ശ്രദ്ധാപൂര്‍വ്വകമല്ലാതെ ചെയ്യുന്ന സര്‍വ്വവിധ കര്‍മ്മങ്ങളും നിന്ദ്യമാണ്

Friday 6 July 2018 1:39 am IST
(അധ്യായം 17-28 ശ്ലോകം)

ശ്രദ്ധയില്ലാതെ- ലക്ഷ്യബോധമില്ലാതെ, അനുഷ്ഠിക്കപ്പെടുന്ന വൈദികകര്‍മ്മങ്ങളായ ഹോമം, ദാനം, തപസ്സ് മുതലായവ അസത്-സത് അല്ല; നന്മയുള്ള കര്‍മ്മങ്ങളല്ല. ശാസ്ത്രീയ വിധികളെ ഉപേക്ഷിച്ച്, മറ്റുള്ളവര്‍ പറയുന്നതുകേട്ട്, യജ്ഞാദികള്‍ ചെയ്യുമ്പോള്‍, തെറ്റ് സംഭവിക്കും; ആ പാപത്തിന്റെ പരിഹാരമായിട്ട് 'ഓം തത് സത്' എന്ന നാമത്രയം പ്രയോഗിക്കേണ്ട സമ്പ്രദായമാണ് മുന്‍ശ്ലോകങ്ങളില്‍ നിര്‍ദ്ദേശിച്ചത്.

സത്- ഭഗവാനാണ് സര്‍വ്വകമ്മങ്ങളുടെയും ലക്ഷ്യം- പ്രാപ്തിസ്ഥാനം. ഈ ബോധത്തെയാണ് ശ്രദ്ധ എന്ന പദം വ്യക്തമാക്കുന്നത്. ഈ ശ്രദ്ധയുള്ളവനു മാത്രമേ വൈദികവും ലൗകികവും അധ്യാത്മികവുമായ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാനുള്ള പൂര്‍ണയോഗ്യതയുള്ളൂ.

വേദങ്ങള്‍ പറയുന്നു-

''യദേവ വിദ്യയാകരോതി,

ശ്രദ്ധയോപനിഷദാ

തദേവ വീര്യവത്തരം ഭഗതി''

(= ഏതു കര്‍മ്മത്തെപ്പറ്റിയും അറിവ് നേടി ചെയ്താല്‍ മാത്രമേ, ശ്രദ്ധയോടെ ചെയ്താല്‍ മാത്രമേ ആ കര്‍മ്മത്തിന് പ്രഭാവം ഉണ്ടാവുകയുള്ളൂ.)

ശ്രദ്ധ രണ്ട് വിധത്തിലുള്ള അര്‍ഥം ഉള്‍ക്കൊള്ളുന്നു. വേദത്തില്‍ ശ്രദ്ധ എന്ന പദത്തിന് ഭഗവദ്ഭക്തിയുടെ രൂപത്തിലുള്ള ശ്രദ്ധ; സ്മൃതികളില്‍ ശ്രദ്ധ എന്ന പദത്തിന് ആസ്തിക്യബുദ്ധിയോടെയുള്ള ശ്രദ്ധ- ഇങ്ങനെയാണ് രണ്ട് വിധം. ആസ്തിക്യബുദ്ധിയോടു കൂടാതെ ചെയ്യുന്ന കര്‍മം നിരര്‍ഥകമാണ്. മരണാനന്തരം ദിവ്യലോകപ്രാപ്തിക്ക് സഹായകമാവില്ല- ''ന ച തത് പ്രേത്യ'' എന്ന ശ്ലോകഭാഗം ഈ വസ്തുത വിവരിക്കുന്നു.

ഈ ലോകത്തില്‍ ജീവിച്ചിരിക്കുമ്പോള്‍ യശസ്സോ സുഖമോ ലഭിക്കുകയില്ല. സജ്ജനങ്ങള്‍ നിന്ദിക്കുകതന്നെ ചെയ്യും- ഈ വസ്തുതയാണ്- 'നോ ഇഹ' എന്ന ശ്ലോകഭാഗംകൊണ്ട് വിവരിച്ചത്.

ശ്രീകൃഷ്ണ ഭഗവാനില്‍ ഭക്തിയോടെയും ശ്രദ്ധയോടെയും ഭഗവാന് ആരാധനയായും ചെയ്യുന്ന കര്‍മ്മങ്ങള്‍- ശ്രുതികളിലും സ്മൃതികളിലും നിര്‍ദ്ദേശിക്കപ്പെട്ടവ ഈ ലോകത്തിലും പരലോകത്തിലും നമ്മെ എത്തിക്കും; ഭഗവല്ലോകത്തിലും നമ്മെ എത്തിക്കും.

പതിനേഴാം അധ്യായം കഴിഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.