അന്തര്‍സംസ്ഥാന പാതയിലെ സോളാര്‍ ലൈറ്റുകള്‍ തകരാറിലായി

Thursday 5 July 2018 10:14 pm IST

 

മട്ടന്നൂര്‍: വാഹനാപകടങ്ങള്‍ ഒഴിവാക്കുന്നതിനും മറ്റുമായി സംസ്ഥാന പാതയില്‍ സ്ഥാപിച്ച സോളാര്‍ ലൈറ്റുകള്‍ കൂട്ടത്തോടെ തകരാറിലായി. വാഹനാപകടങ്ങള്‍ ഒഴിവാക്കുന്നതിനുവേണ്ടിയും ഡ്രൈവര്‍മാര്‍ക്ക് സിഗ്നല്‍ ലഭിക്കുന്നതിനും വേണ്ടിയാണ് തലശ്ശേരി-വളവുപാറ റോഡില്‍ നിര്‍മ്മാണം പൂര്‍ത്തിയായ കളറോട് മുതല്‍ വളവുപാറ സോളാര്‍ ലൈറ്റുകള്‍ സ്ഥാപിച്ചത്.

ഇവ സ്ഥാപിച്ച് ദിവസങ്ങള്‍ക്കുള്ളില്‍തന്നെയാണ് തകരാറിലായത്. കളറോട് മുതല്‍ വളവുപാറവരെ 114 ലൈറ്റുകളാണ് സ്ഥാപിച്ചത്.  അപകടവളവ്, സീബ്രാലൈന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ റോഡപകടങ്ങള്‍ കുറക്കുന്നിനാണ് സ്വയം പ്രകാശിക്കുന്ന സോളാര്‍ ലൈറ്റുകള്‍ സ്ഥാപിച്ചത്. എല്‍ഇഡി ബള്‍ബുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ലിങ്ക് ലൈറ്റ് ഏത് സമയത്തും പ്രകാശിച്ചുകൊണ്ടിരിക്കും. 

സോളാറിന്റെ തെരുവ് വിളക്കുകളും ഈ പാതയില്‍ സ്ഥാപിച്ചുവരുന്നുണ്ട്. കോടികള്‍ ചെലവിട്ടാണ് തലശ്ശേരി-വളവുപാറ റോഡ് പുനിര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്. എന്നാല്‍ പണിപൂര്‍ത്തിയായ പല സ്ഥലങ്ങളും അപകടഭീഷണിയുയര്‍ത്തുന്നുണ്ട്. സോളാര്‍ ലൈറ്റുകള്‍ ഒരുപരിധിവരെ ഇതിന് പരിഹാരം കാണുമായിരുന്നു. 

സിഗ്നല്‍ ലൈറ്റുകള്‍ കേടായ കാര്യം കെഎസ്ടിപി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.