കുട്ടികളെ വിറ്റു; മിഷണറീസ് ഓഫ് ചാരിറ്റിക്കെതിരെ കേസ്

Thursday 5 July 2018 7:19 pm IST

ന്യൂദല്‍ഹി: അനാഥകുട്ടികളെ വിറ്റ് പണമാക്കിയ സംഭവത്തില്‍ മദര്‍ തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റിക്കെതരെ കേസ്. ഝാര്‍ഖണ്ഡിലെ റാഞ്ചിയിലുള്ള നിര്‍മ്മല ശിശു ഭവനാണ് കുട്ടികളെ വിറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു കന്യാസ്ത്രീ അടക്കം രണ്ട് മിഷണറീസ് ഓഫ് ചാരിറ്റി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. 

1,40,000 രൂപയ്ക്ക് മിഷണറീസ് ഓഫ് ചാരിറ്റിക്കാര്‍ വിറ്റ 14 ദിവസം പ്രായമായ കുട്ടിയെ സംസ്ഥാന ശിശു സംരക്ഷണ സമിതി കണ്ടെത്തി. യാതൊരു നടപടിക്രമങ്ങളും പാലിക്കാതെ കുട്ടികളില്ലാത്ത ഉത്തര്‍പ്രദേശിലുള്ള ദമ്പതികള്‍ക്ക് ശിശുഭവന്‍ നവജാത ശിശുവിനെ വില്‍ക്കുകയായിരുന്നു. 

ശിശുഭവനില്‍ നിന്ന് കുട്ടികളെ പണംവാങ്ങി വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് മൂന്നു പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് റാഞ്ചി പോലീസ് വ്യക്തമാക്കി. ശിശു ഭവനെതിരെ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ദമ്പതികളില്‍ നിന്ന് ശിശുഭവന്‍ കുട്ടിയെ തിരികെ വാങ്ങിക്കൊണ്ടുപോയെങ്കിലും പണം തിരിച്ചു നല്‍കിയില്ലെന്നാരോപിച്ച് ദമ്പതികളും പരാതി നല്‍കിയിട്ടുണ്ട്. 

വിദേശ ധനസഹായങ്ങള്‍ അനധികൃതമായി സ്വീകരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് കുട്ടികളെ ദത്തെടുക്കുന്നതും ദത്തു നല്‍കുന്നതും മിഷണറീസ് ഓഫ് ചാരിറ്റി 2015ല്‍ നിര്‍ത്തിയതായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതിന് ശേഷവും അനാഥരായ കുട്ടികളെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ കീഴിലുള്ള ശിശുഭവനുകളില്‍ നിന്ന് പണം വാങ്ങി വിറ്റിട്ടുണ്ടെന്നാണ് കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന റാഞ്ചിയിലെ സന്നദ്ധ സംഘടനയിലെ വൈദ്യനാഥ് കുമാര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നത്. 

2015ല്‍ ദത്ത് നല്‍കുന്ന നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയ നിയന്ത്രണങ്ങളാണ് മിഷണറീസ് ഓഫ് ചാരിറ്റിയുടെ കുട്ടികളെ വില്‍പ്പനയ്ക്ക് തിരിച്ചടിയായത്. ദത്തെടുക്കല്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴിയാക്കിയതോടെ കുട്ടികളുടെ രേഖകള്‍ ദേശീയതലത്തില്‍ തന്നെ പരിശോധിക്കാന്‍ സാധിക്കുന്ന സ്ഥിതി വന്നു. എന്നാല്‍ അവിവാഹിതരായ ഗര്‍ഭിണികളുടെ കേന്ദ്രങ്ങളിലുണ്ടാകുന്ന കുട്ടികളെ മിഷണറീസ് ഓഫ് ചാരിറ്റി പണം വാങ്ങി രഹസ്യമായി വില്‍ക്കുന്നതായാണ് തെളിയുന്നത്. 

അമ്പതിനായിരം മുതല്‍ എഴുപതിനായിരം വരെ രൂപയ്ക്കാണ് കുട്ടികളെ വിറ്റിരുന്നതെന്ന് ഝാര്‍ഖണ്ഡിലെ ശിശുക്ഷേമ സമിതി ചെയര്‍മാന്‍ രൂപാകുമാരി പ്രതികരിച്ചു. മിഷണറീസ് ഓഫ് ചാരിറ്റിയുടെ റാഞ്ചിയിലെ കേന്ദ്രത്തിലുണ്ടായിരുന്ന 13 ഗര്‍ഭിണികളെ സംസ്ഥാന സര്‍ക്കാരിന്റെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.