കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വ്വീസ് നഷ്ടത്തിലേക്ക്; ടൗണ്‍ ടു ടൗണ്‍ സര്‍വ്വീസ് നടത്തും

Thursday 5 July 2018 10:00 pm IST

 

കണ്ണൂര്‍: കണ്ണൂര്‍-പഴയങ്ങാടി-പയ്യന്നൂര്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി നടത്തുന്ന ചെയിന്‍ സര്‍വ്വീസ് നഷ്ടത്തിലായതോടെ ടൗണ്‍ ടു ടൗണ്‍ സര്‍വ്വീസ് നടത്തി ലാഭകരമാക്കാന്‍ ശ്രമം. തിരക്കേറുന്ന രാവിലെയും വൈകിട്ടും കണ്ണൂരില്‍ നിന്നും പയ്യന്നൂരില്‍ നിന്നും ഓരോ ട്രിപ്പ് വീതം ഓടിക്കാനാണ് നീക്കം. പഴയങ്ങാടി വഴി ചെയിന്‍ സര്‍വ്വീസ് തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും 8000-10000 രൂപ വരെയേ പ്രതിദിനം ഒരു ബസ്സിന് കലക്ഷന്‍ ലഭിക്കുന്നുള്ളൂ. 

ചുരുങ്ങിയത് പന്ത്രണ്ടായിരം രൂപയെങ്കിലം കലക്ഷന്‍ ലഭിച്ചാലേ സര്‍വ്വീസ് ലാഭകരമാകുകയുള്ളൂ. തുടങ്ങിയ ഘട്ടത്തില്‍ ലിമിറ്റഡ് സ്റ്റോപ് ചെയിന്‍ സര്‍വ്വീസായിരുന്നു പ്രഖ്യാപിച്ചതെങ്കിലും പിന്നീടതായി ഓര്‍ഡിനറിയായി മാറ്റുകയായിരുന്നു. പയ്യന്നൂര്‍ കണ്ണൂര്‍ ഡിപ്പോകളില്‍നിന്നും അഞ്ചുവീതം ബസ്സുകളാണ് ഇത്തരത്തില്‍ സര്‍വ്വീസ് നടത്തന്നത്. 

മിക്ക ട്രിപ്പുകളിലും മെച്ചപ്പെട്ട യാത്രക്കാരെ ലഭിക്കുന്നുണ്ടെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ അവകാശപ്പെടുന്നതെങ്കിലും വരുമാനം കൂടിവരുന്നില്ല. സ്വകാര്യ ബസ്സ് മാത്രം സര്‍വ്വീസ് നടത്തിയിരുന്ന റൂട്ടില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ ഓടിത്തുടങ്ങിയതോടെ ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന നൂറുകണക്കിന് സ്വകാര്യ ബസ്സുകള്‍ പ്രതിസന്ധിയിലാണ്.

സ്വകാര്യ ബസ്സുകളുടെ പ്രതിദിന വരുമാനം കുത്തനെ കുറഞ്ഞതോടെ നഷ്ടം കൂടിവരുന്നതായാണ് ഉടമകള്‍പറയുന്നത്. ഇതിനെത്തുടര്‍ന്ന് ഈ റൂട്ടിലെ സ്വകാര്യബസ്സുടമകള്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.

കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തിയതോടെ ഈ റൂട്ടില്‍ വര്‍ഷങ്ങളായി ജനങ്ങളനുഭവിച്ചുവരുന്ന യാത്രാദുരിതത്തിന് അറുതിയായിട്ടുണ്ട്. പഴയങ്ങാടി-താവം മേല്‍പ്പാലത്തിന്റെ പണി നടക്കുന്നതിനാല്‍ ഈ റൂട്ടില്‍ ഗതാഗതക്കുരുക്ക് നിത്യസംഭവമാണ്. ഇതുമൂലം കൃത്യമായ സമയ പരിധിക്കുള്ളില്‍ ഓടിയെത്താന്‍ കെഎസ്ആര്‍ടിസിക്ക് കഴിയാതെ വരുന്നതും നഷ്ടത്തിന് കാരണമായിട്ടുണ്ട്. 

ഇതിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ ബസ്സുകള്‍ക്ക് ഭീഷണിയില്ലാത്ത തരത്തില്‍ സമയം മാറ്റം വരുത്താനും കെഎസ്ആര്‍ടിസി ആലോചിക്കുന്നതായാണ് അറിയുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.