കര്‍ഷകരുടെ കണ്ണീരൊപ്പി കേന്ദ്രസര്‍ക്കാര്‍

Saturday 7 July 2018 3:48 am IST
മോദി സര്‍ക്കാര്‍ കര്‍ഷക വിരുദ്ധമാണെന്ന കുപ്രചാരണം പ്രതിപക്ഷപാര്‍ട്ടികള്‍ കൊണ്ടുപിടിച്ച് നടത്തുന്നതിനിടെയാണ് ചരിത്രപരമെന്ന് വിശേഷിപ്പിക്കാവുന്ന തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്.

രാജ്യത്തെ ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് വന്‍തോതില്‍ ഗുണം ലഭിക്കുന്ന  ഒരു തീരുമാനം നരേന്ദ്രമോദി സര്‍ക്കാരില്‍ നിന്ന് ഉണ്ടായിരിക്കുന്നു. നെല്ല് അടക്കമുള്ള പതിനാല് കാര്‍ഷിക വിളകളുടെ താങ്ങുവില കുത്തനെ കൂട്ടിയതാണിത്. ഇതുവഴി സാധാരണ നെല്ലിന്റെ വില ക്വിന്റലിന് 200 രൂപ വര്‍ധിച്ച് 1750 രൂപയും, എ ഗ്രേഡിന്റെ വില 160 രൂപ വര്‍ധിച്ച് 1750 രൂപയുമാകും. 

ഇതിനുമുന്‍പ് ഇവയ്ക്ക് വില യഥാക്രമം 1550- 1590 എന്നിങ്ങനെയായിരുന്നു എന്നതില്‍നിന്നുതന്നെ കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകരോടുള്ള താല്‍പര്യം പ്രകടമാണ്. ഈ നിരക്കിലാണ് ഇനി മുതല്‍ ഫുഡ്‌കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ കര്‍ഷകരില്‍ നിന്ന് നെല്ല് വാങ്ങുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതിലും വലിയൊരു സന്തോഷവാര്‍ത്ത കര്‍ഷകര്‍ക്ക് ലഭിക്കാനില്ല. അവര്‍ ഏറെക്കാലമായി  കേള്‍ക്കാന്‍ കൊതിച്ചിരുന്ന ഒരു വാര്‍ത്തയുമാണിത്.

മോദി സര്‍ക്കാര്‍ കര്‍ഷക വിരുദ്ധമാണെന്ന കുപ്രചാരണം പ്രതിപക്ഷപാര്‍ട്ടികള്‍ കൊണ്ടുപിടിച്ച് നടത്തുന്നതിനിടെയാണ് ചരിത്രപരമെന്ന് വിശേഷിപ്പിക്കാവുന്ന തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. ഈ സര്‍ക്കാര്‍ കര്‍ഷക വിരുദ്ധമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മഹാരാഷ്ട്രയിലും ഹരിയാനയിലും പഞ്ചാബിലും മദ്ധ്യപ്രദേശിലും മറ്റും കര്‍ഷകരുടെ പേരില്‍ ചില സ്‌പോണ്‍സേഡ് പ്രതിഷേധ പരിപാടികളും അരങ്ങേറുകയുണ്ടായി. ഇതിന് പിന്നിലെ ആത്മാര്‍ത്ഥതയില്ലായ്മയെ വിമര്‍ശിച്ചവരെ കര്‍ഷക വിരുദ്ധരെന്ന് മുദ്രകുത്താനും മറന്നില്ല. പത്ത് വര്‍ഷം തുടര്‍ച്ചയായി കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ്സ് കര്‍ഷകരെ കണ്ണീര് കുടിപ്പിക്കുകയായിരുന്നു. ഈ പാര്‍ട്ടിയാണ് കര്‍ഷകരുടെപേരില്‍ മുതലക്കണ്ണീരൊഴുക്കി മോദിസര്‍ക്കാരിനെ വിമര്‍ശിക്കുന്നത്. 

കാര്‍ഷിക വിളകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വലിയ തോതില്‍ താങ്ങുവില പ്രഖ്യാപിച്ച ദിവസവും പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ഷകരുടെ ശത്രുവാണെന്ന അസത്യപ്രസ്താവന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തുകയുണ്ടായി. 

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കുന്തോറും പ്രതിപക്ഷ നേതാക്കള്‍ക്ക് സമനില തെറ്റുകയാണ്. ബിജെപിയേയും മോദിയെയും പ്രതിരോധിക്കാന്‍ കഴിയാത്തതാണ് കാരണം. കാര്‍ഷിക വിളകളുടെ താങ്ങുവില പ്രഖ്യാപനത്തോടെ പ്രതിപക്ഷത്തിന്റെ നില ഒന്നുകൂടി പരുങ്ങലിലാവും. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കര്‍ഷകര്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിക്കുന്നവരല്ല ബിജെപിയും മോദിയും. കാര്‍ഷിക വിളകളുടെ താങ്ങുവില ഉത്പാദന ചെലവിന്റെ ഒന്നര ഇരട്ടിയാക്കി ഉയര്‍ത്തുമെന്ന്  ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രകടനപത്രികയില്‍ ബിജെപി ഉറപ്പ് നല്‍കിയിരുന്നു. ഏറ്റവും ഒടുവില്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റിലും ഇക്കാര്യം വ്യക്തമാക്കുകയുണ്ടായി. 

നെല്ലിനു പുറമെ പയര്‍, ചെറുപയര്‍, തുവര, ഉഴുന്ന്, നിലക്കടല, എള്ള്, പരുത്തി, സുര്യകാന്തി, ചോളം, ജീരകം, സോയാബീന്‍ എന്നീ ധാന്യവര്‍ഗ്ഗങ്ങളുടേയും താങ്ങുവില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇതുവഴി 15000 കോടിരൂപയുടെ അധിക ഭാരമാണ് ഖജനാവിന് വരുന്നത്. ഭക്ഷ്യ സബ്‌സിഡി ഇനത്തില്‍ 11,000 കോടി രൂപയുടെ വര്‍ദ്ധനവും വരും. എന്നിട്ടും കര്‍ഷകര്‍ക്ക് കൊടുത്ത വാഗ്ദാനം പാലിക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറായി എന്നത് വിമര്‍ശകരുടെ വായടപ്പിക്കുന്നതാണ്. 

വാഗ്ദാനങ്ങള്‍ മാത്രം നല്‍കി ഇടതു- വലതു മുന്നണികള്‍ നിരന്തരം വഞ്ചിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെ കര്‍ഷകര്‍ക്ക് മോദി സര്‍ക്കാരിന്റെ തീരുമാനം വലിയ ഗുണം ചെയ്യും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.