അഭിമന്യുവിനെ കൊല്ലാന്‍ വിളിച്ചതാര്?

Friday 6 July 2018 4:11 am IST
പിന്നില്‍ വന്‍ ഗൂഢാലോചന; കൊലയാളി സംഘത്തില്‍ 15 പേര്‍

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. ഇടുക്കി ജില്ലയിലെ വട്ടവടയിലെ വീട്ടിലായിരുന്ന അഭിമന്യുവിനെ കോളേജിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു എന്ന ബന്ധുക്കളുടെ മൊഴിയാണ് നിര്‍ണായകമായത്. അഭിമന്യുവിനെ ആരാണ് വിളിച്ചു വരുത്തിയെന്ന ചോദ്യമാണ് അവശേഷിക്കുന്നത്. എസ്എഫ്‌ഐ അടക്കമുള്ള സംഘടനകളില്‍ ഇസ്ലാമിക തീവ്രവാദികള്‍ നുഴഞ്ഞു കയറിയിട്ടുണ്ട് എന്ന ആരോപണം നിലനില്‍ക്കെ അഭിമന്യുവിന്റെ ബന്ധുക്കളുടെ ആരോപണം ഗുരുതരമാണ്. അഭിമന്യുവിന്റെ കൊലപാതകത്തില്‍ ഗൂഢാലോചനയുണ്ടെന്നാണ് കുടുംബാംഗങ്ങള്‍ ആരോപിക്കുന്നത്. 

ഡിവൈഎഫ്ഐ വട്ടവട മേഖലാ സമ്മേളനത്തിനായി നാട്ടിലെത്തിയ അഭിമന്യുവിനെ തിരികെ കോളേജിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നെന്നാണ് ജ്യേഷ്ഠന്‍ പറയുന്നത്. ക്യാമ്പസ് ഫ്രണ്ടിലുള്ളവര്‍ അഭിമന്യുവിനെ നാട്ടില്‍ നിന്നു വിളിച്ചു വരുത്തില്ല. എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് വളരെ തിടുക്കപ്പെട്ട് അഭിമന്യുവിനെ കോളേജിലേക്ക് വിളിച്ചു വരുത്തിയതെങ്കില്‍ അതെന്തിന് എന്ന ചോദ്യമാണുയരുന്നത്. 

വട്ടവടയില്‍ നിന്ന് രാത്രിയില്‍ പുറപ്പെട്ട് രാവിലെ കോളേജില്‍ എത്താമെന്നായിരുന്നു അഭിമന്യുവിന്റെ കണക്കുകൂട്ടല്‍. എന്നാല്‍, തിരികെച്ചെല്ലാന്‍ ആവശ്യപ്പെട്ടുള്ള ഫോണ്‍കോളുകള്‍ വന്നതോടെ നേരത്തെ പോയി. പച്ചക്കറിവണ്ടിയില്‍ കയറിയാണ്  വൈകുന്നേരം തന്നെ അഭിമന്യു പോയതെന്നും ബന്ധുക്കള്‍ പറയുന്നു. കോളേജിലെത്തി അരമണിക്കൂറിനകം അഭിമന്യു കൊല്ലപ്പെട്ടു. ഇക്കാര്യങ്ങള്‍ വിരല്‍ചൂണ്ടുന്നത് കൊലപാതകം ആസൂത്രിതമാണെന്ന സൂചനയിലേക്കാണെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. 

അഭിമന്യുവിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നാണ് പോലീസ് കോടതിയില്‍ നല്‍കിയ പ്രഥമവിവര റിപ്പോര്‍ട്ട്. ക്യാമ്പസ് ഫ്രണ്ട്-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ കോളേജില്‍ സംഘര്‍ഷങ്ങളൊന്നുമില്ലായിരുന്നു. മുന്‍ നിശ്ചയപ്രകാരമാണ് പ്രതികള്‍ കൊലപാതകം നടത്താനെത്തിയത്. കൊലയാളി സംഘം അഭിമന്യുവിനെ കുത്തിവീഴ്ത്തിയത് രാത്രി 12.30നാണ്. എന്നാല്‍ രാത്രി 9.30ന് സംഘം കോളേജിലെത്തി മടങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥി മുഹമ്മദും സംഘത്തിനൊപ്പമുണ്ടായിരുന്നു. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. 15 പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. ഒരാള്‍ മാത്രമാണ് ക്യാമ്പസില്‍ നിന്നുണ്ടായിരുന്നത്. മറ്റുള്ളവര്‍ കോളേജ് വിദ്യാര്‍ഥികളല്ല. 

അഭിമന്യുവിനെ കൊന്നത് കറുത്ത ഷര്‍ട്ട് ധരിച്ച് പൊക്കം കുറഞ്ഞയാളാണ്. മുഹമ്മദിനൊപ്പം കോളേജിലെത്തിയ 15 അംഗ സംഘമാണ് അക്രമം അഴിച്ചുവിട്ടത്. ചിതറിയോടിയ എസ്എഫ്‌ഐ പ്രവര്‍ത്തകരില്‍ നിന്നും അഭിമന്യുവിനെ പ്രതികള്‍ പിന്നില്‍ നിന്നും കുത്തുകയായിരുന്നു. ഇതേ സംഘം തന്നെയാണ് അര്‍ജുനനെയും ആക്രമിച്ചത്. അഭിമന്യുവിന്റെ ഹൃദയത്തില്‍ കുത്തിയിറക്കിയ കത്തി സെക്കന്‍ഡുകള്‍ക്കുള്ളില്‍ തിരിച്ചെടുത്തു.

മരണം ഉറപ്പാക്കുന്ന വിധത്തിലുള്ള ഇത്തരം ആക്രമണങ്ങള്‍ പ്രൊഫഷണല്‍ സംഘത്തിന് മാത്രമേ കഴിയുവെന്നും റിപ്പോര്‍ട്ടിലുണ്ട്. പ്രതികളായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ഭീകര ബന്ധവും പോലീസ് സംഘം അന്വേഷിക്കുന്നുണ്ട്്. തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകന്റെ കൈവെട്ടിയ സംഭവത്തിന് സമാനമായ ആസൂത്രണത്തോടെയാണ് മഹാരാജാസിലെ കൊലപാതകവും നടത്തിയിരിക്കുന്നതെന്നാണ് പോലീസ് പറയുന്നത്.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.