കുപ്രസിദ്ധ കുറ്റവാളിക്ക് ജാമ്യം; പോലീസിന്റെ ഒത്താശയോടെയെന്ന് ആരോപണം

Friday 6 July 2018 9:26 pm IST

 

കണ്ണൂര്‍: മുപ്പത്തൊമ്പതോളം കേസുകളില്‍ പ്രതിയായ കൊടും കുറ്റവാളി കോടതിയില്‍ നിന്ന് ജാമ്യമെടുത്തത് പോലീസിന്റെ ഒത്താശയോടെയെന്ന് ആരോപണം. പരിയാരം കോരന്‍പീടികയിലെ എം.വി.ലത്തീഫിനാണ് (37) പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍നിന്നും ജാമ്യം ലഭിച്ചത്. പരിയാരം എസ്‌ഐ കെ.എം.രാജന്‍ വധശ്രമക്കേസിലും വായാട് അബ്ദുള്‍ഖാദര്‍ വധക്കേസിലും പ്രധാനപ്രതിയാണ് ലത്തീഫ്. 2009 മുതലുള്ള വിവിധ കേസുകളില്‍ പ്രതിയായ ഇയാള്‍ ആറ് വാറണ്ടുകേസിലും ഒരു കൊലക്കേസിലും പ്രതിയാണ്. 

കഴിഞ്ഞ മാസം കോടതിയില്‍ ഇയാളുടെ കേസുകള്‍ പരിഗണിച്ചപ്പോള്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ജാമ്യക്കാര്‍ക്ക് പിഴവിധിക്കാന്‍ കോടതി തുനിഞ്ഞിരുന്നു. എന്നാല്‍ അന്ന് ഇയാളുടെ പേരിലുള്ള എല്ലാ കേസുകളും ജൂലൈ 5 ന് വെക്കണമെന്നും അന്ന് ലത്തീഫ് കോടതിയില്‍ ഹാജരാകുമെന്നും അറിയിച്ചിരുന്നു. കോടതിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു ഇത്. എന്നിട്ടും ഇന്നലെ കോടതിയില്‍ പോലീസ് ഇയാള്‍ ഹാജരായി ജാമ്യം നേടുന്നതുവരെ ഒരു നടപടിയും സ്വീകരിക്കാത്തതാണ് പോലീസിന്റെ ഒത്തുകളിമൂലമാണ് കുപ്രസിദ്ധ ക്രിമിനലിന് ജാമ്യം ലഭിച്ചത് എന്ന ആരോപണം ശക്തമാകാന്‍ കാരണം.

ജില്ലാ പോലീസ് സൂപ്രണ്ടിനെയും ഒരു എസ്‌ഐയെയും അടക്കം നിരവധിപേരെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് ജാമ്യം ലഭിച്ചത് പോലീസിന് പോലും നാണക്കേടായി മാറിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടും പാസ്‌പോര്‍ട്ട് കണ്ടുകെട്ടിയിട്ടും വിദേശത്തേക്ക് കടന്നു എന്നായിരുന്നു പോലീസ് വാദം. കഴിഞ്ഞ ദിവസം ഒരു കൊലക്കേസിലും അഞ്ച് വാറണ്ട് കേസിലുമാണ് പയ്യന്നൂര്‍ കോടതി ജാമ്യം നല്‍കിയത്. 

വായാട്ടെ അബ്ദുള്‍ ഖാദര്‍ കൊലക്കേസിനെ തുടര്‍ന്നാണ് ഇയാള്‍ നാടുവിട്ടത്. കഴിഞ്ഞ ഒരുവര്‍ഷത്തിലധികമായി ലത്തീഫിനെ പിടികൂടാന്‍ ജില്ലാ പോലീസ് ക്രൈം സ്‌ക്വാഡ് ശ്രമിക്കുന്നതിനിടയിലാണ് വ്യാഴാഴ്ച ഉച്ചയോടെ ഇയാള്‍ പയ്യന്നൂര്‍ കോടതിയില്‍ ഹാജരായി ജാമ്യം നേടിയത്. ഈ സമയം കോടതിയിലുണ്ടായിരുന്ന സര്‍ക്കാര്‍ അഭിഭാഷകന്‍ ജാമ്യ ഹരജിയില്‍ എതിര്‍പ്പ് പ്രകടിപ്പിക്കാത്തതും ദുരൂഹതക്ക് കാരണമായിട്ടുണ്ട്.

ഇയാളുടെ പേരിലുള്ള മുപ്പത്തൊമ്പത് കേസുകളില്‍ പതിനാലോളം കേസുകള്‍ പിന്നീട് ഒത്തുതീര്‍പ്പിലെത്തിയതാണ്. മുസ്ലീം ലീഗിന്റെ ക്രിമിനല്‍ സംഘത്തില്‍പ്പെട്ട പ്രമുഖനാണ് ലത്തീഫ്. പരിയാരം പോലീസ് സ്റ്റേഷനില്‍ പതിനാലുകേസുകള്‍ ഇയാളുടെ പേരിലുണ്ട്. 2017 ജനുവരി 25നാണ് വായാട്ടെ അബ്ദുള്‍ ഖാദറെ കൊലപ്പെടുത്തിയത്. ഈ കേസില്‍ അബ്ദുള്‍ ഖാദറുടെ ഭാര്യയും പ്രതിയാണ്. ലത്തീഫിനെയും ഖാദറിന്റെ ഭാര്യ ഷെറീഫയെയും പിടികിട്ടാപ്പുള്ളികളായി കാണിച്ചാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രം സമര്‍പ്പിച്ചാല്‍ പ്രതിക്ക് കോടതി ജാമ്യം നല്‍കാമെന്ന നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ചാണ് ഇയാള്‍ ജാമ്യം നേടിയത്. പോലീസിന്റെ നടപടി വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.