പോപ്പുലര്‍ ഫ്രണ്ട് ഭീകരത; പേരുകള്‍ പലത് മനുഷ്യാവകാശം മറ

Saturday 7 July 2018 7:06 am IST

ന്യൂദല്‍ഹി: തീവ്രവാദ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിന് (പിഎഫ്‌ഐ) പത്തോളം പോഷക സംഘടനകളും പതിനഞ്ചിലേറെ നിഴല്‍ സംഘടനകളും. 

ഭീകര സംഘടനയെന്ന് സമൂഹം തിരിച്ചറിഞ്ഞതിനാലാണ് പ്രച്ഛന്നവേദികള്‍ രൂപീകരിച്ചത്. തീവ്ര ഇടതു സംഘടനകളുടെ നേതാക്കളും ഇത്തരം വേദികളുടെ ഭാരവാഹികളാണ്. വിദേശ പണമുപയോഗിച്ച് മാവോയിസ്റ്റ് സംഘങ്ങളെ വിലയ്‌ക്കെടുത്ത് 'റെഡ് ജിഹാദാ'ണ് (ഇടത്-മുസ്ലിം തീവ്രവാദം) പിഎഫ്‌ഐയുടെ നേതൃത്വത്തില്‍  നടത്തുന്നത്. ഇടതു സഹയാത്രികരെയും നിഷ്പക്ഷരെന്ന് തോന്നിപ്പിക്കുന്ന ഇതര മതസ്ഥരെയും മുന്നില്‍ നിര്‍ത്തി മനുഷ്യാവകാശത്തിന്റെ മറവിലാണ് രാജ്യത്തിനെതിരായ പ്രത്യക്ഷ യുദ്ധം. 

രാഷ്ട്രീയ പാര്‍ട്ടിയായ എസ്ഡിപിഐ, വിദ്യാര്‍ഥി വിഭാഗമായ ക്യാമ്പസ് ഫ്രണ്ട്, കുട്ടികള്‍ക്കുള്ള ജൂനിയര്‍ ഫ്രണ്ട്, തൊഴിലാളി വിഭാഗമായ സോഷ്യല്‍ ഡെമോക്രാറ്റിക് ട്രേഡ് യൂണിയന്‍, പ്രവാസി സംഘടനയായ ഇന്ത്യ ഫ്രട്ടേര്‍ണിറ്റി ഫോറം തുടങ്ങിയവയാണ് വിവിധ മേഖലകളില്‍ തീവ്രവാദം വളര്‍ത്താനുള്ള പിഎഫ്‌ഐയുടെ ഉപസംഘടനകള്‍. ഇവ സ്വതന്ത്ര സംഘടനകളാണെന്നാണ് പിഎഫ്‌ഐ അവകാശപ്പെടാറ്. 

ബിജെപി വിരുദ്ധ പാര്‍ട്ടികള്‍ക്ക് തരാതരം വോട്ട് മറിച്ച് സമ്മര്‍ദശക്തിയായി തങ്ങളുടെ ആവശ്യം നേടിയെടുക്കുകയാണ് എസ്ഡിപിഐയുടെ രീതി. 2016ല്‍ 89 സീറ്റില്‍ മാത്രമാണ് എസ്ഡിപിഐ മത്സരിച്ചത്. പൂഞ്ഞാറില്‍ പി.സി. ജോര്‍ജിന് വേണ്ടി പരസ്യമായി പ്രവര്‍ത്തിച്ച പാര്‍ട്ടി ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിക്ക് വേണ്ടി വീട് കയറിയിറങ്ങി വോട്ട് ചോദിച്ചു. 

മനുഷ്യാവകാശം, നിയമസഹായം തുടങ്ങിയ വിഷയങ്ങളിലൂന്നിയാണ് നിഴല്‍ സംഘടനകളുടെ പ്രവര്‍ത്തനം. ദേശീയ മനുഷ്യാവകാശ ഏകോപന സമിതി (എന്‍സിഎച്ച്ആര്‍ഒ)യാണ് ഇതില്‍ ഏറ്റവും പ്രധാനം. കൈവെട്ട് കേസ് പ്രതികള്‍ മുതല്‍ പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതിന് അറസ്റ്റിലായ 'അര്‍ബന്‍ മാവോയിസ്റ്റുകള്‍' വരെയുള്ളവരുടെ മനുഷ്യാവകാശമാണ് സംഘടനയുടെ ലക്ഷ്യം. 

പിഎഫ്‌ഐയുടെ 'മാസ്റ്റര്‍ ബ്രെയിന്‍' ആയ മുന്‍ സിമി നേതാവ് പ്രൊഫ.പി. കോയ ജനറല്‍ സെക്രട്ടറിയും എസ്ഡിപിഐ നേതാവ് അഡ്വ.കെ.പി. മുഹമ്മദ് ഷെരീഫ് വൈസ് പ്രസിഡന്റുമാണ്. മാവോയിസ്റ്റ് കേസിലെ പ്രതികളായ ജെയ്‌സണ്‍ സി. കൂപ്പര്‍, തുഷാര്‍ നിര്‍മല്‍ സാരഥി തുടങ്ങിയവരും ഇതില്‍ പ്രവര്‍ത്തിക്കുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.