കാര്‍ഷികവിള ഇന്‍ഷൂറന്‍സ് : മുഖംതിരിച്ച് കര്‍ഷകര്‍

Thursday 5 July 2018 9:58 pm IST

 

ഇരിക്കൂര്‍: കാര്‍ഷികവിള ഇന്‍ഷൂറന്‍സ് പദ്ധതിക്കെതിരെ മുഖംതിരിച്ച് കര്‍ഷകര്‍. ജില്ലയിലെ മലയോര മേഖലയിലെ കര്‍ഷകര്‍ക്ക് കോടികളുടെ കൃഷി നഷ്ടമാണ് ഉണ്ടാകുന്നതെങ്കിലും ജില്ലയിലെ 1400ല്‍ താഴെ കര്‍ഷകര്‍ മാത്രമാണ് കാര്‍ഷികവിള ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 

വരള്‍ച്ച, വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, ഭൂമികുലുക്കം, കടലാക്രമണം തുടങ്ങിയ പ്രകൃക്ഷോഭങ്ങളില്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കാണ് പദ്ധതിയുടെ ആനകൂല്യം ലഭിക്കുക. ദീര്‍ഘകാല വിളകള്‍ക്ക് ഒരിക്കല്‍ നാശനഷ്ടമുണ്ടായാല്‍ വീണ്ടും കൃഷിയിറക്കി ആദായമെടുക്കുന്നതുവരെ വിളകള്‍ക്ക് സംരക്ഷണ ലഭിക്കും പ്രകൃതിക്ഷോഭത്താല്‍ സംഭവിക്കുന്ന കൃഷിനാശത്തിന് കര്‍ഷകര്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കുക എന്നതാണ് ഈ പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

എന്നാല്‍ മലയോര കര്‍ഷകര്‍ ഈ പദ്ധതിയോട് മുഖംതിരിച്ച് നില്‍ക്കുകയാണ് ചെയ്യുന്നത്. ഇത്തരം പദ്ധതികളെക്കുറിച്ച് വേണ്ടത്ര അറിവ് ലഭിക്കാത്തതാണ് ഇതിന് പ്രധാന കാരണം. ജില്ലയില്‍ ഏപ്രില്‍-മെയ് മാസങ്ങളില്‍ 32395 വാഴകളും 1512 തെങ്ങുകളുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 46.4 ഹെക്ടര്‍ സ്ഥലത്തെ നെല്‍കൃഷിയും 43.8 ഹെക്ടര്‍സ്ഥലത്തെ പച്ചക്കറി കൃഷിയും വിള ഇന്‍ഷൂറന്‍സിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

വാഴ, കശുമാവ്, റബ്ബര്‍, തെങ്ങ്, കവുങ്ങ്, നെല്ല്, കുരുമുളക്, മരച്ചീനി, ഇഞ്ചി, ജാതി, പച്ചക്കറി തുടങ്ങി ഇരുപത്തഞ്ചോളം വിളയിനങ്ങളാണ് കാര്‍ഷിക വിളഇന്‍ഷൂറന്‍സ് പദ്ധതിയില്‍ പെടുന്നത്. നെല്ലിനും പച്ചക്കറിക്കും ഹെക്ടര്‍ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം ലഭിക്കുക. ഇത്തരത്തിലൊരു നഷ്ടപരിഹാരം കര്‍ഷകരുടെ അക്കൗണ്ടുകളിലൂടെ നേരിട്ട് കൈമാറുകയാണ് ചെയ്യുക.

കൃഷിഭവന്‍ മുഖാന്തിരമാണ് ഇന്‍ഷൂറന്‍സ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. ജില്ലയിലെ 89കൃഷിഭനുകളിലും ലക്ഷക്കണക്കിന് കൃഷിക്കാര്‍ കാര്‍ഷിമേഖലയില്‍ സജീവമായിരിക്കുമ്പോഴാണ് ഇതിന്റെ ഒരുശതമാനത്തോളം പേര്‍ വിള ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ വേണ്ടത്ര താല്‍പര്യമെടുക്കുന്നില്ലെന്നും പരാതിയുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.