ജില്ലാ പഞ്ചായത്തിന്റെ എച്ച്‌ഐവി/എയ്ഡ്‌സ് ബാധിതര്‍ക്കുള്ള പോഷകാഹാര കിറ്റ് വിതരണം എട്ടാം വര്‍ഷത്തിലേക്ക്

Thursday 5 July 2018 4:43 pm IST

 

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വികേന്ദ്രീകൃതാസൂത്രണ പദ്ധതി 2018-19 പ്രകാരം എച്ച്‌ഐവി/എയ്ഡ്‌സ് ബാധിതര്‍ക്കായുള്ള സമഗ്ര പ്രതിരോധ പോഷകാഹാര പുനരധിവാസ പദ്ധതിക്ക് കീഴിലെ പോഷകാഹാര കിറ്റ് വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് നിര്‍വഹിച്ചു. ഗുരുതരമായ പ്രയാസങ്ങളില്‍ എത്തിപ്പെടുന്നവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് പ്രസിഡന്റ് പറഞ്ഞു. എച്ച്.ഐ.വി ബാധിതരോട് ഭ്രഷ്ട് കല്‍പ്പിക്കുന്ന മാനസികാവസ്ഥയില്‍നിന്ന് സമൂഹം മാറണം. ദൗര്‍ഭാഗ്യകരമായ അനുഭവങ്ങളെ ആത്മവിശ്വാസത്തോടെയാണ് നേരിടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിലെ എച്ച്‌ഐവി എയ്ഡ്‌സ് ബാധിതരായ ആളുകളുടെ രോഗപ്രതിരോധശേഷിയും ജീവിത ഗുണമേന്മയും വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കി വരുന്ന പദ്ധതി എട്ടാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഈ വര്‍ഷം എച്ച്‌ഐവി എയ്ഡ്‌സ് ബാധിതര്‍ക്കായുള്ള സമഗ്രപ്രതിരോധ പോഷകാഹാര പുനരധിവാസ പദ്ധതിക്കായി 25 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ജില്ലയില്‍ എച്ച്‌ഐവി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക, എച്ച്‌ഐവി അണുബാധിതരെ കണ്ടെത്തി അവരുടെ സാമൂഹികവും, സാമ്പത്തികവും, മാനസികവുമായ ഗുണമേന്മ വര്‍ധിപ്പിച്ച് സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരിക എന്നിവയാണ് ഈ പ്രൊജ്ക്ടിന്റെ ലക്ഷ്യം. സിഡി 4 കൗണ്ട് കുറഞ്ഞ ആളുകള്‍ക്ക് നല്ല പോഷകാഹാരം നല്‍കുകയും ചിട്ടയോടു കൂടി ജീവിതം ക്രമപ്പെടുത്തുകയും ചെയ്യുന്നതിലൂടെ എയ്ഡ്‌സ് രോഗിയായി മാറുന്നതില്‍ നിന്നും രക്ഷപ്പെടുത്താനും അവരുടെ രോഗപ്രതിരോധ ശേഷിയും ആയുര്‍ദൈര്‍ഘ്യവും വര്‍ദ്ധിപ്പിക്കുവാനും സാധിച്ചിട്ടുണ്ട്.

ജില്ലയില്‍ എയ്ഡ്‌സ് രോഗ നിയന്ത്രണ രംഗത്ത് ജില്ലാ എയ്ഡ്‌സ് നിയന്ത്രണ സമിതിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് ഡെസ്‌കില്‍ രജിസ്റ്റര്‍ ചെയ്ത എച്ച്‌ഐവി ബാധിതരില്‍ നിന്നും ഏറ്റവും അര്‍ഹരായ 275 പേര്‍ക്ക് 2019 മാര്‍ച്ച് വരെ എല്ലാ മാസവും പോഷകാഹാര കിറ്റ് വിതരണം ചെയ്യുകയാണ് ചെയ്യുന്നത്. കിറ്റില്‍ ഒരു കിലോ ഗ്രാം വീതം ആട്ട, ചെറുപയര്‍, ഗ്രീന്‍പീസ്, തുവരപ്പരിപ്പ്, വെല്ലം, ഉഴുന്ന് പരിപ്പ്, അവില്‍, 500 ഗ്രാം ഈന്തപ്പഴം, 200 ഗ്രാം സോയാ പങ്ക്‌സ് എന്നിവയാണുള്ളത്.

ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ എഡിഎം ഇ.മുഹമ്മദ് യൂസുഫ് മുഖ്യാതിഥിയായി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.പി.ജയബാലന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.കെ.നാരായണ നായ്ക്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി.ടി.റംല, പി.എം.സാജിദ് (ജില്ലാ എയ്ഡ്‌സ നിയന്ത്രണ സമിതി), ഡോ.ബി.സന്തോഷ്, കെ.എന്‍.അജയ് എന്നിവര്‍ സംസാരിച്ചു.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.