പാക് തെരഞ്ഞെടുപ്പ്: മത്സരരംഗം കൈയടക്കാന്‍ തീവ്ര ഇസ്ലാമിക സംഘടനകള്‍

Thursday 5 July 2018 10:17 pm IST

ന്യൂദല്‍ഹി: വരാനിരിക്കുന്ന പാക്കിസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ മത്സരരംഗം കൈയടക്കുന്നത് ഭീകരസംഘടനകളുടെ പിന്‍ബലമുള്ള തീവ്ര ഇസ്ലാമിക സംഘടനകള്‍. ദശകങ്ങളായി പ്രവര്‍ത്തിക്കുന്ന പല രാഷ്ട്രീയ പാര്‍ട്ടികളുടെയും മത്സരരംഗത്തുള്ള സ്ഥാനാര്‍ഥികളുടെ എണ്ണത്തിന്റെ ഇരട്ടിയിലേറെ പേരാണ് അടുത്തിടെ രൂപംകൊണ്ട തീവ്ര മതമൗലികവാദവും ഭീകരവാദവും പ്രോത്സാഹിപ്പിക്കുന്ന സംഘടനകളുടെ സ്ഥാനാര്‍ഥികളായി രംഗത്തെത്തിയിരിക്കുന്നത്. പല പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും 40നും 75 നുമിടയില്‍ സ്ഥാനാര്‍ഥികള്‍ മാത്രമുള്ളപ്പോഴാണിത്.

ശക്തമായ മതനിയമങ്ങള്‍ രാജ്യത്ത് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് 2015 ല്‍ രൂപീകരിച്ച പാക്കിസ്ഥാന്‍സ് തെഹരീഖ് ലബൈക് പാകിസ്ഥാന്റെ (ടിഎല്‍പി) 152 സ്ഥാനാര്‍ഥികളാണ് വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ജമാ അത്ത് ഉലമ ഇ ഇസ്ലം മേധാവി മൗലാന ഫസ്ലുര്‍ റഹ്മാന്‍ നേതൃത്വം നല്‍കുന്ന മറ്റൊരു തീവ്ര മത-രാഷ്ട്രീയ കൂട്ടായ്മയായ മുത്താഹിദാ മജിലിസ് ഇ അമല്‍ (എംഎംഎ) യുടെ 173 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകനായ കൊടുംഭീകരന്‍ ഹാഫിസ് സയ്ദ് നേതൃത്വം നല്‍കുന്ന മില്ലി മുസ്ലിംലീഗിന്റെ അനുബന്ധസംഘടനയായ അള്ളാഹു അക്ബര്‍ തരീഖ് (എഎടി) 43 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. 

നിരോധിത ഭീകരസംഘടനയായ ജമാഅത്ത് ഉദ് ദവയുമായി മില്ലി മുസ്ലിംലീഗ് പുലര്‍ത്തുന്ന ബന്ധത്തെത്തുടര്‍ന്ന് പാക്കിസ്ഥാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മില്ലി മുസ്ലിംലീഗിന് രജിസ്‌ട്രേഷന്‍ നിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് എഎടിയുമായി ഹാഫിസ് സയ്ദ് രംഗത്തെത്തിയത്. 

പ്രധാനകക്ഷികളായ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി 248 മണ്ഡലങ്ങളില്‍ 225 ല്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. പാക്കിസ്ഥാന്‍ തെഹരീഖ് ഇ ഇന്‍സാഫ് 218 ഇടങ്ങളിലും പാക്കിസ്ഥാന്‍ മുസ്ലിംലീഗ് (എന്‍) 193 ഇടങ്ങളിലും മത്സരിക്കുന്നുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.