കശ്മീരില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചേക്കും

Saturday 7 July 2018 9:11 am IST

ന്യൂദല്‍ഹി: സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ജമ്മു കശ്മീരില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്താന്‍ വഴി തുറക്കുന്നു. മെഹബൂബ മുഫ്തിക്കെതിരെ കലാപക്കൊടി ഉയര്‍ത്തിയ വിമത എംഎല്‍എമാരുടെ പിന്തുണയോടെ ബിജെപി മുഖ്യമന്ത്രി സംസ്ഥാനത്ത് അധികാരത്തിലെത്താനാണ് സാധ്യത. അമര്‍നാഥ് തീര്‍ഥാടനം പൂര്‍ത്തിയായതിന് ശേഷം ബിജെപി സര്‍ക്കാര്‍ ജമ്മു കശ്മീരില്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ്  സൂചന.

പാര്‍ട്ടിയിലെയും സര്‍ക്കാരിലെയും സ്ഥാനമാനങ്ങള്‍ സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും മാത്രമായി വീതംവച്ചു നല്‍കിയ മെഹബൂബയുടെ നടപടിക്കെതിരെ വലിയ കലാപമാണ് പിഡിപിയില്‍. പന്ത്രണ്ടോളം എംഎല്‍എമാര്‍ മെഹബൂബയ്‌ക്കെതിരെ രംഗത്തുണ്ട്. മുന്‍മന്ത്രിയും ഷിയാ നേതാവുമായ ഇമ്രാന്‍ അന്‍സാരിയും സഹോദരനും എംഎല്‍എയുമായ ആബിദ് അന്‍സാരിയുമാണ് വിമത നീക്കത്തിന് നേതൃത്വം നല്‍കുന്നത്. 

പിഡിപി വിമതര്‍ക്ക് പുറമേ സ്വതന്ത്ര എംഎല്‍എമാരെയും കൂടെക്കൂട്ടിയാല്‍ ഭൂരിപക്ഷം ലഭിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. ജൂണ്‍ 19നാണ് മൂന്നുവര്‍ഷം നീണ്ട ബിജെപി-പിഡിപി സഖ്യസര്‍ക്കാര്‍ വേര്‍പിരിഞ്ഞത്. ബിജെപി പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് മെഹ്ബൂബ മുഫ്തി മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുകയായിരുന്നു. രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചതോടെ ഗവര്‍ണര്‍ എന്‍.എന്‍. വോറയ്ക്കാണ് ഭരണചുമതല. 

പിഡിപിയിലെ വിമത പ്രശ്‌നങ്ങള്‍ സസൂക്ഷ്മം വീക്ഷിക്കുകയാണെന്നും സര്‍ക്കാര്‍ രൂപീകരണ സാധ്യത തെളിയുകയാണെങ്കില്‍ അക്കാര്യം പരിഗണിക്കുമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അശോക് കൗള്‍ പറഞ്ഞു. ഉടന്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നതിനോട് പിഡിപിയിലെ ബഹുഭൂരിപക്ഷം എംഎല്‍എമാര്‍ക്കും വിയോജിപ്പാണ്. ആറു വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കാന്‍ ബിജെപിയെ പിന്തുണച്ച് പുതിയ സര്‍ക്കാര്‍ രൂപീകരിക്കുകയാണ് നല്ലതെന്ന ചിന്തയാണ് പിഡിപിയിലെ ബഹുഭൂരിപക്ഷം എംഎല്‍എമാര്‍ക്കുമെന്ന് നാഷണലിസ്റ്റ് ഡമോക്രാറ്റിക് പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ ഗുലാം ഹസന്‍ മിര്‍ പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.