മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ പെരുമാറിയത് തെരുവ് ഗുണ്ടകളേക്കാള്‍ തരംതാണ നിലയിലെന്ന് അധ്യാപകര്‍

Thursday 5 July 2018 10:01 pm IST

 

തലശ്ശേരി: ഒരിക്കലും ഓര്‍ക്കാനിഷ്ടപ്പെടാത്ത വേദനാജനകമായ അനുഭവമായിരുന്നു കഴിഞ്ഞ ദിവസം തലശ്ശേരി ബിഇഎംപി ഹയര്‍ സെക്കന്ററിയിലെ ക്ലാസ് മുറിയില്‍ ഒരു കൂട്ടം മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ നടത്തിയ പേക്കൂത്തുകളെന്ന് അദ്ധ്യാപകര്‍ പറയുന്നു. അസാധാരണമായ ബഹളവും നിലവിളിയും കേട്ടാണ് ഞങ്ങള്‍ മൂന്ന് അധ്യാപകര്‍ ശബ്ദം കേട്ട ക്ലാസ് മുറിയിലേക്ക് ഓടിയെത്തിയത്. തത്സമയം കണ്ട കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു. 

പ്ലസ് വണ്‍ ക്ലാസില്‍ തനി ഗുണ്ടാ ശൈലിയില്‍ അക്രമം. നിസ്സഹായനായ ഒരു വിദ്യാര്‍ത്ഥിയെ ചില പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് വട്ടംപിടിച്ച് ചുമരിനോട് ചേര്‍ത്ത് വച്ച് ക്രൂരമായി മര്‍ദ്ദിക്കുകയാണ്. വിദ്യാര്‍ത്ഥി അലറി വിളിക്കുന്നുമുണ്ട്. മറ്റൊന്നും ചിന്തിക്കാതെ ഇവര്‍ക്കിടയിലെത്തി പിടിച്ചുമാറ്റാന്‍ ശ്രമിച്ചപ്പോള്‍ കുഴപ്പക്കാരുടെ ക്രോധം പിന്നെ തങ്ങളോടായി. കേട്ടാലറക്കുന്ന ഭാഷയില്‍ തെറിവിളിച്ച് അവര്‍ ഞങ്ങളെ ശാരീരികമായി നേരിട്ടു. പിന്നെ ഉന്തും തള്ളും. ഒരുവിധം എല്ലാവരെയും പിടിച്ചു മാറ്റി. ഈ സമയം അടിയേറ്റ കൈഫ് അവശനായിരുന്നു. വിവരം മറ്റുള്ളവരെ അറിയിച്ച് പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

തെരുവു ഗുണ്ടകളെക്കാള്‍ തരംതാണ ശൈലിയില്‍ പെരുമാറിയ ഈ വിദ്യാര്‍ത്ഥികളുടെ മുഖത്ത് നോക്കി ഇനി എങ്ങിനെ പഠിപ്പിക്കാനാവുമെന്നായിരുന്നു ആശുപത്രിയില്‍ കഴിയുന്ന മുഹമ്മദ് കൈഫിനെ കാണാനെത്തിയ ഒരു അധ്യാപകന്റെ വാക്കുകള്‍. ഏറെ അസ്വസ്ഥനും ആശങ്കാകുലനുമാണ് കൈഫ്. തക്ക സമയത്ത് അദ്ധ്യാപകരെത്തിയത് രക്ഷയായെന്ന് കൈഫ് ആശ്വസിക്കുന്നു. പുന്നോലിലെ ജുനൈസ്-അസ്ലം ദമ്പതികളുടെ മകനാണ്. ഒമ്പതാം ക്ലാസുവരെ കൈഫ് പഠിച്ചത് കോട്ടയത്തെ ചിന്മയ സ്‌കൂളിലാണ്. പത്താംതരമായപ്പോള്‍ മാഹി ചാലക്കര സ്‌കൂളിലെത്തി. അവിടുന്നാണ് ഇത്തവണ ബിഇഎംപിയില്‍ പ്ലസ് വണ്ണിന് ചേര്‍ന്നത്. 

നഗരത്തിലെ ചില ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ റാഗിങ്ങ് എന്ന പേരില്‍ അസഹ്യമായ ചില പേക്കൂത്തുകള്‍ നടക്കാറുണ്ടെന്ന് പറയപ്പെടുന്നു. മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൈമണിയും നല്‍കണം. കൂടാതെ ഭക്ഷണവും. പണം കൃത്യമായി കൊടുക്കാത്ത കുട്ടികള്‍ പലവിധ പീഡനവും നേരിടണം. ഇത്തരം റാഗിങ്ങില്‍ ഭയന്ന് ചില കുട്ടികള്‍ സ്‌കൂളില്‍ നിന്ന് ടിസി വാങ്ങിപ്പോയ സംഭവവും ഉണ്ടെന്നാണ് അറിയുന്നത്. എന്നാല്‍ സ്‌കൂളിന് പേര് ദോഷം വരാതിരിക്കാന്‍ ഇത്തരം വിവരങ്ങള്‍ ബന്ധപ്പെട്ട സ്‌കൂള്‍ അധികൃതര്‍ പുറത്ത് വിടാറില്ല. എന്നാല്‍ ഇപ്പോള്‍ ബിഇഎംപിയില്‍ നടന്ന റാഗിങ്ങിനെപ്പറ്റി പോലിസിലും വിദ്യാഭ്യാസ മേലധികാരികള്‍ക്കും പരാതി നല്‍കണമെന്ന ഉറച്ച നിലപാടിലാണ് അദ്ധ്യാപകരുള്ളത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.