രക്ഷാപേടക പരീക്ഷണം വിജയകരം

Thursday 5 July 2018 4:28 pm IST

ചെന്നൈ: ബഹിരാകാശത്തേക്ക് അയക്കുന്ന ഉപഗ്രഹങ്ങള്‍ക്ക് അപകടം പറ്റിയാല്‍ അതിലെ ശാസ്ത്രജ്ഞരെ സുരക്ഷിതമായി മടക്കിയെത്തിക്കാന്‍ ഉപയോഗിക്കുന്ന രക്ഷാ പേടകം ഐഎസ്ആര്‍ഒ വിജയകരമായി പരീക്ഷിച്ചു. ശൂന്യാകാശത്തേക്ക് ശാസ്ത്രജ്ഞരെ അയക്കാനുള്ള പദ്ധതിയുടെ തുടക്കമാണിത്.

പാഡ് അബോര്‍ട്ട്, ക്രൂ ബെയില്‍ ഔട്ട് എന്നീ പേരുകളില്‍ അറിയപ്പെടുന്ന സംവിധാനമാണിത്. ശ്രീഹരിക്കോട്ടയില്‍ ഇന്നലെ രാവിലെ ഏഴിനായിരുന്നു പരീക്ഷണമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍ പറഞ്ഞു. രക്ഷാപേടകത്തില്‍ (ക്യാപ്‌സ്യൂള്‍) മനുഷ്യനു പകരം പ്രതിമയാണ് വച്ചിരുന്നത്. റോക്കറ്റില്‍  പേടകം ഘടിപ്പിച്ച് വിക്ഷേപിച്ചു. തുടര്‍ന്ന് ആകാശത്തു വച്ച് റോക്കറ്റില്‍ നിന്ന് വേര്‍പെട്ട പേടകത്തിലെ പാരാഷൂട്ട് വിടര്‍ന്നു.പേടകം സാവധാനം കടലില്‍, നിര്‍ദിഷ്ട സ്ഥാനത്ത് ഇറങ്ങി. നിര്‍ണായകമായിരുന്നു 259 സെക്കന്‍ഡ് നീണ്ട പരീക്ഷണം, അദ്ദേഹം പറഞ്ഞു.

മനുഷ്യരെ ബഹിരാകാശത്ത് അയക്കാന്‍ ഐഎസ്ആര്‍ഒ വലിയ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. അതുമായി ബന്ധപ്പെട്ടായിരുന്നു പരീക്ഷണം. മനുഷ്യരെ  അയക്കുമ്പോള്‍ റോക്കറ്റിനോ ബഹിരകാശ വാഹനത്തിനോ തകരാര്‍ ഉണ്ടാവുകയോ വിക്ഷേപണം പരാജയപ്പെടുകയോ ചെയ്താല്‍ അതിലുള്ളവര്‍ക്ക് ഈ ക്യാപ്‌സൂളില്‍ രക്ഷപ്പെടാം. 

യുദ്ധവിമാനങ്ങള്‍ അപകടത്തില്‍ പെടുമ്പോള്‍ പൈലറ്റുമാര്‍ സീറ്റ് പുറത്തേക്ക് തെറിപ്പിച്ച് രക്ഷപ്പെടാറുള്ളതുപോലെ തന്നെയാണ് ഇതിന്റെയും പ്രവര്‍ത്തനം. ഇനി ഇത്തരം നിരവധി പരീക്ഷണങ്ങള്‍ നടത്താനുണ്ട്. മനുഷ്യരെ ബഹിരാകാശത്ത് എത്തിച്ച് അവരെ സുരക്ഷിതമായി ഭൂമിയിലേക്ക് മടക്കേണ്ടതുണ്ട്, അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.