പരിയാരം: ഫീസ് ഈടാക്കുന്നതിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭത്തിലേക്ക്

Friday 6 July 2018 9:27 pm IST

 

കണ്ണൂര്‍: സര്‍ക്കാര്‍ ഏറ്റെടുത്തതായി പ്രഖ്യാപിച്ച പരിയാരം മെഡിക്കല്‍ കോളജില്‍ ഏര്‍പ്പെടുത്തിയ ഉയര്‍ന്ന ഫീസുകള്‍ കുറക്കാത്തത് വിവാദമാകുന്നു. ഇതോടെ നീണ്ടകാലം രാഷ്ട്രീയ സംഘര്‍ഷങ്ങളുടെയും വിവാദങ്ങളുടെയും കേന്ദ്രമായിരുന്ന പരിയാരം മെഡിക്കല്‍ കോളജില്‍ വീണ്ടും സമര പ്രക്ഷോഭ പരിപാടികള്‍ തുടരുകയാണ്. പരിയാരം സഹകരണ മെഡിക്കല്‍ കോളേജും അതോടൊപ്പമുള്ള സഹകരണ ആശുപത്രി കോംപ്ലക്‌സും ഏറ്റെടുത്തുവെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിനു ശേഷവും വിദ്യാര്‍ഥികളില്‍ നിന്ന് സ്വാശ്രയ രീതിയിലുള്ള ഫീസ് വാങ്ങുന്നതിനെതിരെയാണ് പ്രതിഷേധം ശക്തമാവുന്നത്. സര്‍ക്കാര്‍ ഏറ്റെടുക്കുന്നതോടെ പരിയാരത്തെ മെഡിക്കല്‍ സീറ്റുകളില്‍ സര്‍ക്കാര്‍ ഫീസില്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാനാകുമെന്നതായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ തുടക്കം മുതല്‍ ഇത് അട്ടിമറിക്കുകയായിരുന്നു. ഇതോടെ പരിയാരം മെഡിക്കല്‍ കോളജില്‍ ഉയര്‍ന്ന ഫീസ് വാങ്ങി വിദ്യാര്‍ഥികളെ പ്രവേശിക്കുന്നതിനെതിരെ വിവിധ സംഘടനകള്‍ സമരങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. 

100 എംബിബിഎസ് സീറ്റുകളും 37 പിജി സീറ്റുകളുമാണ് പരിയാരത്തുള്ളത്. മാനേജ്‌മെന്റില്‍ വലിയ തലവരിപ്പണം ഈടാക്കിയാണ് പ്രവേശനം നടക്കുന്നതെന്നാണ് ആരോപണം. സ്ഥാപനം പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കി പാവപ്പെട്ട രോഗികള്‍ക്കും സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്കും ഉപകാരപ്പെടുത്താന്‍ ഇപ്പോഴും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും നീക്കങ്ങളുണ്ടായിട്ടില്ല. പ്രഖ്യാപനം രാഷ്ട്രീയ നേട്ടത്തിനായി മാത്രമുള്ളതാണ്. ഏറ്റെടുക്കുമ്പോള്‍ വലിയ ബാധ്യതയായിരുന്നു പരിയാരം മെഡിക്കല്‍ കോളജിനുണ്ടായിരുന്നത്. 266.47 കോടി രൂപയാണ് ഹഡ്‌കോയ്ക്ക് തിരിച്ചടയ്ക്കാന്‍ ഉണ്ടായിരുന്നത്. മന്ത്രിസഭാ തീരുമാനത്തെത്തുടര്‍ന്ന് ഹഡ്‌കോയുടെ ബാധ്യത പൂര്‍ണമായി സര്‍ക്കാര്‍ ഏറ്റെടുത്തു. ഗഡുക്കളായി വായ്പ തിരിച്ചടച്ചുകൊണ്ടിരിക്കുകയാണ്. 

കുടിശ്ശികയില്‍ ആദ്യഗഡുവായി 50 കോടി നല്‍കാനും ബാക്കി തവണകളായി തിരിച്ചടയ്ക്കാനുമാണ് ധാരണ. അതനുസരിച്ചുള്ള തിരിച്ചടവ് നടന്നുവരികയാണ്. പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കുന്നതോടെ വടക്കന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട വൈദ്യസഹായം ലഭിക്കുമെന്നും സര്‍ക്കാര്‍തലത്തില്‍ മെഡിക്കല്‍ കോളേജ് കൊണ്ടുവരുന്നതിനാണ് മെഡിക്കല്‍ കോളേജും അനുബന്ധസ്ഥാപനങ്ങളും ഏറ്റെടുക്കുന്നതെന്ന് ആരോഗ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഫീസ് ഇനത്തില്‍ വിദ്യാര്‍ഥികളോട് ഒരു വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നതാണ് പ്രതിഷേധത്തിനിടയാക്കിയത്. സര്‍ക്കാരിനു സംഭാവനയായി കിട്ടിയ ഭൂമിയില്‍ സര്‍ക്കാര്‍ സഹായത്തോടെ 24 വര്‍ഷം മുന്‍പു കെട്ടിപ്പടുത്ത സ്ഥാപനമാണ് ഉയര്‍ന്ന ചികിത്സതലവരി നിരക്കുകളുമായി ഇന്നും സ്വാശ്രയമേഖലയില്‍ തുടരുന്നത്. ഏറ്റെടുക്കല്‍ തീരുമാനം നിലനില്‍ക്കെ ചികില്‍സാ ഫീസുകള്‍ കൂട്ടിയ സ്ഥിതിയുമുണ്ടായിരുന്നു. 

ചികിത്സാ ഫീസുകളില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇവയൊന്നും ഇവിടെ നടപ്പിലായിട്ടില്ല. ജനങ്ങള്‍ ഏറെ പ്രതീക്ഷിച്ച സര്‍ക്കാര്‍ പ്രഖ്യാപനം ജലരേഖയായി മാറിയതോടെ രോഗികള്‍ കോഴിക്കോട്, മംഗലാപുരം ഭാഗങ്ങളില്‍ ചികിത്സ തേടുകയാണ്. ആവശ്യത്തിന് രോഗികളില്ലാത്തതിനാല്‍ കഴിഞ്ഞ വര്‍ഷംത്തെ പരിശോധനയില്‍ പരിയാരത്ത് എംബിബിഎസ് പ്രവേശനത്തിന് പോലും വിലക്കുണ്ടായിരുന്നു. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഇളവുകള്‍ ഇതില്‍നിന്നും രക്ഷനേടാനാണെന്നും ആരോപണമുണ്ട്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.