തായ്‌ലന്റ് ഗുഹയില്‍ മുങ്ങല്‍ വിദ്ഗ്ധന്‍ ശ്വാസം‌മുട്ടി മരിച്ചു

Friday 6 July 2018 11:48 am IST

ബാങ്കോക്ക്:  ഗുഹയ്ക്കുള്ളില്‍ കുടുങ്ങിപ്പോയ കുട്ടികളെ രക്ഷിക്കാനായി ശ്രമിക്കവെ മുങ്ങല്‍ വിദഗ്ധന്‍ ശ്വാസം മുട്ടി മരിച്ചു. വ്യാഴാഴ്ച രാത്രി രണ്ടു മണിക്കായിരുന്നു മുന്‍ സൈനിക മുങ്ങല്‍ വിദ്ഗ്ധന്‍ ശ്വാസതടസത്തെ തുടര്‍ന്നു കുഴഞ്ഞു വീണത്. പിന്നീടു മരണം സംഭവിക്കുകയായിരുന്നു.

ഗുഹയ്ക്കുള്ളിലെ ഓക്‌സിജന്‍ കുറഞ്ഞതു കൊണ്ടാണ് മുങ്ങല്‍ വിദ്ഗധന്‍ കുഴഞ്ഞുവീണതെന്നാണ് കരുതുന്നത്. ഇതേത്തുടര്‍ന്ന് ഗുഹയ്ക്കുള്ളിലേക്ക് ഓക്‌സിജന്‍ പമ്പ് ചെയ്തുതുടങ്ങിയിട്ടുണ്ട്. ഗുഹയ്ക്കുള്ളിലെ ഇടുങ്ങിയവഴിയില്‍ വെള്ളവും ചെളിയും കയറിയ നിലയിലാണ്. ഇതു രക്ഷപ്രവര്‍ത്തത്തെ ദുഷ്‌ക്കരമാക്കുന്നുണ്ട്. ഇത്രയും അനുഭവസമ്പന്നരായ രക്ഷപ്രര്‍ത്തകര്‍ക്കു സുരക്ഷിതമായി പുറത്തുകടക്കാന്‍ കഴിയാത്ത സാഹചര്യത്തല്‍ ഗുഹയ്ക്കുള്ളില്‍ അകപ്പെട്ട കുട്ടികളെക്കുറിച്ചുള്ള ആശങ്കളും ഉയരുന്നുണ്ട്.

ഫുട്‌ബോള്‍ ടീമിലെ പന്ത്രണ്ട് കുട്ടികളും അവരുടെ പരിശീലകനുമാണ് ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയത്. ഇവരെ മോചിപ്പിക്കാന്‍ ഇനിയും മാസങ്ങള്‍ വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. ഗുഹയ്ക്കുള്ളില്‍ സുരക്ഷിതരായി അവരെ കണ്ടെത്തിയെങ്കിലും ഗുഹാമുഖം പരിപൂര്‍ണമായി അടഞ്ഞു പോയതിനാല്‍ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കാന്‍ മാസങ്ങള്‍ വന്നേക്കുമെന്നാണ് സൂചന. അടുത്തകാലത്തു ലോകം കണ്ട ഏറ്റവും വിപുലമായ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ദിവസങ്ങള്‍ക്കു ശേഷം ഇവരെ ഗുഹയില്‍ കണ്ടെത്തിയത്. 

തായ്‌ലന്‍ഡിലെ ചിയാങ് റായി പ്രവിശ്യയില്‍ നിരവധി ഗുഹകളുള്ള പ്രദേശത്താണ് ഇവര്‍ കുടുങ്ങിയത്. കനത്ത മഴയില്‍ നിന്ന് രക്ഷതേടി ഇവര്‍ ഒരു ഗുഹയില്‍ അഭയം പ്രാപിക്കുകയായിരുന്നു. എന്നാല്‍ വെള്ളപ്പൊക്കത്തില്‍ ഗുഹാമുഖം വലിയ പാറക്കല്ലുകളും മണ്ണും വന്ന് അടഞ്ഞു പോയി. പതിനൊന്നു മുതല്‍ പതിനാറു വയസ്സു വരെയുള്ള കുട്ടികളാണ് ഗുഹയില്‍പ്പെട്ടു പോയത്. ഇരുപത്തഞ്ചുകാരനാണ് ഇവര്‍ക്കൊപ്പമുള്ള പരിശീലകന്‍. 

ലോകമാകെ ആകാംക്ഷയോടെ വീക്ഷിച്ച രക്ഷാപ്രവര്‍ത്തനത്തില്‍ വിവിധ രാജ്യങ്ങളിലെ സൈനികരുള്‍പ്പെടെ ആയിരത്തോളം പേരാണ് പങ്കെടുക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.