കണ്ണൂര്‍ ജില്ലയിലെ സര്‍ജിക്കല്‍ ബ്ലേഡ് അക്രമം: പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട്

Thursday 5 July 2018 10:13 pm IST

 

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ സര്‍ജിക്കല്‍ ബ്ലേഡ് അക്രമങ്ങള്‍ക്ക് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട്. മഹാരാജാസ് കോളേജിലെ കൊലപാതകത്തിന് പിന്നില്‍ പരിശീലനം സിദ്ധിച്ച സംഘമാണെന്ന പോലീസ് നിഗമനത്തോടെ കണ്ണൂര്‍ ജില്ലയില്‍ നടന്ന അക്രമക്കേസുകളിലും സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാവുകയാണ്.

കണ്ണൂരില്‍ നടന്ന സര്‍ജ്ജിക്കല്‍ ബ്ലേഡ് അക്രമങ്ങളില്‍ പിടിയിലായ എല്ലാവരും പോപ്പുലര്‍ഫ്രണ്ടുകാരാണ്. കഴിഞ്ഞ സെപ്തംബറില്‍ ബിജെപി പ്രവര്‍ത്തകന്‍ സുശീല്‍ കുമാറിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഘം സര്‍ജ്ജിക്കല്‍ ബ്ലേഡ് കൊണ്ട് കുടല്‍മാല കീറിയിരുന്നു. മാരകമായ പരിക്കേറ്റ സുശീല്‍ കുമാര്‍ ഇപ്പോഴും ആരോഗ്യനില വീണ്ടെടുത്തിട്ടില്ല. അഴീക്കോട് രണ്ട് സിപിഎം പ്രവര്‍ത്തകരെ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചതും ഇതേ സമയത്ത് തന്നെയാണ്. കടാങ്കോട്ട് വെച്ച് ലീഗ് പ്രവര്‍ത്തകന്‍ ഷെറീഫിന്റെ വയറിന് കുത്തിപ്പരിക്കേല്‍പ്പിച്ചതും പോപ്പുലര്‍ ഫ്രണ്ട് സംഘമാണ്. നാല് കേസുകളിലായി 14 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. പോപ്പുലര്‍ ഫ്രണ്ട് അക്രമത്തില്‍ പരിക്കേറ്റ ആരുംതന്നെ ഇതുവരെ പൂര്‍വ്വസ്ഥിതിയിലായിട്ടില്ല.

സുശീല്‍ കുമാറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയായ റാസിഖ് എബിവിപി പ്രവര്‍ത്തകന്‍ സച്ചിന്‍ ഗോപാലിനെ കൊലപ്പെടുത്തിയ കേസിലും ലീഗ് പ്രവര്‍ത്തകനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി വസീം ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ബൈക്ക് കത്തിച്ച കേസിലും പ്രതിയാണ്. എബിവിപി പ്രവര്‍ത്തകന്‍ കണ്ണവത്തെ ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ കേസിലെ  മുഴുവന്‍ പ്രതികളെ ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല. ജില്ലയില്‍ വിവിധ അക്രമസംഭവങ്ങളില്‍ പ്രതികളായവര്‍ തമ്മിലുള്ള പരസ്പര ബന്ധവും സര്‍ജ്ജിക്കല്‍ ബ്ലേഡ് അതിവിദഗ്ധമായ പ്രയോഗിക്കാനുള്ള പരിശീലനം ലഭിച്ചതും വിശദമായ അന്വേഷിക്കണമെന്ന ആവശ്യം ശക്തമാക്കിയിട്ടുണ്ട്. 

ശ്യാമപ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നുവെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇത് തള്ളിക്കളയുകയായിരുന്നു. മഹാരാജാസ് കോളേജിലെ അഭിമന്യുവിന്റെ കൊലപാതകത്തോടെ പോപ്പുലര്‍ പ്രവര്‍ത്തകര്‍ക്ക് സംസ്ഥാനവ്യാപകമായി പരിശീലനം ലഭിച്ചിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്.  വിവിധ പ്രദേശങ്ങളില്‍ നടന്ന അക്രമസംഭവങ്ങളിലെ സമാനസ്വഭാവം ഇതാണ് വ്യക്തമാക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.