സ്വപ്രയത്‌നത്തിന്റെ പ്രഭാവം

Saturday 7 July 2018 2:31 am IST

ഈശ്വരാന്വേഷണത്തില്‍ സ്വപ്രയത്‌നത്തിന്റ പ്രഭാവം ശ്രോതാക്കള്‍ക്കു മനസ്സിലാവാന്‍ വേണ്ടി അമ്മ ഒരു കഥ പറഞ്ഞു. 

     ''ഭൂപദേവന്‍ എന്നു പേരായ ഒരു കുട്ടിയുണ്ടായിരുന്നു. വിദ്യാഭ്യാസത്തിനുവേണ്ടി അവന്‍ ഒരു ഗുരുകുലത്തില്‍ ചേര്‍ന്നു. അവന്‍ ബുദ്ധികുറവുള്ള ഒരു വിദ്യാര്‍ത്ഥിയായിരുന്നു. ഗുരു അഭ്യസിപ്പിക്കുന്ന പാഠങ്ങളൊന്നും അവനു ഗ്രഹിക്കാന്‍ കഴിഞ്ഞിരുന്നില്ല. സതീര്‍ത്ഥ്യരായ കുട്ടികള്‍ അവനെ മോശക്കാരനെന്നു പറഞ്ഞു കളിയാക്കുമായിരുന്നു. മനസ്സു മടുത്ത കുട്ടി, ഒരു ദിവസം ആരോടും പറയാതെ ഗുരുകുലത്തില്‍നിന്നും ഒളിച്ചോടിപ്പോയി. അവന്‍ ബഹുദൂരം ഓടി അങ്ങകലെ എത്തി. പരിക്ഷീണനായപ്പോള്‍ അവന്‍ വിശ്രമിക്കുവാനായി ഒരു പൊതുകിണറിന്റെ സമീപം ഇരുന്നു. സ്ത്രീ

കളും പുരുഷന്മാരും ആ കിണറ്റില്‍ നിന്നും വെള്ളം കോരുന്നുണ്ടായിരുന്നു. പെട്ടെന്നു ഭൂപദേവന്റെ കണ്ണുകള്‍ കിണറ്റിന്‍കരയിലുള്ള ഒരു കല്ലില്‍ പതിഞ്ഞു. ആ പരുപരുത്ത ശിലയുടെ ഉപരിതലം ജലപാത്രങ്ങളുടെ നിരന്തരമായ പെരുമാറ്റം മൂലം തേഞ്ഞു മിനുസമുള്ളതായി മാറിയിരിക്കുന്നു. അതു കണ്ടപ്പോള്‍ പെട്ടെന്നൊരു സത്യം അവന്റെ ബുദ്ധിയില്‍ വെട്ടിത്തിളങ്ങി. പരുപരുത്ത പാറപോലും പാത്രങ്ങളുടെ നിരന്തര സമ്പര്‍ക്കം മൂലം തേഞ്ഞു മിനുസമുള്ളതായി മാറിയിരിക്കുന്നു. അതേ, ഈശ്വരന്‍ എനിക്കും കുറച്ചു ബുദ്ധി തന്നിട്ടുണ്ട്.

താനും ജ്ഞാനസമ്പാദനത്തിന് ഇടതടവില്ലാടെ പരിശ്രമിച്ചാല്‍ അസാദ്ധ്യമായിട്ടൊന്നുമില്ല. ഭൂപദേവന്‍ ദൃഢമായി പ്രതിജ്ഞയെടുത്തു. നവമായ ഒരു ആശയും ആവേശവും അവനില്‍ ഉണര്‍ന്നു. അവന്‍ ഗുരുകുലത്തിലേക്കു മടങ്ങിച്ചെന്നു. പാഠങ്ങള്‍ ഗ്രഹിക്കുന്ന കാര്യത്തില്‍ അവന്‍ അടിമുടി ആമഗ്നനായി. സ്ഥിരമായ പരിശ്രമത്തിലൂടെ അവന്‍ അത്യദ്ഭുതകരമായ ഏകാഗ്രത സ്വായത്തമാക്കി. വിശ്രമം കിട്ടുമ്പോഴെല്ലാം അവന്‍ ഗുരുവിനെ ഉത്സാഹത്തോടെ പരിചരിച്ചു. മറ്റു സമയങ്ങളില്‍ പഠനങ്ങളില്‍ ശ്രദ്ധിച്ചു.

അക്കൊല്ലം എല്ലാവരേയും വിസ്മയിപ്പിക്കുമാറ് പരീക്ഷയില്‍ അവന്‍ ഒന്നാമനായി ജയിച്ചു. ബുദ്ധിയുടെ തേജസ്സ് അവനില്‍ പ്രകാശിതമായി. വേദേതിഹാസങ്ങളില്‍ അവനു അഗാധജ്ഞാനമുണ്ടായി. കാലംചെന്നപ്പോള്‍, രാജകീയ സദസ്സിലെ പ്രധാന പണ്ഡിതനായി. പിന്നെ പ്രാഡ്വിപാകനെന്ന ഉന്നതപദവിയിലേക്കു ഉയര്‍ത്തപ്പെട്ടു. അദ്ദേഹത്തിന്റെ പ്രശസ്തി നാടെങ്ങും പരന്നു. 

     വിശ്വാസത്തിന്റേയും നിശ്ചയദാര്‍ഢ്യത്തിന്റേയും സ്വപ്രയത്‌നത്തിന്റേയും ഉണര്‍വിലാണ് വിജയം വരുന്നത്.''

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.