ബസ് സ്റ്റാന്റ് നവീകരണ പ്രവര്‍ത്തി പാതിവഴിയില്‍: പഴയങ്ങാടിയില്‍ ഗതാഗതക്കുരുക്ക് രൂക്ഷം

Thursday 5 July 2018 10:00 pm IST

 

പഴയങ്ങാടി: പഴയങ്ങാടി ബസ് സ്റ്റാന്റ് നവീകരണ പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതമായി നീളുന്നത് യാത്രക്കാര്‍ക്കും ബസ് ജീവനക്കാര്‍ക്കും വ്യാപാരികള്‍ക്കും ദുരിതമായി മാറുന്നു.

 കാലപഴക്കം കൊണ്ട് തകര്‍ന്നടിഞ്ഞ് താറുമാറായ ഏഴോം പഞ്ചായത്തിന്റെ അധീനതയിലുള്ള പഴയങ്ങാടി ബസ് സ്റ്റാന്റ് കോണ്‍ക്രീറ്റ് ചെയ്ത് നവീകരിക്കാനാണ് പദ്ധതിയിട്ടിരുന്നത്. ഇതിനായി രണ്ട് മാസമായി ബസ് സ്റ്റാന്റ് അടച്ചിട്ടിരിക്കുകയാണ്. നിര്‍മ്മാണ പ്രവര്‍ത്തി തുടങ്ങിയെങ്കിലും പാതിവഴിയില്‍ നിലച്ചിട്ട് ഒരു മാസമായി. കരാറുകാരനും എഞ്ചിനിയര്‍മാരും തമ്മിലുള്ള പിണക്കമാണ് പ്രവര്‍ത്തി പാതിവഴിയില്‍ നിലക്കാന്‍ കാരണമായത്. നിര്‍മ്മാണത്തിനിറക്കിയ സാമഗ്രികളുടെ ഗുണനിലവാരമില്ലായ്മയുടെ പേരിലാണ് ബന്ധപെട്ട ഉദ്യോഗസ്ഥര്‍ നിര്‍മ്മാണ പ്രവര്‍ത്തി നിര്‍ത്തിവെച്ചത്.  

1.35 കോടി എംഎല്‍എ ഫണ്ട് ഉപയോഗിച്ചാണ് നവീകരണം നടത്തുന്നത്. എന്നാല്‍ കരാര്‍ തുകക്ക് പുറമെ അമ്പത് ലക്ഷം രൂപ കൂടി അനുവദിച്ചാല്‍ മാത്രമേ നിര്‍മ്മാണ പ്രവര്‍ത്തിപൂര്‍ത്തികരിക്കാന്‍ കഴിയൂ എന്ന നിലപാടിലാണ് കരാറുകാരന്‍. നവീകരണത്തിനായി സ്റ്റാന്റ് അടച്ചതോടെ പല വ്യാപാരികളും സ്ഥാപനം പൂട്ടി മറ്റ് ജോലികള്‍ക്കായി പോയി. ചിലര്‍ നാട് വിട്ടതായും അറിയുന്നു. എംഎല്‍എ ഫണ്ട് ഉപയോഗിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തി പാടെ നിലച്ചിട്ടും സ്ഥലം എംഎല്‍എ ടി.വി.രാജേഷ് പ്രശ്‌നത്തില്‍ ഇടപെടാത്തതില്‍ പ്രതിഷേധം വ്യാപകമായി ഉയര്‍ന്നിട്ടുണ്ട്. ബസ് സ്റ്റാന്റ് നവീകരണ പ്രവര്‍ത്തി വൈകുന്നതു കൊണ്ട് പഴയങ്ങാടിയിലെ ഗതാഗതക്കുരുക്കും ദിനംപ്രതി രൂക്ഷമാവുകയാണ്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.