ജൈവ പഞ്ചായത്ത് ജില്ലാതല അവാര്‍ഡുകള്‍ വിതരണം ചെയ്തു

Friday 6 July 2018 9:22 pm IST

 

കണ്ണൂര്‍: ജൈവ പഞ്ചായത്ത് ജില്ലാതല അവാര്‍ഡ് വിതരണവും ജൈവ റോഡ് പദ്ധതിയുടെയും സ്ഥാപന പച്ചക്കറി കൃഷി പദ്ധതിയുടെയും ഉദ്ഘാടനവും സി.കൃഷ്ണന്‍ എംഎല്‍എ നിര്‍വഹിച്ചു. ജൈവ കൃഷിയില്‍ ജില്ലാതലത്തില്‍ മികച്ച നേട്ടം കൈവരിച്ച പഞ്ചായത്തുകള്‍ക്കാണ് കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പ് അവാര്‍ഡുകള്‍ നല്‍കിയത്. ഒന്നാം സ്ഥാനം നേടിയ മയ്യില്‍ പഞ്ചായത്തിനു പ്രശസ്തി പത്രവും മൂന്നു ലക്ഷം രൂപയുമാണ് സമ്മാനമായി ലഭിച്ചത്. രണ്ടാം സ്ഥാനം നേടിയ പായം പഞ്ചായത്തിനു പ്രശസ്തി പത്രവും രണ്ടു ലക്ഷം രൂപയും, മൂന്നാം സ്ഥാനം നേടിയ ചെറുപുഴ ഗ്രാമപഞ്ചായത്തിനു ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ലഭിച്ചു.

ചടങ്ങില്‍ ചെറുപഴ ഗ്രാമ പഞ്ചായത്ത് 2018-19 വര്‍ഷത്തില്‍ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ജൈവ റോഡ് പദ്ധതിയുടെയും കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പിന്റെ സ്ഥാപന പച്ചക്കറി കൃഷിയുടെയും ഉദ്ഘാടനവും എംഎല്‍എ നിര്‍വഹിച്ചു. ആത്മ അവാര്‍ഡ് വിതരണം പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ടി.പി.നൂറുദ്ദീന്‍ നിര്‍വഹിച്ചു. മികച്ച കര്‍ഷക ഗ്രൂപ്പിനുള്ള അവാര്‍ഡ് കാങ്കോല്‍ എം.ഇ.കെ സ്മാരക വായനശാലയുടെ ഭാരവാഹികളും മികച്ച കര്‍ഷകയ്ക്കുള്ള പുരസ്‌കാരം കിഴക്കെക്കൊവ്വലിലെ കെ. സുഹറയും ഏറ്റുവാങ്ങി. പരിപാടിയോടനുബന്ധിച്ച് നല്ല കൃഷിരീതി കര്‍ഷക മുന്നേറ്റത്തിന് എന്ന വിഷയത്തില്‍ നീലേശ്വരം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍. വീണാറാണി നയിച്ച കര്‍ഷക സെമിനാറും നടന്നു.

തരിശായി കിടക്കുന്ന കൃഷിഭൂമി തദ്ദേശ സ്ഥാപനങ്ങള്‍ വഴി ഏറ്റെടുത്ത് കര്‍ഷക ഗ്രൂപ്പുകള്‍ക്ക് നല്‍കണമെന്നാണ് സര്‍ക്കാര്‍ തീരുമാനമെന്ന് എം.എല്‍.എ പറഞ്ഞു. പയ്യന്നൂര്‍ നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി കാര്‍ഷിക മേഖലയ്ക്കാണ് ഊന്നല്‍ നല്‍കേണ്ടത്. കൃഷി വ്യാപിപ്പിക്കുന്നതിനും ജൈവ കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിനും തുല്യ പരിഗണനയാണ് സംസ്ഥാന കൃഷി വകുപ്പ് നല്‍കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധങ്ങളായ പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ചെറുപുഴ സെന്റ് ജോര്‍ജ്ജ് കത്തോലിക്കാപള്ളി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ചെറുപുഴ പഞ്ചായത്ത് പ്രസിഡണ്ട് കൊച്ചുറാണി ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി.ജാനകി ടീച്ചര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജാന്‍സി ജോണ്‍സണ്‍, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡെന്നി കാവാലം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.ആര്‍ സുലോചന, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോസഫ് മുള്ളന്‍മട, മറിയാമ വര്‍ഗീസ് അമ്പാട്ട്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലളിതാ ബാബു, വി.കൃഷ്ണന്‍ മാസ്റ്റര്‍, കെ.കെ ജോയി, ചെറുപുഴ ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ.എഫ് അലക്‌സാണ്ടര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ അനില ദേവസ്യ, കണ്ണൂര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ മറിയം ജേക്കബ്, കണ്ണൂര്‍ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ (ഡബ്ല്യൂ.എം) എ.കെ. വിജയന്‍, കണ്ണൂര്‍ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ വി.കെ ലളിത, പയ്യന്നൂര്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എസ്. സ്വപ്‌ന, സെന്റ് ജോര്‍ജ്ജ് കത്തോലിക്കാ ചര്‍ച്ച് വികാരി ഫാദര്‍ ജോണ്‍ പനച്ചിപറമ്പില്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.കൃഷ്ണന്‍, തങ്കച്ചന്‍ കാവാലം, റെജി ജോസഫ്, ജോയ് ജോസഫ് ചൂരനാനി, അക്ബര്‍ കോലുവള്ളി, മോഹനന്‍ പാലങ്ങാടന്‍, കെ.വി.വിജയന്‍, എന്‍.ടി.സുരേഷ്‌കുമാര്‍, തോമസ് പുളിക്കല്‍, ചെറുപുഴ കൃഷി ഓഫീസര്‍ ജയരാജന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.