പാതിരിമാരുടെ പീഡനം: ദേശീയ വനിതാ കമ്മീഷന്‍ ഇന്ന് വീട്ടമ്മയുടെ മൊഴിയെടുക്കും

Friday 6 July 2018 3:17 pm IST

കുറവിലങ്ങാട്്/പത്തനംതിട്ട: ബിഷപ്പ് കന്യാസ്ത്രീയെയും വികാരിമാര്‍ വീട്ടമ്മയെയും  പീഡിപ്പിച്ചെന്ന  പരാതികളില്‍   ദേശീയ വനിതാ കമ്മീഷന്‍ ഇന്ന് നേരിട്ട് തെളിവെടുക്കും. കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മയുടെ നേതൃത്വത്തിലുള്ള രണ്ടംഗ അന്വേഷണ സംഘം തെളിവെടുപ്പിനായി ഇന്ന് തിരുവല്ലയിലും കുറവിലങ്ങാട്ടും  എത്തും.

 കുമ്പസാരരഹസ്യത്തിന്റെ പേരില്‍ വീട്ടമ്മയെ ഓര്‍ത്തഡോക്‌സ് സഭയിലെ പുരോഹിതന്മാര്‍ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന പരാതി ദേശീയമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ ദേശിയവനിതാ കമ്മീഷന്‍ സംസ്ഥാന ഡിജിപി ലോക്‌നാഥ് ബഹ്‌റയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മയും കൗണ്‍സില്‍ അംഗം അഡ്വ. കൃഷ്ണദാസും അടങ്ങുന്ന സംഘം ഇന്ന്  വീട്ടമ്മയെ സന്ദര്‍ശിച്ച് മൊഴി രേഖപ്പെടുത്തും.

വീട്ടമ്മ  പുരോഹിതനോടൊപ്പം മുറിയെടുത്ത കൊച്ചിയിലെ ഹോട്ടലില്‍ അന്വേഷണ സംഘം ഇന്നലെ വീണ്ടും പരിശോധന നടത്തി. 

ജലന്ധര്‍ രൂപതാ ബിഷപ്പിന്റെ പീഡനങ്ങളെപ്പറ്റിയുള്ള മാധ്യമവാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നാണ്  ദേശീയ വനിതാ കമ്മീഷന്‍ ഇന്ന് കുറവിലങ്ങാട് നാട്കുന്നിലെ മഠത്തില്‍ എത്തി കന്യാസ്ത്രീയില്‍ നിന്ന് മൊഴിയെടുക്കുക. 

കോണ്‍വെന്റില്‍ എത്തി കന്യാസ്ത്രീയുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് കേസ് അന്വേഷിക്കുന്ന വൈക്കം ഡിവൈഎസ്പിയുമായും ചര്‍ച്ച  നടത്തും.  ഇതേ സംഭവത്തില്‍ സംസഥാന  വനിതാ കമ്മീഷന്‍ ഇടപെടാത്തതും ശ്രദ്ധേയമാണ്. 

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതി ലഭിച്ച് ദിവസങ്ങളായിട്ടും സംസ്ഥാന വനിതാ കമ്മീഷന്‍ ഇടപെട്ടിട്ടില്ല. ജില്ലാ പോലീസ് ചീഫിന്റെ റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് മാത്രമെ ഇടപെടൂ എന്ന നിലപാടിലാണ് കമ്മീഷന്‍ അദ്ധ്യക്ഷ എം.സി. ജോസഫൈന്‍. ഓര്‍ത്തഡോക്‌സ് സഭയില്‍ യുവതിയെ പുേരാഹിതര്‍  പീഡിപ്പിച്ച സംഭവത്തിലും കമ്മീഷന്‍ ആദ്യം മൗനത്തിലായിരുന്നു. പിന്നീട് ശക്തമായ വിമര്‍ശനം ഉയര്‍ന്നപ്പോഴാണ് റിപ്പോര്‍ട്ട് ആവശ്യപ്പെടാന്‍ തയ്യാറായത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.