ലൈഫ് ഭവന പദ്ധതി: ജൂലൈ 31നകം സ്പില്‍ ഓവര്‍ വീടുകള്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം

Thursday 5 July 2018 4:41 pm IST

 

കണ്ണൂര്‍: ജില്ലയില്‍ ലൈഫ് ഭവന നിര്‍മ്മാണ പദ്ധതിയിലുള്‍പ്പെട്ട സ്പില്‍ ഓവര്‍ വീടുകളുടെ നിര്‍മ്മാണം ജൂലൈ 31-നകം പൂര്‍ത്തീകരിക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് കെ.വി.സുമേഷ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പട്ടികജാതി-പട്ടികവര്‍ഗ വകുപ്പുകള്‍ മുഖേന നിര്‍മ്മാണം നടത്തേണ്ട വീടുകളുടെ കാര്യത്തില്‍ അടിയന്തിര പുരോഗതി കൈവരിക്കുന്നതിനായുള്ള യോഗം ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേരും.

2018-19 വര്‍ഷം ഭൂമിയുള്ളതും ഭവനരഹിതരുമായ 4,149 പേരാണുള്ളത്. ഇതില്‍ 1,429 പേര്‍ കരാറില്‍ ഏര്‍പ്പെട്ടു. ആദ്യ ഗഡു വിതരണം ചെയ്തത് 626 പേര്‍ക്കാണ്. 107 പേര്‍ക്കാണ് രണ്ടാം ഗഡു വിതരണം ചെയ്തത്. എരമം-കുറ്റൂര്‍, ചെറുകുന്ന് എന്നീ പഞ്ചായത്തുകളിലെ അഞ്ചു പേര്‍ മൂന്നാം ഗഡു ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വീടു പണി പൂര്‍ത്തീകരിക്കുകയും ചെയ്തു. ബാക്കിയുള്ളവര്‍ക്ക് എത്രയും പെട്ടെന്ന് ഒന്നാം ഘട്ട ഗഡുവിതരണം നടത്താനും യോഗം തീരുമാനിച്ചു. 

തദ്ദേശസ്വയംഭരണ വകുപ്പുകള്‍ മുഖേന ഗുണഭോക്തൃ സംഗമം നടത്തിയാണ് ഗുണഭോക്താക്കളെ കണ്ടെത്തി ധനസഹായം നല്‍കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചത്. കോര്‍പ്പറേഷന്‍, ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പ്, ഫിഷറീസ് വകുപ്പ്, ന്യൂനപക്ഷ ക്ഷേമ വകുപ്പ് എന്നിവയിവൂടെയാണ് പദ്ധതി നിര്‍വ്വഹണം നടത്തുന്നത്. പെരിങ്ങോം-വയക്കര ്രഗാമപഞ്ചായത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ രണ്ട് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നുണ്ട്. ഇതില്‍ ഒരു വീടിന്റെ നിര്‍മ്മാണം തുടങ്ങി.

യോഗത്തില്‍ ലൈഫ് മിഷന്‍ പ്രോജക്ട് ഡയറക്ടര്‍ കെ.എം. രാമകൃഷ്ണന്‍, ജില്ലാ കോര്‍ഡിനേറ്റര്‍ കെ.എന്‍.അനില്‍, ഡപ്യൂട്ടി സി.ഇ.ഒ സാബുകുട്ടന്‍, ഡി.ഡി.പി ഷാനവാസ്, തദ്ദേശസ്വയംഭരണ വകുപ്പ് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.