രജിസ്ട്രാര്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

Saturday 7 July 2018 2:11 am IST

കൊച്ചി : മുന്‍പു തീരുമാനിച്ച പ്രകാരം കേസ് ലിസ്റ്റ് ചെയ്യാത്ത ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം. 

മുന്‍മന്ത്രി തോമസ് ചാണ്ടി ഡയറക്ടറായ ലേക് പാലസ് റിസോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജി ഇന്നലെ പരിഗണിക്കാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഈ ഹര്‍ജി ബെഞ്ചില്‍ വന്നില്ല. തുടര്‍ന്ന് രജിസ്ട്രാറെ വിമര്‍ശിച്ച സിംഗിള്‍ ബെഞ്ച്  ഇതിന്  വിശദീകരണവും  തേടി. ബണ്ട് റോഡ് നികത്തിയെന്ന വിജിലന്‍സ് കേസ് റദ്ദാക്കാന്‍ മുന്‍മന്ത്രി തോമസ് ചാണ്ടി ഡയറക്ടറായ ലേക് പാലസ് റിസോര്‍ട്ട് അധികൃതര്‍ നല്‍കിയ ഹര്‍ജിയാണ് വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റിയിരുന്നത്. എന്നാല്‍ ഇന്നലെ രാവിലെ ഹര്‍ജിയിലെ എതിര്‍ കക്ഷികളിലൊരാളുടെ അഭിഭാഷകനായ ജോസഫ് റോണി ജോസ്, കേസ് ഇന്നത്തെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നു കോടതിയില്‍ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ഇതു സംബന്ധിച്ച് ബന്ധപ്പെട്ട ഡെപ്യൂട്ടി രജിസ്ട്രാര്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍, സെക്ഷന്‍ ഓഫീസര്‍ എന്നിവര്‍ ഉച്ചയ്ക്ക് 1.45 ന് തന്റെ ചേംബറില്‍ ഹാജരായി വിശദീകരണം നല്‍കണമെന്ന് ജഡ്ജി ആവശ്യപ്പെട്ടു. ഹര്‍ജി ഉച്ചയ്ക്കു ശേഷം പരിഗണിക്കുമെന്നും വ്യക്തമാക്കി. 

ഉച്ചയ്ക്കു മൂന്ന് ഉദ്യോഗസ്ഥരും ചേംബറില്‍ ഹാജരായി കാരണം വിശദീകരിച്ചു. ആശയവിനിമയത്തില്‍ വന്ന പിഴവാണ് കാരണമെന്ന് മൂവരും വ്യക്തമാക്കി. ഇതു തൃപ്തികരമാണെന്ന് വിലയിരുത്തിയ ജഡ്ജി ഉച്ചയ്ക്കു ശേഷം ഹര്‍ജി പരിഗണനയ്‌ക്കെടുത്ത് ജൂലൈ 11 ലേക്ക് മാറ്റി. കരിവേലിപ്പാടശേഖരത്തിലെ ബണ്ട് റോഡ് മണ്ണിട്ടു നികത്തിയെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ കോട്ടയം വിജിലന്‍സ് കോടതി ഉത്തരവിട്ടതിനെതിരെയാണ് ലേക് പാലസ് റിസോര്‍ട്ട് അധികൃതര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.