മട്ടന്നൂര്‍ ഗവ.ആശുപത്രി അപകടാവസ്ഥയില്‍

Friday 6 July 2018 9:28 pm IST

 

മട്ടന്നൂര്‍: മട്ടന്നൂര്‍ ഗവ.ആശുപത്രിയുടെ പഴയ കെട്ടിടം അപകടാവസ്ഥയില്‍. കഴിഞ്ഞ ദിവസം കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സീലിങ്ങ് അടര്‍ന്നുവീണെങ്കിലും രോഗികള്‍ ഭാഗ്യം കൊണ്ടാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. രോഗികളെ കിടത്തുന്ന വാര്‍ഡിനോട് ചേര്‍ന്നുള്ള ഡോക്ടര്‍മാരുടെ ഡ്യൂട്ടി റൂമിന് മുന്നിലുള്ള സീലിങ്ങാണ് അടര്‍ന്നുവീണത്. രോഗികള്‍ കടന്നുപോകുന്ന വരാന്തയിലേക്കായിരുന്നു വീണതെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല. 

ഈ സമയത്ത് അതുവഴി രോഗികള്‍ കടന്നുപോയിരുന്നുവെങ്കിലും ശബ്ദം കേട്ട് ഓടിരക്ഷപ്പെടുകയായിരുന്നു. നാല്‍പത് വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടം അതീവ ശോച്യാവസ്ഥയിലാണുള്ളത്. ചുമരുകള്‍ വിണ്ടുകീറുകയും സീലിങ്ങ് അടര്‍ന്നുവീഴുകയും ചെയ്യുന്നത് പതിവാണ്. കോടികള്‍ ചെലവിട്ട് മൂന്ന് നില കെട്ടിടം പുതുതായി നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും കിടത്തിച്ചികിത്സയും മറ്റും നടത്തുന്നത് പഴയ കെട്ടിടത്തിലാണ്. 

പഴയ കെട്ടിടം നവീകരിക്കുന്നതിനായി അറുപത്തിയഞ്ച് ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നുവെങ്കിലും അനുമതി ലഭിച്ചിട്ടില്ല. വിമാനത്താവളം സ്ഥിതിചെയ്യുന്ന നഗരത്തിലെ സര്‍ക്കാര്‍ ആശുപത്രി ശോചനീയാവസ്ഥയിലായതോടെ ജനങ്ങള്‍ ആശങ്കയിലാണുള്ളത്. ആരോഗ്യവകുപ്പ് മന്ത്രിയുടെ നാട്ടിലുള്ളതാണ് ഈ ആതുരാലയം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.