അഭിമന്യുവിന്റെ കൊലപാതകം: ക്യാമ്പസ്സുകളില്‍ എസ്എഫ്‌ഐ മൗനം

Thursday 5 July 2018 4:45 pm IST

 

കണ്ണൂര്‍: മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ക്യാമ്പസ്സുകളില്‍ കാര്യമായ പ്രതികരണത്തിന് മുതിരാതെ എസ്എഫ്‌ഐ നേതൃത്വം. കൊലപാതകം നടന്ന തൊട്ടടുത്ത ദിവസം നടത്തിയ ഒരു ദിവസത്തെ പഠിപ്പ് മുടക്കൊഴിച്ചാല്‍ എസ്എഫ്‌ഐയുടെ ഭാഗത്ത് നിന്നോ മാതൃസംഘടനയായ സിപിഎമ്മിന്റെ ഭാഗത്ത് നിന്നോ കാര്യമായ പ്രതികരണമോ പ്രതിഷേധ പരിപാടികളോ ഇതുവരെ ഉണ്ടായിട്ടില്ല. ഒരു പ്രതിഷേധപ്രകടനം പോലും മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടന്നിട്ടില്ല എന്നതാണ് വസ്തുത. ചെറിയ തോതില്‍ പ്രതികരണങ്ങള്‍ നടന്ന കോളേജുകളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പേരെടുത്ത് പറയാതിരിക്കാനും പ്രത്യേകം ശ്രദ്ധിച്ചു. 

അപൂര്‍വ്വം ക്യാമ്പസ്സുകളില്‍ മാത്രമാണ് അഭിമന്യുവിന്റെ ഫോട്ടോ വെച്ച ഫ്‌ളക്‌സുകള്‍ പ്രദര്‍ശിപ്പിച്ചത്. അഭിമന്യുവിന് ആദരാഞ്ജലികളര്‍പ്പിച്ച് പ്രദര്‍ശിപ്പിച്ച ഫ്‌ളക്‌സുകളില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ക്യാമ്പസ്സ് ഫ്രണ്ടിനെക്കുറിച്ചോ പോപ്പുലര്‍ ഫ്രണ്ടിനെക്കുറിച്ചോ ഒരു സൂചന പോലും നല്‍കാതെയാണ് തയ്യാറാക്കിയിരിക്കുന്നത്. സാധാരണയായി കേരളത്തിലെ ഏതെങ്കിലും ക്യാമ്പസ്സുകളില്‍ ഒരു എസ്എഫ്‌ഐക്കാരനെ ഭീഷണിപ്പെടുത്തിയാല്‍പ്പോലും നേതൃത്വം സമരപരമ്പരകള്‍ക്ക് തന്നെ ആഹ്വാനം ചെയ്യാറുണ്ട്. എന്നാല്‍ അഭിമന്യുവിന്റെ കൊലപാതകത്തിന് ശേഷം എസ്എഫ്‌ഐ നേതൃത്വം തുടരുന്ന അപകടകരമായ മൗനം അണികളിലും ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. ജില്ലയിലെ സിപിഎം നേതൃത്വവും ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്. 

ചില നേതാക്കളുടെ ഭാഗത്തു നിന്ന് വന്ന അപൂര്‍വ്വം പ്രസ്താവനകളൊഴിച്ചാല്‍ ഞങ്ങളൊന്നുമറിഞ്ഞില്ലേ എന്ന നിലപാടിലാണ് സിപിഎം നേതൃത്വവും. വര്‍ഗീയതയെക്കുറിച്ച് നാഴികയ്ക്ക് നാല്‍പ്പത് വട്ടം ഘോരഘോരം പ്രസംഗിച്ച് നടന്ന സിപിഎം നേതാക്കള്‍ അഭിമന്യുവിന്റെ കൊലപാതകം കണ്ടില്ലെന്ന് നടിക്കുകയാണ്. ജില്ലാ കേന്ദ്രത്തില്‍പ്പോലും സിപിഎം നേതൃത്വം അനുസ്മരണ പരിപാടി സംഘടിപ്പിച്ചില്ല എന്നതും ശ്രദ്ധേയമാണ്. അഭിമന്യുവിന്റെ കൊലപാതകം രാഷ്ട്രീയമായി മുതലെടുക്കുന്നതോടൊപ്പം കൊലപാതകത്തിന് ശേഷം പോപ്പുലര്‍ ഫ്രണ്ടിനെതിരായി ഉയര്‍ന്നുവന്ന ജനരോഷം പരമാവധി തണുപ്പിച്ച് നിര്‍ത്തുകയെന്ന നിലപാടാണ് സിപിഎം നേതൃത്വം സ്വീകരിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.