ഡിസംബറോടെ കേരളം പാലുല്‍പാദനത്തില്‍ സ്വയംപര്യാപ്തമാവും-മന്ത്രി കെ.രാജു തില്ലങ്കേരി ക്ഷീരഗ്രാമമായി പ്രഖ്യാപിച്ചു

Friday 6 July 2018 9:26 pm IST

 

കണ്ണൂര്‍: ഈ വര്‍ഷം ഡിസംബറോടെ കേരളം പാലുല്‍പാദനത്തില്‍ സ്വയംപര്യാപ്തമാവുമെന്ന് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. സംസ്ഥാന ക്ഷീരവികസന വകുപ്പ് 2018-19 വര്‍ഷം തില്ലങ്കേരി ഗ്രാമപഞ്ചായത്തില്‍ അനുവദിച്ച ക്ഷീരഗ്രാമത്തിന്റെയും 2017-18 വര്‍ഷം തില്ലങ്കേരി ക്ഷീരസംഘത്തില്‍ പണികഴിപ്പിച്ച ഹൈജീനിക് മില്‍ക്ക് കളക്ഷന്‍ റൂമിന്റെയും ഉദ്ഘാടനം തില്ലങ്കേരിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 

രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ ഫലമായി കേരളം പാലുല്‍പാദനത്തില്‍ 17 ശതമാനത്തിലധികം വര്‍ധനവുണ്ടാക്കി. 2017-18 വര്‍ഷം ഇന്ത്യയില്‍ പാലുല്‍പാദനക്ഷമതയില്‍ ഒന്നാം സ്ഥാനത്തെത്തിയതിനുള്ള പുരസ്‌കാരം കേരളം നേടിയതായി മന്ത്രി പറഞ്ഞു. പാലുല്‍പാദനത്തില്‍ വേണ്ടത്ര മുന്നോട്ടുപോവാത്ത ജില്ലയാണ് കണ്ണൂര്‍. പാലക്കാട് ജില്ലയാണ് സംസ്ഥാനത്ത് ഒന്നാമത്. ഇപ്പോള്‍ സംസ്ഥാനത്തിന് വേണ്ട പാലിന്റെ 85 ശതമാനം ഇവിടെത്തെന്നെ ഉല്‍പാദിപ്പിക്കാന്‍ കഴിഞ്ഞത് സംസ്ഥാന സര്‍ക്കാറിന്റെയും ക്ഷീരസംഘങ്ങളുടെയും വിവിധ പദ്ധതികളുടെ ഫലമായാണെന്നും മന്ത്രി പറഞ്ഞു.

ഡിസംബര്‍ മാസത്തോടുകൂടി കേരളത്തെ പാലുല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ബഹുമുഖ പദ്ധതികളിലൊന്നാണ് ക്ഷീരഗ്രാമം പദ്ധതി. തില്ലങ്കേരി ഗ്രാമത്തിന്റെ സാമൂഹിക സാമ്പത്തിക വികസനം ക്ഷീരമേഖലയിലൂടെ സാധ്യമാക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് അധ്യക്ഷത വഹിച്ചു. ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ എബ്രഹാം ടി.ജോസഫ് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യസ്ഥിരം സമിതി ചെയര്‍മാന്‍ വി.കെ.സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. തില്ലങ്കേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.സുഭാഷ് സ്വാഗതവും ഇരിട്ടി ക്ഷീരവികസന ഓഫീസര്‍ എം.വി. ജയന്‍ നന്ദിയും പറഞ്ഞു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.