കേസരി മാധ്യമ പുരസ്‌കാരങ്ങള്‍ ഹരി എസ്. കര്‍ത്തയ്ക്കും രമ്യ ഹരികുമാറിനും

Thursday 5 July 2018 10:23 pm IST

കോഴിക്കോട്: കേസരി വാരിക മാധ്യമപ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള 2017 ലെ കേസരി രാഷ്ട്രസേവാ പുരസ്‌കാരവും രാഘവീയം പുരസ്‌കാരവും പ്രഖ്യാപിച്ചു. മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ക്കുള്ള രാഷ്ട്രസേവാ പുരസ്‌കാരം ജന്മഭൂമി മുന്‍ മുഖ്യപത്രാധിപര്‍ ഹരി എസ്. കര്‍ത്തയ്ക്കും (തിരുവനന്തപുരം) യുവമാധ്യമ പ്രതിഭയ്ക്കുള്ള രാഘവീയം പുരസ്‌കാരം മാതൃഭൂമി ദിനപത്രത്തിലെ രമ്യ ഹരികുമാറിനും (കോഴിക്കോട്) സമ്മാനിക്കും.

കേസരി സ്ഥാപക മാനേജര്‍ എം. രാഘവന്റെ സ്മരണയ്ക്കായാണ് പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയത്. രാഘവീയം പുരസ്‌കാരത്തിന് ഈ വര്‍ഷം അച്ചടി മാധ്യമ രംഗത്തുള്ളവരെയാണ് പരിഗണിച്ചത്. 50,000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് രാഷ്ട്രസേവാ പുരസ്‌കാരം. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് രാഘവീയം പുരസ്‌കാരം.

കഴിഞ്ഞ മുപ്പത് വര്‍ഷമായി മലയാളം, ഇംഗ്ലീഷ് പത്രപ്രവര്‍ത്തന രംഗത്തെ നിറസാന്നിധ്യമാണ് ഹരി എസ്. കര്‍ത്ത. ഇക്കണോമിക് ടൈംസ്, ഇന്ത്യന്‍ എക്‌സ്പ്രസ് തുടങ്ങിയ പത്രങ്ങളില്‍ സാമ്പത്തിക ലേഖകനായിരുന്ന അദ്ദേഹം അമൃത ചാനലിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച 'താരാട്ട് നിലയ്ക്കുന്ന ഊരുകള്‍' എന്ന പരമ്പരയാണ് രമ്യ ഹരികുമാറിനെ രാഘവീയം പുരസ്‌കാരത്തിനര്‍ഹയാക്കിയത്.  മാതൃഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്റര്‍ പി. ബാലകൃഷ്ണന്‍, മാധ്യമപ്രവര്‍ത്തകന്‍ എം. സുധീന്ദ്രകുമാര്‍, ഡോ. എന്‍.ആര്‍. മധു എന്നിവരടങ്ങിയ കമ്മിറ്റിയാണ് ഹരി എസ്. കര്‍ത്തയുടെ പേര് രാഷ്ട്രസേവാ പുരസ്‌കാരത്തിനായി നിര്‍ദേശിച്ചത്. 

മാധ്യമപ്രവര്‍ത്തകരായ യു.കെ. കുമാരന്‍, ഹരീഷ് കടയപ്രത്ത്, എം. ബാലകൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട ജഡ്ജിംഗ് കമ്മിറ്റിയാണ് രമ്യ ഹരികുമാറിനെ രാഘവീയം പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. ഈമാസം 18ന് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമര്‍പ്പിക്കും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.