ഭക്ഷ്യവസ്തുക്കളിലെ വിഷം പരിശോധനാ സൗകര്യങ്ങള്‍ വൈകുന്നു

Saturday 7 July 2018 8:15 am IST

ആലപ്പുഴ: മത്സ്യത്തില്‍ ഫോര്‍മാലിനും അമോണിയയും. കോഴിയിറച്ചിയില്‍ ആന്റിബയോട്ടിക്. കറിപൗഡറിലും പഴങ്ങളിലും കീടനാശിനി. മാധ്യമങ്ങളില്‍ ദിവസങ്ങളോളം നീണ്ടു നിന്ന വാര്‍ത്തകള്‍ അവസാനിച്ചതോടെ പരിശോധനകളും നിലച്ചു. പല ജില്ലകളിലും ഭക്ഷ്യവസ്തുക്കളില്‍ പരിശോധനകള്‍ നടത്തുന്നതിനുള്ള സൗകര്യങ്ങള്‍  പോലുമില്ല. 

കുറഞ്ഞ ചെലവില്‍ മീനിലെ രാസവസ്തുക്കള്‍ കണ്ടെത്താന്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി തയ്യാറാക്കിയ സിഫ്ട് സ്ട്രിപ്പ് കിറ്റുകള്‍ ഏറ്റവും കൂടുതല്‍ ഭക്ഷ്യസംസ്‌ക്കരണ ശാലകളും, കടല്‍ത്തീരവും ഉള്ള ആലപ്പുഴ ജില്ലയില്‍ ഇതുവരെ എത്തിയിട്ടില്ല. അധികൃതരെ വിളിച്ച് ചോദിക്കുമ്പോള്‍ ഉടന്‍ എത്തുമെന്ന മറുപടിയാണ് ലഭിക്കുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. 

അടുത്ത ആഴ്ച സ്ട്രിപ്പ് കിറ്റുകള്‍ എത്തിക്കുമെന്നാണ് ഒടുവില്‍ ലഭിച്ച മറുപടി. ഭക്ഷ്യസുരക്ഷാ വകുപ്പ് രണ്ടാഴ്ച മുമ്പ് ജില്ലയില്‍ നടത്തിയ പരിശോധനയില്‍ കറിപൗഡറില്‍ കീടനാശിനി ചേര്‍ത്തിട്ടുണ്ടെന്ന് പ്രാഥമിക പരീക്ഷണത്തില്‍ കണ്ടെത്തിയിരുന്നു. അത് സ്ഥിരീകരിക്കാന്‍ മൈസൂറിലെ കേന്ദ്ര ലാബിലേക്ക് സാമ്പിളുകള്‍ അയച്ചിരുന്നു. പക്ഷേ ഫലം ഇതുവരെ ലഭിച്ചിട്ടില്ല. ഫലം എത്തുമ്പോള്‍ വേറെ ബ്രാന്‍ഡില്‍ ഈ കറിപൗഡര്‍ വിപണിയില്‍ എത്തും. 

ഭക്ഷണത്തിലെ  മായം പരിശോധിക്കാന്‍ സംസ്ഥാനത്ത് മൂന്ന് റീജിയണല്‍ അനലറ്റിക്കല്‍ ലാബുകളാണുള്ളത്. കൂടാതെ പത്തനംതിട്ടയില്‍ ഫുഡ് ടെസ്റ്റിങ് ലാബുമുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ സ്ഥലങ്ങളില്‍ നിന്നും എത്തിക്കുന്ന ഭക്ഷണ സാമ്പിളുകള്‍ യഥാസമയം പരിശോധിച്ച് ഫലം നല്‍കാന്‍ ഇവിടങ്ങളില്‍ പലപ്പോഴും കഴിയാറില്ല. ആകെയുള്ള മൂന്ന് മൊബൈല്‍ ലാബുകളുടെ പ്രവര്‍ത്തനവും കാര്യക്ഷമമല്ല.

തട്ടുകടകളില്‍ മതിയായ പരിശോധന നടക്കുന്നില്ലെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ തന്നെ വെളിപ്പെടുത്തുന്നു. ആള്‍ശേഷിയും, വാഹനം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയുമാണ് പ്രധാന കാരണം. തെരുവോരങ്ങളിലെ തട്ടുകടകളില്‍ കാന്‍സര്‍ ഉള്‍പ്പെടെ നിരവധി രോഗങ്ങള്‍ക്കു കാരണമാകുന്ന ഫുഡ് കളറുകളും രുചികൂട്ടാന്‍ അജിനോമോട്ടോയും ചേര്‍ക്കുന്നു.

പൊരികള്‍ക്കായി ഉപയോഗിക്കുന്ന എണ്ണയാണെങ്കില്‍ ആഴ്ചകളോളം പഴക്കമുള്ളതാണ്. തുറസ്സായ സ്ഥലങ്ങളില്‍ വില്‍പ്പന നടത്തുന്നതുമൂലം അന്തരീക്ഷത്തിലെ മാലിന്യങ്ങളും ആഹാര പദാര്‍ഥങ്ങളില്‍ കലരുന്നു. ചെറുകിട സംരംഭക ലൈസന്‍സ്സില്ലാതെയാണ് മിക്കതും പ്രവര്‍ത്തിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.