ചുവപ്പ്-ജിഹാദി അവിശുദ്ധ സഖ്യത്തിന്റെ വഴികള്‍

Saturday 7 July 2018 7:15 am IST

ചെങ്ങന്നൂരില്‍ സഹായിച്ചത് മറയില്ലാതെ

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലടക്കം സിപിഎം  എസ്ഡിപിഐയുടെ നിര്‍ലോഭ പിന്തുണ പരസ്യമായി സ്വീകരിച്ചിരുന്നു.  എസ്ഡിപിഐ, വെല്‍ഫയര്‍ പാര്‍ട്ടി, ഐഎന്‍എല്‍ തുടങ്ങിയ പാര്‍ട്ടികളും പോപ്പുലര്‍ ഫ്രണ്ട്, ജമാഅത്തെ ഇസ്ലാമി അടക്കമുള്ള തീവ്രവാദ പ്രസ്ഥാനങ്ങളും ചെങ്ങന്നൂരില്‍ ഇടതുപക്ഷത്തിനൊപ്പമായിരുന്നു. 

വീടുകളില്‍ കയറിയിറങ്ങി വോട്ടു തേടിയും ലഘുലേഖകള്‍ പ്രസിദ്ധീകരിച്ചും വര്‍ഗീയ വികാരമിളക്കി വിട്ടായിരുന്നു ഇത്തരം സംഘടനകള്‍ പരസ്യമായി ഇടതുപക്ഷത്തിനു വേണ്ടി രംഗത്തിറങ്ങിയത്. ഫാസിസത്തിനെതിരായ പോരാട്ടത്തിന് കരുത്തേകാന്‍ ഇടതുപക്ഷം ജയിക്കണമെന്നായിരുന്നു പൊതു മുദ്രാവാക്യം. മാന്നാര്‍ പോലുള്ള മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ആദ്യമായി ഇടതുപക്ഷം മുന്നിലെത്തിയതും ഇക്കൂട്ടരുടെ സഹായത്തോടെയാണ്. 

പ്രചാരണ സമയത്ത് പല കാര്യങ്ങളിലും സിപിഐയും സിപിഎമ്മും ഭിന്നതയിലായിരുന്നെങ്കിലും എസ്ഡിപിഐ അടക്കമുള്ള വര്‍ഗീയ, തീവ്രവാദ സംഘടനകളുടെ വോട്ട് വേണമെന്നതില്‍ ഒരേ അഭിപ്രായമായിരുന്നു. മാണിയുടെ വോട്ട് വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും, ആര്‍എസ്എസ്സിന്റെ വോട്ട് വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രസ്താവനാ യുദ്ധം നടത്തിയെങ്കിലും എസ്ഡിപിഐ, പോപ്പുലര്‍ഫ്രണ്ട് സംഘടനകളുടെ വോട്ട് വേണ്ടെന്ന് പറയാനുള്ള ആര്‍ജവം കാട്ടിയില്ല. പരസ്പരാശ്രിത സംഘടനകളായാണ് ഇടതുമുന്നണിയും എസ്ഡിപിഐയും പ്രവര്‍ത്തിച്ചത്.

ഈരാറ്റുപേട്ടയിലും ധാരണ

കോട്ടയം: എസ്ഡിപിഐയുമായി രഹസ്യധാരണയില്‍ സിപിഎം അധികാരത്തില്‍ എത്തിയ നഗരസഭയാണ് ഈരാറ്റുപേട്ട. കഴിഞ്ഞ മെയ് മാസത്തില്‍ ജനപക്ഷവുമായി തെറ്റിപ്പിരിഞ്ഞതോടെ ഇവിടെ സിപിഎമ്മിന് ഭരണം നഷ്ടമായി. 

ഏറെക്കാലം മുസ്ലീംലീഗിന്റെ നേതൃത്വത്തില്‍ യുഡിഎഫ് ആയിരുന്നു ഇവിടെ ഭരണം നിലനിര്‍ത്തിയിരുന്നത്. ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പി.സി. ജോര്‍ജിന്റെ ജനപക്ഷവുമായി ചേര്‍ന്നാണ് എല്‍ഡിഎഫ് മത്സരിച്ചത്. കൂടെ എസ്ഡിപിഐയുടെ പരോക്ഷ പിന്തുണയും  ലഭിച്ചു. ഇങ്ങനെയാണ് ആദ്യമായി ഈരാറ്റുപേട്ടയില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തിയത്.

തെരഞ്ഞെടുപ്പില്‍ 28 അംഗസഭയില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലായിരുന്നു. എല്‍ഡിഎഫും ജനപക്ഷവും ചേര്‍ന്ന്-13, യുഡിഎഫ്-11, എസ്ഡിപിഐ-4 എന്നിങ്ങനെയായിരുന്നു കക്ഷിനില. ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ നിന്ന് എസ്ഡിപിഐ വിട്ടുനിന്നതോടെ എല്‍ഡിഎഫിന് ഭൂരിപക്ഷമായി. നഗരസഭയിലെ നിര്‍ണായക ചര്‍ച്ചകളിലും ഇതായിരുന്നു എസ്ഡിപിഐ നിലപാട്. വോട്ടിംഗ് വരുന്ന ഘട്ടങ്ങളിലെല്ലാം എസ്ഡിപിഐ വിട്ടുനിന്ന് എല്‍ഡിഎഫിനെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചു. സിപിഎം പ്രദേശിക നേതൃത്വവും എസ്ഡിപിഐയുമായി നടത്തിയ രഹസ്യധാരണയിലാണ് ഭരണം നിലനിര്‍ത്തി പോന്നിരുന്നത്.

എന്നാല്‍ കഴിഞ്ഞ മെയ് മാസത്തില്‍ നഗരസഭയില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി. ചെയര്‍മാനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിലൂടെയാണ് എല്‍ഡിഎഫിന് ഭരണം നഷ്ടമായത്. ജനപക്ഷത്തിന്റെ പിന്തുണയോടെയാണ് യുഡിഎഫിന്റെ പ്രമേയം വിജയിച്ചത്. 15 വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.