കണ്ണൂര്‍ വിമാനത്താവളത്തില്‍ കാര്‍ഷികോല്‍പപന്ന കാര്‍ഗോ കോംപ്ലക്‌സ് നിര്‍മ്മിക്കും: വി.തുളസീദാസ്

Friday 6 July 2018 9:24 pm IST

 

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കാര്‍ഷികോല്‍പന്നങ്ങളുടെ കയറ്റുമതിക്കായി അത്യാധുനികാ സംവിധാനത്തോടു കൂടിയ കാര്‍ഗോ കോംപ്ലക്‌സ് നിര്‍മിക്കുമെന്നു വിമാനത്താവള എംഡി വി.തുളസീദാസ്. കാര്‍ഗോ കോംപ്ലക്‌സിന്റെ ടെണ്ടന്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡെസ്റ്റിനേഷന്‍ കണ്ണൂര്‍ ഓപ്പര്‍ച്യുനിറ്റീസ് അണ്‍ലിമിറ്റഡ് എന്ന പേരില്‍ കണ്ണൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ ചേംബര്‍ ഹാളില്‍ സംഘടിപ്പിച്ച അഗ്രിക്കള്‍ച്ചറല്‍ മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തുളസീദാസ്. യാത്രക്കാരെ പോലെ തന്നെ കയറ്റുമതിയിലും മുന്നിട്ടു നിന്നാലേ വിമാനത്താവളങ്ങള്‍ ലാഭകരമായി കൊണ്ടു പോകാനാവൂ. വടക്കെ മലബാര്‍, കുടക് ഉള്‍പ്പെടെയുള്ള കര്‍ണാടകയുടെ കാര്‍ഷിക മേഖലകള്‍ എന്നിവ കണ്ണൂര്‍ വിമാനത്താവള പരിധിയില്‍പ്പെടുന്നതാണ്. അതുകൊണ്ടു തന്നെ കാര്‍ഷികോല്‍പന്ന കയറ്റുമതിയുടെ സാധ്യതകളും ഏറെയുണ്ട്. ഇത് പരമാവധി ഉപയോഗപ്പെടുത്താനുള്ള പദ്ധതികളാണ് വിമാനത്താവള കമ്പനിയായ കിയാല്‍ ലക്ഷ്യമിടുന്നത്. 

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യാന്‍ സാധിക്കുന്നതാണ് പഴങ്ങളും പച്ചക്കറിയുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനാലാണ് അത്യാധുനിക സംവിധാനത്തോടെയുള്ള കാര്‍ഗോ കോംപ്ലക്‌സ് നിര്‍മിക്കുന്നത്. എന്നാല്‍ ഇത്തരം സംവിധാനം ഏര്‍പ്പെടുത്തുമ്പോള്‍ സുരക്ഷ വലിയ കാര്യമാണ്. വസ്തുക്കളുടെ ഗുണനിലവാരം മോശമാകാതെ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. കാര്‍ഷികോല്‍പ്പന്നം സുരക്ഷിതമായ കാര്‍ഗോ കോംപ്ലക്‌സില്‍ എത്തിക്കുന്നതിനും കാര്‍ഗോ കോംപ്ലക്‌സില്‍ സൂക്ഷിക്കുന്നതും അതീവ ശ്രദ്ധയോടു കൂടിയായിരിക്കണം. ഇതിനായി പ്രത്യേക വാഹനവും കാര്‍ഗോ കോംപ്ലക്ലില്‍ ആധുനീക സംവിധാനത്തോടു കൂടിയ കോള്‍ഡ് സ്റ്റോറേജും ഒരുക്കും. വിമാനത്താവളം സെപ്റ്റംബറില്‍ യാഥാര്‍ഥ്യമാകുമ്പോഴേക്കം കാര്‍ഗോ കോംപ്ലക്‌സ് പൂര്‍ണമായ രീതിയില്‍ സജ്ജമാകില്ലെങ്കിലും ഇതിനായി താത്കാലിക സംവിധാനം ഒരുക്കും. ഗള്‍ഫ് മേഖലകളിലെ കയറ്റുമതിക്കൊപ്പം മറ്റു രാജ്യങ്ങളിലെ സാധ്യതയും ലക്ഷ്യമിടുന്നുണ്ട്. ഇതോടൊപ്പം ആവശ്യക്കാര്‍ക്ക് സ്വീകാര്യമായ രീതിയിലുള്ള ഗുണമേന്‍മയുള്ള ഉത്പന്നങ്ങളുണ്ടാക്കാന്‍ കര്‍ഷകരും ശ്രദ്ധിക്കണം. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഇന്നത്തെ ഏറ്റവും വലിയ യാത്രാ വിമാനം ഉള്‍പ്പെടെയുള്ളവ ഇറക്കാനുള്ള രീതിയിലാണ് നിര്‍മിക്കുന്നതെന്നും തുളസീദാസ് പറഞ്ഞു.

ചേംബര്‍ പ്രസിഡന്റ് ത്രിവിക്രമന്‍ അധ്യക്ഷത വഹിച്ചു. സണ്ണിജോസഫ് എംഎല്‍എ വിശിഷ്ടാഥിതിയായിരുന്നു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ മറിയം ജേക്കബ്, കൃഷി വിജ്ഞാന്‍ കേന്ദ്രം പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. പി.ജയരാജ് എന്നിവര്‍ ക്ലാസെടുത്തു. മുഹമ്മദ് അബു, സാദിഖ് ജാഫര്‍, കെ.നാരായണന്‍ കുട്ടി. കെ വിനോദ് നാരായണന്‍, സന്ദീപ്, സച്ചിന്‍ സൂര്യകാന്ത്, സി.സത്താര്‍ ഹാജി എന്നിവര്‍ സംസാരിച്ചു. പച്ചക്കറി വിപണനമേഖലയില്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയനായ ടി.വി. വിജയനെ ആദരിച്ചു. ജില്ലയിലെ പഞ്ചായത്തു തലങ്ങളില്‍ മികവ് തെളിയിച്ച കര്‍ഷകര്‍ക്കുള്ള ചേംബര്‍ അഗ്രി അവാര്‍ഡുകളും ചടങ്ങില്‍ സമ്മാനിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.