നിരവധി വര്‍ഷങ്ങളായി ദേശീയഗാനം ആലപിക്കാതെ പാനൂര്‍ കെകെവിഎം സ്‌കൂള്‍

Thursday 5 July 2018 4:43 pm IST

 

പാനൂര്‍: നിരവധി വര്‍ഷങ്ങളായി ദേശീയഗാനം ആലപിക്കാത്ത ഒരു സ്‌കൂളുണ്ട് കണ്ണൂര്‍ ജില്ലയിലെ പാനൂരില്‍. പാനൂര്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന കെകെവിഎം ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് വിദ്യാഭ്യാസ ചട്ടങ്ങള്‍ ലംഘിച്ച് വര്‍ഷങ്ങളായി ദേശീയഗാനം ചൊല്ലാതിരിക്കുന്നത്. 

ഒരു മാനേജ്‌മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സമീപത്തെ പിആര്‍എം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്നും ദേശീയഗാനം ചൊല്ലുമ്പോള്‍ കെകെവിഎം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും എഴുന്നേറ്റ് നില്‍ക്കുകയാണ് പതിവ്. വര്‍ഷങ്ങളായി തുടര്‍ന്നു വരുന്ന നിയമലംഘനത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടിട്ടും മാറ്റമുണ്ടായില്ല.  ടൗണിലെ ശബ്ദകോലാഹലങ്ങള്‍ കാരണം ദേശീയഗാനം പൂര്‍ണ്ണമായും കേള്‍ക്കാതെ പാതിയില്‍ ക്ലാസ് വിട്ട് വിദ്യാര്‍ത്ഥികള്‍ പുറത്തുപോകുന്നതും പതിവാണ്. 

തൊട്ടടുത്ത സ്‌കൂളില്‍ നിത്യേന ദേശീയഗാനം ആലപിക്കുമ്പോഴാണ് കെകെവിഎം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ദേശീയഗാനം ആലപിക്കാതിരിക്കുന്നത്. ഒരേസമയത്ത് ദേശീയഗാനം പാടുമ്പോള്‍ ഉണ്ടാകുന്ന ശബ്ദപ്രശ്‌നങ്ങള്‍ കാരണമാണ് ഒരു സ്‌കൂളില്‍ മാത്രമായി നിജപ്പെടുത്തിയതെന്ന ഭാഷ്യമാണ് അധ്യാപകരില്‍ നിന്നുമുണ്ടായത്. ഇതിനെതിരെ എബിവിപി പാനൂര്‍ നഗര്‍ യൂനിറ്റ് അധികൃതര്‍ക്കു പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്. ദേശീയഗാനം ചൊല്ലാത്ത സ്‌കൂള്‍ നടപടി രാജ്യവിരുദ്ധവും വിദ്യാഭ്യാസ ചട്ടങ്ങളുടെ ലംഘനവുമാണെന്ന് എബിവിപി നഗര്‍ യൂനിറ്റ് കുറ്റപ്പെടുത്തി. ഇതിനെതിരെ പരാതി നല്‍കുമെന്നും പ്രതിഷേധമുയര്‍ത്തുമെന്നും നേതാക്കളായ അഭിനന്ദ്, അര്‍ജ്ജുന്‍ എന്നിവര്‍ അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.