പാപ്പിനിശ്ശേരി റെന്ററിംഗ് പ്ലാന്റിലേക്ക് കോഴിമാലിന്യമെത്തിക്കാന്‍ വ്യാപാരികളുമായി കരാറുണ്ടാക്കണം: ഡിപിസി

Thursday 5 July 2018 4:42 pm IST

 

കണ്ണൂര്‍: കോഴിമാലിന്യ സംസ്‌ക്കരണത്തിനായി പാപ്പിനിശ്ശേരി ചുങ്കത്ത് പ്രവര്‍ത്തനം ആരംഭിച്ച റെന്ററിംഗ് പ്ലാന്റിലേക്ക് കോഴി മാലിന്യമെത്തിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ എല്ലാ കോഴിക്കടക്കാരുമായും കരാറുണ്ടാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതിയോഗം നിര്‍ദ്ദേശം നല്‍കി. ആദ്യഘട്ടത്തില്‍ കണ്ണൂര്‍ കോര്‍പറേഷന്‍, ആന്തൂര്‍, തളിപ്പറമ്പ് മുനിസിപ്പാലിറ്റികള്‍, അഴീക്കോട്, നാറാത്ത്, ചിറക്കല്‍, മുണ്ടേരി, മയ്യില്‍, കല്യാശ്ശേരി, ചെറുകുന്ന്, കണ്ണപുരം, ഏഴോം, മാട്ടൂല്‍ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ കോഴിക്കടക്കാരുടെ യോഗം വിളിച്ചുചേര്‍ത്ത് കോഴിമാലിന്യം പ്ലാന്റിന് നല്‍കാമെന്ന കരാറുണ്ടാക്കണമെന്ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി പറഞ്ഞു. ഈ കരാര്‍ പത്രം ഹാജരാക്കിയാല്‍ മാത്രമേ തദ്ദേശ സ്ഥാപനങ്ങള്‍ കടകള്‍ക്ക് ലൈസന്‍സ് നല്‍കാവൂ. ഇനിയും ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന കോഴിക്കടകള്‍ക്കെതിരേ ശക്തമായ നടപടിയെടുക്കാനും ജില്ലാ കലക്ടര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. 

പ്രതിദിനം 10 ടണ്‍ സംസ്‌ക്കരണ ശേഷിയുള്ള പ്ലാന്റാണ് പാപ്പിനിശ്ശേരിയിലേത്. പാപ്പിനിശ്ശേരി പഞ്ചായത്തിന്റെ സഹകരണത്തോടെ വിദേശ മലയാളികളുടെ കൂട്ടായ്മയായ ക്ലീന്‍ കണ്ണൂര്‍ വെഞ്ച്വേഴ്‌സ് എന്ന സ്ഥാപനമാണ് മൂന്നു കോടിയോളം രൂപ ചെലവ് വരുന്ന പ്ലാന്റ് സ്ഥാപിച്ചത്. പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ കേരളത്തില്‍ ആരംഭിക്കുന്ന ആദ്യ റെന്ററിംഗ് പ്ലാന്റാണിതെന്ന് ശുചിത്വ മിഷന്‍ വിദഗ്ധ സമിതി അംഗം ഡോ.പി.വി.മോഹനന്‍ പറഞ്ഞു. പാപ്പിനിശ്ശേരി, തളിപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളിലെ കോഴിക്കടക്കാരുമായി ഇതിനകം കരാറുണ്ടാക്കുകയും അതനുസരിച്ച് മാലിന്യങ്ങള്‍ ശേഖരിച്ച് പ്ലാന്റിലെത്തിക്കുകയും ചെയ്തു തുടങ്ങി. മട്ടന്നൂര്‍, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ കൂടി പ്ലാന്റ് വരുന്നതോടെ ജില്ലയെ കോഴിമാലിന്യമുക്ത ജില്ലയായി പ്രഖ്യാപിക്കാനാവുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഭിപ്രായപ്പെട്ടു. ഇതുമായി വ്യാപാരികള്‍ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

ഫഌക്‌സ് ബോര്‍ഡുകള്‍ ഒഴിവാക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ ഉള്‍പ്പെടെയുള്ളവര്‍ തയ്യാറായ പശ്ചാത്തലത്തില്‍ ഇനിയും നീക്കാന്‍ ബാക്കിയുള്ള ഫഌക്‌സ് ബോര്‍ഡുകളും ബാനറുകളും ഉടന്‍ എടുത്തുകളയാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം ജില്ലാ കലക്ടര്‍ നല്‍കി. ഫുട്‌ബോള്‍ ലോകകപ്പിന്റെ പശ്ചാത്തലത്തില്‍ വിവിധയിടങ്ങളില്‍ സ്ഥാപിച്ച ഫഌക്‌സ് ബോര്‍ഡുകള്‍ അതത് ടീമുകള്‍ പുറത്താവുന്നതിന് അനുസരിച്ച് അഴിച്ചുമാറ്റണമെന്നും അദ്ദേഹം പറഞ്ഞു. ലൈഫ് ഭവന പദ്ധതി പ്രകാരമുള്ള, പാതിവഴിയിലായ വീടുകളുടെ പൂര്‍ത്തീകരണവും പുതിയ വീടുകളുടെ നിര്‍മാണവും വേഗത്തിലാക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. 

ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം 43 തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക് അംഗീകാരം നല്‍കി. ഭേഗദതികള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 15 വരെ നീട്ടി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.