രാജ്യ സുരക്ഷയെ ബാധിക്കാത്തവിധം വിസ ഇമിഗ്രേഷന്‍ ചട്ടങ്ങള്‍ ലഘൂകരിക്കും: രാജ്‌നാഥ് സിങ്

Saturday 7 July 2018 7:51 am IST

കൊച്ചി: രാജ്യസുരക്ഷയെ ബാധിക്കാത്തവിധം വിദേശികള്‍ക്കായി വിസ ഇമിഗ്രേഷന്‍ ചട്ടങ്ങള്‍ ലഘൂകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര  മന്ത്രി രാജ്‌നാഥ് സിങ്. കൊച്ചിയില്‍ എമിഗ്രേഷന്‍ വിസ ഫോറിനേഴ്‌സ് രജിസ്‌ട്രേഷന്‍ ആന്‍ഡ് ട്രാക്കിംഗ് (ഐവിഎഫ്ആര്‍ടി) പാര്‍ലമെന്ററി കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചട്ടങ്ങള്‍ ലഘൂകരിക്കുമ്പോഴും സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല. ഇ വിസ സ്‌കീം വിപുലമാക്കും. 2015ല്‍ 5.17 ലക്ഷം ഇ വിസയാണ് നല്‍കിയിരുന്നത്. 2017 ആയപ്പോഴേക്കും ഇത് 19.01 ലക്ഷമായി ഉയര്‍ന്നു. ഇ-കോണ്‍ഫറന്‍സ്, ഇ മെഡിക്കല്‍ അറ്റന്‍ഡന്റ്‌സ് എന്നിവ കൂടി ഉള്‍പ്പെടുത്തി ഇത് വിപുലമാക്കും. ഇമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലാക്കാനായി എല്ലാ പ്രധാന വിമാനത്താവളങ്ങളിലും പ്രത്യേക കൗണ്ടറുകളുടെ എണ്ണവും കൂട്ടിക്കൊണ്ടിരിക്കുകയാണ്. 

ഇ വിസ സംവിധാനം നിലവില്‍ 44 രാജ്യങ്ങളിലായിരുന്നു. ഇത് 165 രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചു. ഇവിസ നല്‍കുന്നതിനായി രാജ്യത്തെ 25 വിമാനത്താവളങ്ങളിലും അഞ്ച് തുറമുഖങ്ങളിലും സംവിധാനമൊരുക്കിയിട്ടുണ്ട്. കൂടുതല്‍ രാജ്യങ്ങളിലേക്ക് ഇ സംവിധാനം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 എറണാകുളം ഗസ്റ്റ് ഹൗസില്‍ വൈകിട്ട് മൂന്നു മുതലായിരുന്നു യോഗം. ആഭ്യന്തര സഹമന്ത്രി ഹന്‍സ് രാജ് ഗംഗാറാം ആഹിര്‍, എംപിമാരായ ഭഗീരഥ് പ്രസാദ്, ഗീത കോതപ്പള്ളി, ഹരിശ്ചന്ദ്ര ഡി. ചവാന്‍, ഡോ. തോക്‌ചോം മെയിന്യ, ഡോ. കെ. കേശവറാവു, റാണീ നാരഹ്, എസ്. മുത്തുക്കറുപ്പന്‍, ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ, ആഭ്യന്തരവകുപ്പിലെ മറ്റ് ഉയര്‍ന്ന ഉദേ്യാഗസ്ഥര്‍, ജില്ലാ കളക്ടര്‍  മുഹമ്മദ് വൈ. സഫീറുള്ള, സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശ്, ഐജി വിജയ് സാഖറേ എന്നിവരും പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.