎമ്മുകാരായ പതിനൊന്ന് പ്രതികള്‍ക്കും ജീവപര്യന്തം. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. 2008 മാര്‍ച്ച് ആറിനാണ് മഹേഷിനെ സിപിഎമ്മുകാര്‍ വെട്ടിക്കൊലപ്പെടുത്തിയത്.

സിപിഎം പ്രവര്‍ത്തകരായ പൈങ്ങോളി രമേശ്, ഓണിയന്‍ ബാബു, നെല്ലിക്ക ഉത്തമന്‍, ചെമ്മേരി പ്രകാശന്‍, മണോളി ഉമേഷ്, വാഴവളപ്പില്‍ രഞ്ജിത്ത്, നെല്ലിക്ക മുകേഷ്, കാരാട്ട് പുരുഷോത്തമന്‍, ചിരുകണ്ടോത്ത് സുനീഷ്, മണപ്പാട്ടി സൂരജ്, വയലേരി ഷിജു എന്നിവര്‍ക്കാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.

കൂടാതെ സ്ഫോടക വസ്തു നിരോധന നിയമ പ്രകാരം പ്രതികള്‍ക്ക് പത്ത് വര്‍ഷം വീതം തടവും വിധിച്ചിട്ടുണ്ട്. ശിക്ഷക്കൊപ്പം അമ്പതിനായിരം രൂപ പിഴയും കോടതി വിധിച്ചു. പിഴത്തുകയില്‍ മൂന്ന് ലക്ഷം രൂപ കൊല്ലപ്പെട്ട മഹേഷിന്റെ കുടുംബത്തിന് നല്‍കണം. 18 സാക്ഷികളെ പ്രൊസിക്യൂഷന്‍ ഭാഗം വിസ്തരിച്ചു. 27 രേഖകളും പ്രതികള്‍ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളുള്‍പ്പെടെ 9 തൊണ്ടി മുതലുകളും കോടതി മുമ്പാകെ ഹാജരാക്കി. 

2008 മാര്‍ച്ച് ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിപിഎം പ്രവര്‍ത്തകനായിരുന്ന മഹേഷ് പാര്‍ട്ടി മാറി ആര്‍എസില്‍ ചേര്‍ന്നതാണ് കൊലപാതത്തിന് കാരണമായത്. ചിറ്റാരിപ്പറമ്പ് ടൗണില്‍ വെച്ച് സിപിഎമ്മുകാര്‍ മഹേഷിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.പി.ബിനീഷ്, മഹേഷിന്റെ അമ്മയുടെ അഭിഭാഷകനായ പി.പ്രേംരാജ് എന്നിവര്‍ ഹാജരായി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.