ഡിജിറ്റല്‍ ലോക്കറിലെ ആധാറും ലൈസന്‍സും തിരിച്ചറിയല്‍ രേഖയാക്കി റെയില്‍വെ

Friday 6 July 2018 8:13 pm IST
ഡിജിറ്റല്‍ ലോക്കര്‍ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത ശേഷം ഇഷ്യൂഡ് ഡോക്യുമെന്റ്‌സ് വിഭാഗത്തില്‍ ലഭ്യമാകുന്ന ആധാര്‍ കാര്‍ഡും ഡ്രൈവിംഗ് ലെസന്‍സും ആണ് തിരിച്ചറിയല്‍ രേഖയായി കാണിക്കാനാവുക.

ന്യൂദല്‍ഹി: ഡിജിറ്റല്‍ ലോക്കര്‍ അക്കൗണ്ടില്‍ സൂക്ഷിച്ചിട്ടുള്ള ആധാര്‍ കാര്‍ഡും ഡ്രൈവിങ് ലൈസന്‍സും ട്രെയിന്‍ യാത്രാവേളയില്‍ തിരിച്ചറിയല്‍ രേഖയായി റെയില്‍വെ മന്ത്രാലയം അംഗീകരിച്ചു. ഡിജിറ്റല്‍ ലോക്കര്‍ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത ശേഷം ഇഷ്യൂഡ് ഡോക്യുമെന്റ്‌സ് വിഭാഗത്തില്‍ ലഭ്യമാകുന്ന ആധാര്‍ കാര്‍ഡും ഡ്രൈവിംഗ് ലെസന്‍സും ആണ് തിരിച്ചറിയല്‍ രേഖയായി കാണിക്കാനാവുക. 

അതേസമയം ഉപഭോക്താവ് സ്വയം അപ്‌ലോഡ് ചെയ്തു വച്ചിരിക്കുന്ന രേഖകള്‍(ലോക്കറിലെ അപ്‌ലോഡഡ് ഡോക്യുമെന്റ്‌സ് വിഭാഗത്തിലുള്ളത്) തിരിച്ചറിയല്‍  രേഖയായി പരിഗണിക്കില്ല. നിലവില്‍ ഇന്ത്യന്‍ റെയില്‍വെയില്‍ റിസര്‍വ് ചെയ്ത ട്രെയിന്‍ യാത്രയ്ക്ക് തിരിച്ചറിയല്‍ രേഖകളായി പരിഗണിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകളുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍, സ്‌കൂളുകള്‍/കോളേജുകളിലെ തിരിച്ചറിയല്‍ കാര്‍ഡുകള്‍, ദേശസാത്കൃത ബാങ്കുകളുടെ ഫോട്ടോ പതിച്ച പാസ്സ്ബുക്കുകള്‍, ആധാര്‍ കാര്‍ഡ് തുടങ്ങിയവയാണ്. 

കമ്പ്യൂട്ടറൈസ്ഡ് പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം വഴി ബുക്ക് ചെയ്ത ടിക്കറ്റുകളുമായി സ്ലീപ്പര്‍, സെക്കന്‍ഡ് റിസര്‍വ്ഡ് സിറ്റിംഗ് ക്ലാസുകളില്‍ യാത്ര ചെയ്യുമ്പോള്‍ റേഷന്‍കാര്‍ഡിന്റെ അറ്റസ്റ്റ് ചെയ്ത പകര്‍പ്പും ഫോട്ടോയും, ദേശസാത്കൃത ബാങ്കിന്റെ പാസ്സ്ബുക്കും ഫോട്ടോയും  തിരിച്ചറിയല്‍ രേഖകളായി പരിഗണിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.