യൂണിവേഴ്‌സിറ്റി ഗ്രാന്റസ് കമ്മീഷന് പകരം ഹയര്‍ എഡ്യൂക്കേഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ

Saturday 7 July 2018 3:01 am IST
യുജിസിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കേണ്ടതും ഉന്നത വിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികളെയുംപ്രശ്‌നങ്ങളെയും പരിഹരിക്കേണ്ടതും അത്യാവശ്യമാണ്. ഈ പശ്ചാത്തലത്തിലാണ് മാനവവിഭവശേഷിമന്ത്രാലയം നിലവിലുളള യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍, യുജിസി ആക്ട് (1956) അസാധുവാക്കിക്കൊണ്ട് ഹയര്‍ എഡ്യുക്കേഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ, എച്ച്ഇസിഐ ആക്ട് 2018 എന്ന ബില്‍ ഈ മണ്‍സൂണ്‍ സമ്മേളനത്തില്‍ തന്നെ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്.

ഡോ. കെ. എന്‍. മധുസൂദനന്‍ പിള്ള ഭാരതത്തില്‍ ആധുനിക ഉന്നത വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത്് 1857-ല്‍ മദ്രാസ്, ബോംബെ, കല്‍ക്കത്ത സര്‍വ്വകലാശാലകള്‍ സ്ഥാപിച്ചതോടെയാണ്.  ബനാറസ,് അലിഗര്‍, ഭോപ്പാല്‍ എന്നീ മൂന്നു സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളുടെ മേല്‍നോട്ടം വഹിക്കുന്ന ഒരു സ്ഥാപനമെന്ന നിലയിലാണ് യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ 1945-ല്‍ നിലവില്‍ വന്നത്. പിന്നീട് 1947-ല്‍ ഭാരതത്തിലെ മുഴുവന്‍ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളുടെയും ഉന്നതാധികാരസ്ഥാപനമായി അത് മാറി. 

ഡോ.എസ്.രാധാകൃഷ്ണന്‍ കമ്മീഷന്‍ 1949 -ല്‍ സമര്‍പ്പിച്ച വിദ്യാഭ്യാസ റിപ്പോര്‍ട്ടിലാണ് ബ്രിട്ടണിലെ യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മറ്റിക്ക് സമാനമായ ഒരു ധനസഹായ ഏജന്‍സിയായി യുജിസി യെ നിര്‍ദ്ദേശിക്കുന്നത്. തുടര്‍ന്ന് യുജിസി ആക്ട് 1956-ല്‍ പാര്‍ലമെന്റ് പാസ്സാക്കി. ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കുക, പഠനഗവേഷണഭരണസംവിധാനങ്ങള്‍ക്ക് ധനസഹായം നല്‍കുക, അദ്ധ്യാപകനിയമനത്തിന് യോഗ്യത നിര്‍ണയിക്കുക, ഉന്നതവിദ്യാഭ്യാസരംഗത്തെ ദേശീയാടിസ്ഥാനത്തില്‍ ഏകോപിക്കുക എന്നിവയായിരുന്നു  യുജിസിയുടെ മുഖ്യമായ പ്രവര്‍ത്തനം. 

സ്വാതന്ത്ര്യാനന്തരഭാരതത്തില്‍ വിദ്യാഭ്യാസരംഗം പ്രത്യേകിച്ച് ഉന്നതവിദ്യാഭ്യാസരംഗം അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് നേടിയത്. സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ വെറും 20 സര്‍വ്വകലാശാലകളും അഞ്ഞൂറു കോളേജുകളും രണ്ടുലക്ഷം മാത്രം വിദ്യാര്‍ത്ഥികളും ഉണ്ടായിരുന്ന ഉന്നത വിദ്യാഭ്യാസം ഇന്ന് 850 സര്‍വ്വകലാശാലകളും (സര്‍വ്വകലാശാല സമാന ഇന്‍സ്റ്റിറ്റ്യൂട്ടുകളുള്‍പ്പെടെ) 40,000 കോളേജുകളും മൂന്നരകോടിയിലധികം വിദ്യാര്‍ത്ഥികളുമടങ്ങുന്ന ലോകത്തിലെ ഏറ്റവും ബൃഹത്തായ ഒരു വിദ്യാഭ്യാസ പദ്ധതിയായി മാറിയിരിക്കുന്നു. 

പക്ഷെ ഗുണനിലവാരത്തില്‍ ഉന്നതവിദ്യാഭ്യാസം, അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, വളരെ പിന്നിലാണ്. യൂണിവേഴ്‌സിറ്റികളുടെ ഗുണമേന്മാ നിര്‍ണ്ണയം നടത്തുന്ന ടൈംസ് ഹയര്‍ എഡ്യുക്കേഷന്‍, വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗ്, ക്യു.എസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗ് മുതലായ ഏജന്‍സികളുടെ റാങ്കിംഗ് പട്ടികയില്‍ ആദ്യത്തെ 200 റാങ്കിനുളളില്‍ വരുന്നത് ഇന്ത്യയില്‍ ഐഐഎസ്‌സി ബാംഗ്ലൂരും, ഐഐറ്റി ദല്‍ഹിയും മാത്രമാണ്. 

രാഷ്ട്രവികസനത്തിന് സംഭാവന നല്‍കുവാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുക, അന്താരാഷ്ട്രതല മത്സരങ്ങളില്‍ വിജയികളാകുവാന്‍ വിദ്യാര്‍ത്ഥികളെ യോഗ്യരാക്കുക, വിദ്യാര്‍ത്ഥികളില്‍ മൂല്യബോധം വളര്‍ത്തുക, നൂതനസാങ്കേതിക വിദ്യയുടെ സഹായത്തോടെ പഠന ഗവേഷണങ്ങള്‍ നടത്തുക, പ്രവര്‍ത്തനത്തില്‍ മികവും ഉല്‍ക്കൃഷ്ടതയും കൈവരിക്കുക ഇവയൊക്കെയാണ് ഉന്നതവിദ്യാഭ്യാസരംഗത്ത് ഗുണമേന്മ വര്‍ദ്ധിക്കുവാന്‍ പ്രഖ്യാപിച്ചിട്ടുളള കാതലായ മൂല്യങ്ങള്‍.

ജനസംഖ്യയുടെ മുപ്പത് ശതമാനം വരുന്ന യുവാക്കള്‍ ഉന്നതവിദ്യാഭ്യാസം നടത്തുവാനുളള പ്രായപരിധിയില്‍ വരുന്നവരാണ്. ഇവര്‍ക്ക് ഗുണനിലവാരമുളള, നൈപുണ്യം നേടാന്‍ സാധിക്കുന്ന തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ലഭിക്കേണ്ടത് ഒരു ജനതയുടെ സംതൃപ്തമായ ജീവിതത്തിനുമാത്രമല്ല രാഷ്ട്രപുരോഗതിക്കും ആവശ്യമാണ്.  ഉന്നതവിദ്യാഭ്യാസത്തെ നിയന്ത്രിക്കുന്ന പരമോന്നത സ്ഥാപനമെന്ന നിലയില്‍ ഈ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ നേടുന്നതിനും ഉന്നതവിദ്യാഭ്യാസരംഗത്തെ പ്രതിസന്ധികളെയും പ്രശ്‌നങ്ങളെയും പരിഹരിക്കുന്നതിനും, കാലോചിതമായ മാറ്റങ്ങള്‍ വരുത്തണമെന്ന ആവശ്യം കാലാകാലങ്ങളില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. 

അതിന്റെ ഭാഗമായിട്ടാണ് 1986-ല്‍ രാജീവ്ഗാന്ധി ദേശീയവിദ്യാഭ്യാസനയം പ്രഖ്യാപിച്ചതും 1992-ല്‍ പാര്‍ലമെന്റ് പ്രോഗ്രാം ഓഫ് ആക്ഷന്‍ അംഗീകരിക്കുകയും ചെയ്തത്. പിന്നീട് അടല്‍ ബിഹാരി വാജ്‌പേയ് പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ യുജിസി ഒരു ധനസഹായ ഏജന്‍സി എന്ന നിലയില്‍ മാത്രം പ്രവര്‍ത്തിക്കുകയാണെന്നും അതിന്റെ പ്രവര്‍ത്തനത്തില്‍ സമഗ്രമായ മാറ്റം വരുത്തണമെന്നും യുജിസിയുടെ, ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനപ്രസംഗത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. 2008-ല്‍ യശ്പാല്‍ കമ്മിറ്റി നിലവിലുളള യുജിസിയെയും മറ്റ് 15 ദേശീയ വിദ്യാഭ്യാസ കൗണ്‍സിലുകളെയും ഏകോപിപ്പിച്ച് ഒരൊറ്റ കുടക്കീഴില്‍ കൊണ്ടു വരുന്നതിന് നിര്‍ദ്ദേശിച്ചു. 

തുടര്‍ന്ന് അന്ന് മാനവവിഭവശേഷി മന്ത്രി കപില്‍ സിബില്‍ ഹയര്‍ എഡ്യുക്കേഷന്‍ ആന്റ് റിസേര്‍ച്ച് ബില്‍ 2011 എന്ന പേരില്‍ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷനുപകരം നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഹയര്‍ എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് എന്ന് ആക്കി മാറ്റുവാന്‍ ബില്ല് പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വച്ചു. പക്ഷെ കോണ്‍ഗ്രസ്സിനകത്തു തന്നെയുളള എതിര്‍പ്പുകാരണം ആ ബില്ല് അവതരിപ്പിക്കപ്പെടാതെ, നിര്‍ജ്ജീവമായിപ്പോയി.

യുജിസിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും ഉന്നത വിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികളെയും പ്രശ്‌നങ്ങളെയും പരിഹരിക്കേണ്ടതും അത്യാവശ്യമാണ്. ഈ പശ്ചാത്തലത്തിലാണ് മാനവവിഭവശേഷിമന്ത്രാലയം നിലവിലുളള യൂണിവേഴ്‌സിറ്റിഗ്രാന്റ്‌സ് കമ്മീഷന്‍-(യു.ജി.സി ആക്ട് 1956) അസാധുവാക്കിക്കൊണ്ട് ഹയര്‍ എഡ്യുക്കേഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ, എച്ച്.ഈ.സി.ഐ ആക്ട് 2018  എന്ന ബില്‍ ഈ മണ്‍സൂണ്‍ സമ്മേളനത്തില്‍ തന്നെ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്. 

മിനിമം ഗവണ്‍മെന്റ് മാക്‌സിമം ഗവര്‍ണന്‍സ്, ഇസ്‌പെക്ഷന്‍ രാജ് പാടില്ല, നേരിട്ടുളള ധനസഹായവിതരണം നിര്‍ത്തുക, ഗുണനിലവാരം ഉറപ്പാക്കുക, കാര്യനിര്‍വഹണാധികാരം ഉപയോഗിക്കുക എന്നീ അഞ്ച് അടിസ്ഥാന പ്രമാണങ്ങളിലാണ് യുജിസിയെ ഹയര്‍ എഡ്യുക്കേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ആയി പുനര്‍ നിര്‍ണയിച്ചിരിക്കുന്നു. 

ബില്ലില്‍ പ്രസ്താവിച്ചിട്ടുളള 

നിര്‍ദ്ദേശങ്ങള്‍

ഹയര്‍ എഡ്യുക്കേഷന്‍ സ്ഥാപനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നത് കേന്ദ്രസര്‍ക്കാരായിരിക്കും. അക്കാദമിക നിലവാരം ഉയര്‍ത്തുവാനും ഗുണമേന്മ ഉറപ്പുവരുത്തുവാനും എല്ലാ കോഴ്‌സുകളുടെയും പ്രോഗ്രാമുകളുടെയും ഫലസിദ്ധി ഹയര്‍ എഡ്യുക്കേഷന്‍ കമ്മീഷന്‍ നേരത്തെ നിശ്ചയിച്ചു പ്രഖ്യാപിക്കുക. അവ നടപ്പിലാക്കേണ്ടത് ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നിയമപരമായ ബാധ്യതയാക്കുക. പഠനഗവേഷണത്തിന്  അന്താരാഷ്ട്ര നിലവാരം ഉറപ്പു വരുത്തുവാന്‍ വ്യക്തമായ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുക. ഗുണമേന്മയും കാര്യക്ഷമതയും കുറഞ്ഞ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ പരിരക്ഷ നല്‍കി ഉയര്‍ന്ന നിലവാരത്തിലെത്തിക്കുക. 

എല്ലാവിധ അക്കാദമിക പ്രവര്‍ത്തനങ്ങളുടെയും വ്യവസ്ഥകള്‍ നിശ്ചയിക്കുക, അവ പാലിക്കുന്നവര്‍ക്ക് മാത്രം അംഗീകാരം നല്‍കുക, വ്യവസ്ഥകള്‍ പാലിക്കാതെ തുടര്‍ച്ചയായി വീഴ്ചവരുത്തുന്ന സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദുചെയ്യുക, പഠനം, പഠിപ്പിക്കല്‍, ഗവേഷണം ഈ പ്രവര്‍ത്തനങ്ങളില്‍ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിനും അത് നിലനിര്‍ത്തുന്നതിനും ആവശ്യമായ പുതിയ പ്രവര്‍ത്തനങ്ങളെയും സംരംഭങ്ങളെയും കണ്ടെത്തി ഒരു പട്ടിക തയ്യാറാക്കി മറ്റുസ്ഥാപനങ്ങളെക്കൊണ്ടും നടപ്പിലാക്കാന്‍ പ്രേരണനല്‍ക്കുക. മുതലായവ കമ്മിഷന്റെ ഉത്തരവാദിത്വമാണ്.

വ്യവസ്ഥകള്‍ പാലിക്കാതെ നടത്തുന്ന പ്രോഗ്രാമുകളും വിഷയങ്ങളും റദ്ദാക്കാനും അക്കാദമികപ്രവര്‍ത്തികള്‍ നിര്‍ത്തലാക്കിന്നതിനുമുളള അധികാരം. മാത്രമല്ല അക്കാദമികപ്രവര്‍ത്തനങ്ങള്‍ക്ക് ബോധപൂര്‍വ്വമായി വീഴ്ച വരുത്തുന്നതിനെതിരെ  മൂന്നുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുവാനും ബില്ലില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു. കമ്മീഷന്‍ വ്യവസ്ഥകള്‍ നടപ്പിലാക്കുവാനും, ഉന്നത വിദ്യാഭ്യാസരംഗത്ത് സംയോജിതമായ പ്രവര്‍ത്തനത്തിനും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും പുതിയ നിര്‍ദ്ദേശങ്ങള്‍ കൊടുക്കുവാനും കമ്മീഷന്‍ ഒരു ഉപദേശകസമിതിയെ രൂപീകരിക്കും. 

സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസമന്ത്രിമാരും ഹയര്‍ എഡ്യുക്കേഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്മാര്‍ മെമ്പര്‍മാരുമായ ഉപദേശകസമിതിയുടെ അദ്ധ്യക്ഷന്‍ മാനവവിഭവശേഷി മന്ത്രിയായിരിക്കും. 

ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഫീസ് നിശ്ചയിക്കുന്നതിനുളള മാനദണ്ഡങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് ചെലവുകുറഞ്ഞ ഉന്നതവിദ്യാഭ്യാസം ലഭിക്കുന്നതിന് സഹായകമായ നിലപാടുകള്‍ സ്വീകരിക്കുവാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദ്ദേശിക്കും. ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളെക്കുറിച്ചും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെക്കുറിച്ചും, ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും നിലനിര്‍ത്തുന്നതിനുമായ പദ്ധതികളെക്കുറിച്ചും, ബൗദ്ധിക രംഗത്തെ പുത്തന്‍ സാങ്കേതികവിദ്യകളെക്കുറിച്ചും നൂതനാശയങ്ങളെക്കുറിച്ചും ദേശീയമായ ഒരു കാഴ്ചപ്പാടോടെ ഒരു സമഗ്ര വിവരശേഖരം കമ്മിഷന്‍ സൃഷ്ടിക്കും. 

ക്യാബിനറ്റ് സെക്രട്ടറി, ചെയര്‍മാനും ഹയര്‍ എഡ്യുക്കേഷന്‍ സെക്രട്ടറിയും മറ്റ് മൂന്നു വിദ്യാഭ്യാസ വിദഗ്ധന്മാരുള്‍പ്പെടെയുളള ഒരു സേര്‍ച്ച് കം സെലക്ഷന്‍ കമ്മിറ്റി സമര്‍പ്പിക്കുന്ന പാനലില്‍ നിന്നാണ് ചെയര്‍മാന്‍, വൈസ്‌ചെയര്‍മാന്‍, കമ്മീഷന്‍ അംഗങ്ങള്‍ ഇവരെ സെന്‍ട്രല്‍ ഗവണ്‍മെന്റ് നിയമിക്കുന്നത്.  

ചെയര്‍മാന്‍, വൈസ്‌ചെയര്‍മാന്‍, ഹയര്‍ എഡ്യുക്കേഷന്‍, സ്‌കില്‍ ഡവലപ്പ്‌മെന്റ്, സയന്‍സ് ആന്റ് ടെക്‌നോളജി വിഭാഗങ്ങളിലെ മൂന്നു സെക്രട്ടറിമാര്‍, എഐസിറ്റിഇ, എന്‍സിറ്റിഇ, ചെയര്‍മാന്മാര്‍, അക്കാദമിക് മികവുളള നിലവിലെ രണ്ട് വൈസ്ചാന്‍സിലര്‍മാര്‍, പ്രഗദ്ഭരായ രണ്ട് പ്രൊഫസര്‍മാര്‍, ഒരു വ്യവസായപ്രമുഖന്‍ എന്നിവരടങ്ങുന്ന പന്ത്രണ്ടംഗ ഭരണസമിതിയായിരിക്കും ഹയര്‍ എഡ്യുക്കേഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയുടേത്.

കമ്മീഷന്റെ ഘടനയെക്കുറിച്ചും, സംഘടനാസംവിധാനത്തെക്കുറിച്ചും പ്രവര്‍ത്തനപരിപാടികളെക്കുറിച്ചും അധികാരത്തെക്കുറിച്ചും പ്രതിപാദിച്ചുകൊണ്ട് ഈ മണ്‍സൂണ്‍ സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട കരടുബില്ല് മാനവവിഭവശേഷി മന്ത്രാലയത്തിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. ജൂലൈ ഏഴാം തീയതി അഞ്ചുമണിവരെ ബില്ലിനെക്കുറിച്ച് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ആര്‍ക്കും നല്‍കാവുന്നതാണ് എന്ന നോട്ടിഫിക്കേഷന്‍ ബില്ലിന്മേല്‍ ജനകീയ അഭിപ്രായരൂപീകരണത്തിനുള്ള അവസരം നല്‍കുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.