ഇരിട്ടി പാലത്തില്‍ കണ്ടയ്‌നര്‍ ലോറി കുടുങ്ങി; ഒരു മണിക്കൂറിലേറെ ഗതാഗതം സ്തംഭിച്ചു

Thursday 5 July 2018 4:40 pm IST

 

ഇരിട്ടി: ഇരിട്ടി പാലത്തില്‍ കണ്ടയ്‌നര്‍ ലോറികള്‍ കുടുങ്ങുന്നത് നിത്യസംഭവമാകുന്നു. ബുധനാഴ്ച വൈകുന്നേരം കൂറ്റന്‍ കണ്ടെയ്‌നര്‍ ലോറി പാലത്തിന്റെ മേല്‍ക്കൂടില്‍ കുടുങ്ങി ഒരു മണിക്കൂറിലേറെ ഇരിട്ടി പട്ടണത്തില്‍ ഗതാഗതം സ്തംഭിച്ചു. ഒരുമാസം മുന്‍പും ഇതേപോലെ ലോറി പാലത്തില്‍ കുടുങ്ങി ഗതാഗതം സ്തംഭിച്ചിരുന്നു. ഇതിനും കുറച്ചു ദിവസം മുന്‍പ് പാലത്തിന്റെ മേല്‍ക്കൂട് നിര്‍മ്മിച്ച കൂറ്റന്‍ ഇരുമ്പു ബീം പൊട്ടിവീണും ഏറെനേരം ഗതാഗത സ്തംഭനമുണ്ടായിരുന്നു. 

ഇന്നലെ വൈകുന്നേരം 4.30 ഓടെ ഇരിട്ടിയില്‍ നിന്നും കൂട്ടുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന കൂറ്റന്‍ കണ്ടെയ്‌നര്‍ ലോറിയാണ് പാലത്തില്‍ കുടുങ്ങിയത്. പാലത്തില്‍ ഗതാഗതം നിയന്ത്രിക്കുന്ന ഹോം ഗാര്‍ഡിനെ വെട്ടിച്ചുകൊണ്ട് അമിതവേഗതയില്‍ വന്ന ലോറി പാലത്തിന്റെ ഇരുമ്പ് മേല്‍ക്കൂടുകളില്‍ ഇടിച്ചു കയറുകയായിരുന്നു. പാലത്തിന്റെ ഇരു ഭാഗത്തെയും കൂറ്റന്‍ ഇരുമ്പ് ബീമുകളെ ബന്ധിപ്പിച്ചു നിര്‍ത്തുന്ന മേല്‍ക്കൂടിലെ ഇരുമ്പു കമ്പികളില്‍ ലോറിയുടെ മേല്‍ത്തട്ട് തുളഞ്ഞു കയറി അഞ്ച് മീറ്ററിലധികം കീറിപ്പറിഞ്ഞ ശേഷമാണ് ലോറി നിന്നത് . 

ഇരിട്ടി അഗ്‌നിരക്ഷാനിലയം ഓഫീസര്‍ ജോണ്‍സണ്‍ പീറ്ററിന്റെ നേതൃത്വത്തിലുള്ള അഗ്‌നിശമനസേനാ സംഘവും ഇരിട്ടി പോലീസും സ്ഥലത്തെത്തി ഒരു മണിക്കൂറോളം നേരത്തെ പരിശ്രമത്തിനൊടുവില്‍ വാഹനം പിന്നോട്ടെടുത്ത് ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു. പാലത്തില്‍ നിന്നും വാഹനം നീക്കിയ ശേഷവും ഇതോടനുബന്ധിച്ച് ഇരിട്ടി പട്ടണത്തില്‍ രൂപപ്പെട്ട ഗതാഗതക്കുരുക്കഴിക്കാന്‍ ഒന്നര മണിക്കൂറിലധികം സമയമെടുത്തു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.