മഹേഷ് വധക്കേസ്: അഴിക്കുള്ളിലായത് സിപിഎം സ്ഥിരം ക്രമിനല്‍ സംഘം

Thursday 5 July 2018 10:12 pm IST

 

കണ്ണൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ചിറ്റാരിപ്പറമ്പിലെ അനന്തോത്ത് മഹേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവര്‍ സിപിഎം നേതൃത്വം തീറ്റിപ്പോറ്റിയ ക്രിമിനല്‍ സംഘം. നിരവധി വര്‍ഷങ്ങളായി സിപിഎം നേതൃത്വത്തിന്റെ ഒത്താശയോടെ ചിറ്റാരിപ്പറമ്പിലും പരിസര പ്രദേശങ്ങളിലും വ്യാപകമായ അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ഈ ക്രിമിനല്‍ സംഘം പ്രദേശത്തുകാര്‍ക്ക് പേടിസ്വപ്നമായിരുന്നു. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തില്‍ പ്രതിഷേധിച്ചാണ് മഹേഷ് ആര്‍എസ്എസ് പ്രവര്‍ത്തനത്തില്‍ സജീവമായത്. സിപിഎം കൊലക്കത്തി മഹേഷിനെതിരെ ഉയരാന്‍ കാരമായതും ഇതു തന്നെയാണ്. 

പാര്‍ട്ടി നേതൃത്വത്തിന്റെ പൂര്‍ണ്ണമായ പിന്തുണയോടെയാണ് ചിറ്റാരിപ്പറമ്പ് കേന്ദ്രീകരിച്ച് ക്രിമിനല്‍ സംഘം അഴിഞ്ഞാടിയത്. സിപിഎം ചിറ്റാരിപ്പറമ്പ് ലോക്കല്‍ സെക്രട്ടറി രഞ്ജിത്താണ് അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഇതിനുള്ള ഉപകാര സ്മരണയെന്ന നിലയില്‍ പ്രദേശത്തെ സഹകരണ സംഘത്തില്‍ രഞ്ജിത്തിന് പാര്‍ട്ടി ജോലി നല്‍കുകയും ചെയ്തിരുന്നു. ചിറ്റാരിപ്പറമ്പ് നഗരത്തില്‍ത്തന്നെ സമയം ചെലവഴിക്കുന്ന രഞ്ജിത്ത് തന്നെയാണ് മഹേഷിനെ കൊലപ്പെടുത്താന്‍ നേതൃത്വം നല്‍കിയതും. ഓണിയന്‍ ബാബുവും കാരാട്ട് പുരുഷോത്തമനും സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിമാരാണ്. മഹേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കോടതി ശിക്ഷിച്ച പതിനൊന്നു പേര്‍ക്കും ഏതെങ്കിലും തരത്തില്‍ പാര്‍ട്ടി ജോലി തരപ്പെടുത്തിക്കൊടുത്തിട്ടുണ്ട്. പ്രതികളില്‍ ചിലരുടെ ഭാര്യമാര്‍ക്കും പാര്‍ട്ടി ഇടപെട്ട് ജോലി നല്‍കിയിട്ടുണ്ട്. 

ചിറ്റാരിപ്പറമ്പ് നഗരത്തില്‍ ഓട്ടോ ഓടിച്ച് കുടുംബം പുലര്‍ത്തിയിരുന്ന മഹേഷ് നാട്ടിലെ എല്ലാ കാര്യങ്ങളിലും ഓടിയെത്തുന്ന പൊതുകാര്യ പ്രസക്തന്‍ കൂടിയായിരുന്നു. വിവാഹമായാലും മരണവീടായാലും കക്ഷി രാഷ്ട്രീയം നോക്കാതെ സജീവമായി ഇദ്ദേഹം ഇടപെടുമായിരുന്നു. ആര്‍എസ്എസിന്റെ പ്രവര്‍ത്തനത്തില്‍ സജീവമായപ്പോഴും ഇതര സംഘടനകളുമായി വൈരാഗ്യം വെച്ച് പുലര്‍ത്താതെ എല്ലാവരുമായി നല്ല ബന്ധം പുലര്‍ത്താന്‍ മഹേഷിന് സാധിച്ചിരുന്നു. മഹേഷിനെ ഇല്ലാതാക്കിയില്ലെങ്കില്‍ തങ്ങളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്ന ഘട്ടത്തിലാണ് സിപിഎം നേതൃത്വത്തിന്റെ ഒത്താശയോടെ മഹേഷിനെ അതി മൃഗീയമായി വെട്ടിക്കൊലപ്പെടുത്തിയത്. 

കേസിലെ പ്രധാന പ്രതിയായ സുനേഷ് നിരവധി കേസുകളില്‍ പ്രതിയാണ്. സ്ഥലം എസ്‌ഐയെ ഉള്‍പ്പടെ അക്രമിച്ച കേസിലെ പ്രതിയായ ഇയാള്‍ക്കെതിരെ നേരത്തെ കാപ്പ ചുമത്തി ജയിലിലടച്ചിരുന്നു. കേസില്‍ പ്രതികളായ ഉത്തമന്‍, പ്രകാശന്‍, മുകേഷ്, ഉമേഷ് എന്നിവര്‍ സമീപ പ്രദേശത്തെ കോട്ട എന്ന സ്ഥലത്തു നിന്നുള്ളവരാണെങ്കിലും ഇവര്‍ സ്ഥിരമായി ചിറ്റാരിപ്പറമ്പ് ടൗണില്‍ തന്നെയാണുണ്ടാവുക. സംഘര്‍ഷങ്ങളുണ്ടാക്കി കോട്ടയിലേക്ക് മുങ്ങുന്ന ഇവരെ പിന്നീട് പോലീസിന് പോലും കണ്ടെത്താന്‍ സാധിക്കില്ല. സംസ്ഥാനത്ത് ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ പോലീസിനെ പോലും ഇവര്‍ക്ക് ഭയമില്ലായിരുന്നു. സിപിഎം നേതൃത്വം ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തിയ ക്രിമിനല്‍ സംഘത്തിന്റെ അനിവാര്യമായ വിധിതന്നെയാണ് കോടതി ഇവര്‍ക്ക് നല്‍കിയ ജീവപര്യന്തം തടവ് ശിക്ഷ.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.