മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് തമിഴ്‌നാട്ടില്‍ MBBS പഠിക്കാം

Thursday 5 July 2018 6:15 pm IST

ചെന്നൈ: മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് തമിഴ്‌നാട്ടില്‍ എം‌ബി‌ബി‌എസ് പ്രവേശനം നല്‍കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കണമെന്ന് ഹൈക്കോടതിയിലെ മധുര ബെഞ്ചാണ് ഉത്തരവിട്ടത്. 

തമിഴ്‌നാട്ടില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് എം‌ബി‌ബി‌എസ് പ്രവേശനം നിഷേധിച്ചിരുന്നു. കുട്ടികളുടെ രക്ഷിതാക്കള്‍ തമിഴ്‌നാട്ടില്‍ പഠിച്ചവരല്ലെന്ന കാരണം പറഞ്ഞാണ് പ്രവേശനം നിഷേധിച്ചത്. തമിഴ്‌നാട്ടിലെ കൂടംകുളത്ത് സ്ഥിരതാമസക്കാരായ ആദിത്യന്‍, ജിയോ എന്നിവര്‍ക്കാണ് തമിഴ്‌നാട് സര്‍ക്കാര്‍ മെഡിക്കല്‍ പ്രവേശനം നിഷേധിച്ചത്.  രണ്ടുപേരും കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മക്കളാണ്.

നിയമപ്രകാരം ആവശ്യമായ രേഖകളെല്ലാം ഹാജരാക്കിയിട്ടും രക്ഷിതാക്കള്‍ തമിഴ്നാട്ടില്‍ പഠിച്ചവരല്ലെന്ന കാരണം പറഞ്ഞാണ് പ്രവേശനം നിഷേധിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു. ആദിത്യന് നീറ്റില്‍ തമിഴ്നാട്ടില്‍ എണ്‍‌പത്തിയാറാം റാങ്കും ജിയോക്ക് നാനൂറ്റി തൊണ്ണൂറ്റി ഏഴാം റാങ്കുമാണ്. ഇരുവരും പ്രവേശനം തേടിയത് ഓപ്പണ്‍ കാറ്റഗറിയിലാണ്. തമിഴ്നാട്ടില്‍ മെഡിക്കല്‍ പ്രവേശനം ലഭിക്കണമെങ്കില്‍ ഏഴാം തരം മുതല്‍ പ്ലസ് ടു വരെ തുടര്‍ച്ചയായി തമിഴ്നാട്ടില്‍ പഠിക്കണമെന്നാണ് ചട്ടം. അങ്ങനെ അല്ലെങ്കില്‍ ഓപ്പണ്‍ കാറ്റഗറിയില്‍ പ്രവേശനം നേടാന്‍ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ തമിഴ്നാട്ടില്‍ സ്ഥിരതാമസക്കാരാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ഹാജരാക്കണം.

ആദിത്യനും ജിയോയും എല്‍കെജി മുതല്‍ പത്താം ക്ലാസ് വരെ തമിഴ്നാട്ടില്‍ ആയിരുന്നുവെങ്കിലും പ്ലസ് ടു പഠിച്ചത് കേരളത്തിലാണ്. രക്ഷിതാക്കള്‍ തമിഴ്നാട്ടില്‍ സ്ഥിരതാമസക്കാരാണെന്ന് വ്യക്തമാക്കുന്ന രേഖകളെല്ലാം ഹാജരാക്കിയെങ്കിലും ഇവര്‍ക്ക് പ്രവേശനം നിഷേധിക്കുകയായിരുന്നു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.