നവാസ് ഷെരീഫിന് 10 വര്‍ഷം തടവ്

Friday 6 July 2018 5:26 pm IST
അവന്‍ഫീല്‍ഡ് അഴിമതി കേസുമായി ബന്ധപ്പെട്ടാണ് ശരീഫിന് ശിക്ഷ വിധിച്ചത്. തടവ് ശിക്ഷക്കൊപ്പം ഷെരീഫിന് 8 മില്യണ്‍ പൗണ്ടും മറിയത്തിന് 2 മില്യണ്‍ പൗണ്ട് പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്.

ഇസ്ലാമാബാദ്: കോടികളുടെ അഴിമതിക്കേസില്‍ മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് പത്തു വര്‍ഷവും മകള്‍ മറിയത്തിന് ഏഴു വര്‍ഷവും തടവ്. ലണ്ടനിലെ പണച്ചാക്കുകള്‍ താമസിക്കുന്ന, അവന്‍ഫീല്‍ഡില്‍ നാല് ആഡംബര ഫ്‌ളാറ്റുകള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട കേസാണിത്. ഷെരീഫിനെതിരെ അഴിമതിയുമായി ബന്ധപ്പെട്ട മൂന്നു കേസുകള്‍ വേറെയുണ്ട്. നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ, ഷെരീഫിന്റെ മരുമകന്‍ സഫ്ദര്‍ ആവാനിന് ഒരു വര്‍ഷം തടവും വിധിച്ചിട്ടുണ്ട്. ഷെരീഫും കുടുംബവും ഇപ്പോള്‍ ലണ്ടനിലാണ് താമസിക്കുന്നത്. ഈ ഫ്‌ളാറ്റുകള്‍ പിടിച്ചെടുക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

അഴിമതിക്കേസുകളില്‍ കുടുങ്ങിയതോടെ പാക് സുപ്രീംകോടതിയാണ് ഷെരീഫിനെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കിയത്.തനിക്കെതിരായ നാല് അഴിമതിക്കേസുകളില്‍ ഒന്നില്‍ വിധി പറയുന്നത് ഒരാഴ്ച മാറ്റിവയ്ക്കണമെന്ന ഷെരീഫിന്റെ ആവശ്യം ഇന്നലെ രാവിലെ കോടതി തള്ളി. ഉച്ചയ്ക്കുശേഷം വിധി പ്രഖ്യാപിക്കുകയും ചെയ്തു. ഭാര്യ കുല്‍സും കാന്‍സര്‍ ചികിത്സയിലായതിനാല്‍ വിധി മാറ്റണമെന്നായിരുന്നു ആവശ്യം. വരവില്‍ കവിഞ്ഞ സ്വത്തുസമ്പാദനത്തിന് പത്തു വര്‍ഷവും അന്വേഷണത്തില്‍ സഹകരിക്കാത്തതിന് ഒരു വര്‍ഷം തടവുമാണ് ജഡ്ജി മൊഹമ്മദ് ബഷീര്‍ വിധിച്ചത്. 

എന്നാല്‍ രണ്ടു തടവും ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നും കോടതി വ്യക്തമാക്കി. അഴിമതി പ്രോത്സാഹിപ്പിച്ചതിനാണ് മറിയത്തിന് ശിക്ഷ. ഷെരീഫിനും മക്കള്‍ക്കും വിദേശത്ത് സ്വത്തുണ്ടെന്നും പല കമ്പനികളുമായും ബന്ധമുണ്ടെന്നുമുള്ള കാര്യം പനാമ രേഖകള്‍ വഴി പുറത്തായിരുന്നു. ലണ്ടനിലെ പാര്‍ക്ക് ലെയിനിലുള്ള അവന്‍ഫീല്‍ഡിലെ ഫ്‌ളാറ്റുകള്‍ തങ്ങള്‍ നിയമാനുസൃതം വാങ്ങിയതാണെന്നാണ് ഷെരീഫിന്റെ വാദം.

വിധിയെത്തുടര്‍ന്ന് ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്ന് ഭയന്ന് കോടതിക്ക് കനത്ത കാവലാണ് ഏര്‍പ്പെടുത്തിയിരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.