സുവര്‍ണ തലമുറയെ മെരുക്കാന്‍ ബ്രസീല്‍

Friday 6 July 2018 2:38 am IST
"നെയ്‌മറും സംഘവും പരിശീലനത്തില്‍"

മോസ്‌ക്കോ: കാനറികളെ പറപ്പിക്കാന്‍ ചുവന്ന ചെകുത്താന്മാരിറങ്ങുന്നു. ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ന് മുന്‍ ചാമ്പ്യന്മായ ബ്രസീലും ചുവന്ന ചെകുത്താന്മാരായ ബെല്‍ജിയവും ഏറ്റുമുട്ടും. കസാന്‍ സ്‌റ്റേഡിയത്തില്‍ രാത്രി 11.30 ന് മത്സരം.

ആറാം ലോകകിരീടം തലയിലേറ്റാന്‍ ഒരുങ്ങുന്ന ബ്രസീലിനെ അട്ടിമറിക്കാനുളള തയ്യാറെടുപ്പിലാണ് ബെല്‍ജിയത്തിന്റെ സുവര്‍ണ തലമുറ ടീം. ലോക കിരീടം എത്തിപ്പിടിക്കാന്‍ കിട്ടിയ ഈ സുവര്‍ണാവസരം മുതലാക്കാനുള്ള ഒരുക്കത്തിലാണവര്‍. ഞങ്ങള്‍ക്കിത് സ്വപ്‌ന മത്സരമാണെന്ന് ബെല്‍ജിയത്തിന്റെ പരിശീലകന്‍ മാര്‍ട്ടിനസ് പറഞ്ഞു.

മത്സരത്തിനായി ഞങ്ങള്‍ക്ക് രഹസ്യ അജണ്ടകളൊന്നുമില്ല. പ്രതിരോധവും ആക്രമണവും ഒരു പോലെ ശക്തമാക്കി കാനറികളെ പറപ്പിക്കും. പോരാട്ടത്തിന് ഞങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞെന്ന് കോച്ച് വ്യക്തമാക്കി.

പക്ഷെ ഓരോ മത്സരം കഴിയുന്തോറും മെച്ചപ്പെട്ട കളികാഴ്ചവെയ്ക്കുന്ന ബ്രസീലിനെ തുരത്താന്‍ ബെല്‍ജിയത്തിന് ശക്തമായ പോരാട്ടം തന്നെ കാഴ്ചവെയ്‌ക്കേണ്ടിവരും. നെയ്മറും കുടിഞ്ഞോയും ഫിര്‍മിനോയുമൊക്കെ മികച്ച ഫോമിലാണ്. നെയ്മറും ഫിര്‍മിനോയും ഗോളടിച്ച മത്സരത്തില്‍ മെക്‌സിക്കോയെ തകര്‍ത്താണ് ബ്രസീല്‍ ക്വാര്‍ട്ടറിലെത്തിയത്.

"ബെല്‍ജിയം ടീം ഏദന്‍ ഹസാര്‍ഡിന്റെ നേതൃത്വത്തില്‍ പരിശീലനം നടത്തുന്നു"
ജാവോ മിറാന്‍ഡ, തിയാഗോ സില്‍വ എന്നിവര്‍ നയിക്കുന്ന ബ്രസീലിന്റെ പ്രതിരോധവും കടുകട്ടിയാണ്. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ മാത്രമാണ് ബ്രസീല്‍ ഗോള്‍ വഴങ്ങിയത്. പിന്നീട് ഇതുവരെ ബ്രസീല്‍ വലയില്‍ പന്ത് കയറിയിട്ടില്ല.

പ്രാഥമിക റൗണ്ടിലെ മൂന്ന് മത്സരങ്ങളിലും വിജയിച്ചാണ് ബെല്‍ജിയം പ്രീക്വാര്‍ട്ടറിലെത്തിയത്. ആദ്യ മത്സരങ്ങളില്‍ തകര്‍ത്തുകളിച്ച അവര്‍ പ്രീക്വാര്‍ട്ടറില്‍ ജപ്പാനെതിരെ കഷ്ടിച്ചാണ് വിജയം നേടിയത്്. രണ്ട് ഗോളിന് പിന്നിലായിരുന്ന ബെല്‍ജിയം അവസാന നിമിഷത്തില്‍ ഗോള്‍ നേടി വിജയിക്കുകയായിരുന്നു. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണവര്‍ വിജയിച്ചത്്. ഏദന്‍ ഹസാര്‍ഡ്, കെവിന്‍ ഡി ബ്രൂയന്‍, റൊമേലു ലുക്കാക്കു എന്നിവരാണ് ബെല്‍ജിയത്തിന്റെ കരുത്ത്്.

തുടര്‍ച്ചയായ രണ്ടാം തവണയാണ് ബെല്‍ജിയം ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്നത്. കഴിഞ്ഞ തവണ ബ്രസീലില്‍ നടന്ന ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിന്റെ കിരീട പ്രതീക്ഷ തകര്‍ന്നു. 1986 ലെ ലോകകപ്പില്‍ സെമിയിലെത്തി. സെമിയില്‍ മറഡോണയുടെ അര്‍ജന്റീനയോട് തോറ്റു.

ബ്രസീല്‍ ഇത് പതിനാറാം തവണയാണ് ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്നത്. അഞ്ചുതവണ ബ്രസീല്‍ കിരീടവും നേടി. കഴിഞ്ഞ തവണ സ്വന്തം നാട്ടില്‍ അരങ്ങേറിയ ലോകകപ്പില്‍ ബ്രസീല്‍ സെമിഫൈനലിലെത്തി. സെമിയില്‍ ജര്‍മനിയോട് ഒന്നിനെതിരെ ഏഴു ഗോളുകള്‍ക്ക് തകര്‍ന്നടിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.